കഴിഞ്ഞ ദിവസത്തെ സിനഡ് പത്രസമ്മേളനതിൽനിന്ന് കഴിഞ്ഞ ദിവസത്തെ സിനഡ് പത്രസമ്മേളനതിൽനിന്ന് 

ആഗോള, പ്രാദേശിക സഭകൾ, വനിതാപ്രാധാന്യം, പ്രകൃതിയുടെ സുരക്ഷ, അംഗപരിമിതികളുള്ളവർ: സിനഡ് ചർച്ചകളിലൂടെ

മെത്രാന്മാരുടെ സിനഡിന്റെ പതിനൊന്നാം ദിനത്തിൽ ആഗോള, പ്രാദേശിക സഭകൾ, വനിതാപ്രാധാന്യം, പ്രകൃതിയുടെ സുരക്ഷ, അംഗപരിമിതികളുള്ളവരുള്ളവർക്ക് നൽകേണ്ട ശ്രദ്ധ തുടങ്ങിയ വിഷയങ്ങൾ ചർച്ചചെയ്യപ്പെട്ടു. ഇതേദിവസം നടന്ന പത്രസമ്മേളനത്തിൽ വത്തിക്കാൻ മാധ്യമപ്രവർത്തനങ്ങൾക്കായുള്ള ഡികാസ്റ്ററി അദ്ധ്യക്ഷനും സിനഡിന്റെ വിനിമയകാര്യങ്ങൾക്കായുള്ള പ്രസിഡന്റുമായ ഡോ. പൗളോ റുഫീനി, സെക്രട്ടറി ഡോ. ഷെയ്‌ല പിരെസ്, ബ്രസീലിലെ മനാവൂസ് അതിരൂപതാദ്ധ്യക്ഷൻ കർദ്ദിനാൾ സ്റ്റൈനർ, സി. നിർമ്മല അലക്സ് മരിയ തുടങ്ങിയവർ പങ്കെടുത്തു.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

ആഗോള കുടിയേറ്റങ്ങളുടെ ഇക്കാലത്തും സഭ പ്രാദേശികമായ സംസ്കാരങ്ങൾക്കും, മതാന്തരബന്ധങ്ങൾക്കും പ്രാധാന്യം കൊടുക്കേണ്ടതുണ്ടെന്ന് മെത്രാന്മാരുടെ സിനഡ്. സിനഡിന്റെ പ്രവർത്തനങ്ങൾക്കായുള്ള മാർഗ്ഗനിർദേശികയിലെ "സ്ഥലങ്ങൾ" എന്ന വിഷയവുമായി ബന്ധപ്പെട്ട ചർച്ചകളെക്കുറിച്ച് പരാമർശിക്കവെ കർദ്ദിനാൾ ഹോള്ളെറിഹ് ഇതുസംബന്ധിച്ച് സംസാരിച്ചിരുന്നു. ചർച്ചകളെക്കുറിച്ച് വിശദീകരിച്ച ഡോ. ഷെയ്‌ല പിരെസ്, കുടിയേറ്റം എന്ന യാഥാർത്ഥ്യത്തെ ഉൾക്കൊണ്ടുകൊണ്ടുള്ള ചലനാത്മകമായ പശ്ചാത്തലത്തിൽ സഭയുടെ സുവിശേഷവത്കരണനിയോഗത്തെക്കുറിച്ചുള്ള വിചിന്തനം എന്ന വിഷയത്തെ ആധാരമാക്കിനടന്ന ചർച്ചകളെക്കുറിച്ച് പരാമർശിച്ചു. ആഗോളതലത്തിലുള്ള സഭയെക്കുറിച്ചുള്ള വിചിന്തനങ്ങൾ പ്രധാനപ്പെട്ടതായിരിക്കുമ്പോൾത്തന്നെ, സഭ ഒരു പ്രദേശത്തും സംസ്കരത്തും വേരുറപ്പിച്ചതാണെന്ന കാര്യം മറന്ന് നമുക്ക് സംസാരിക്കാനാകില്ലെന്ന് കർദ്ദിനാൾ ഹോള്ളെറിഹ് ഓർമ്മിപ്പിച്ചിരുന്നു.

സിനഡ് പകരം വയ്ക്കാനില്ലാത്ത ഒരു അനുഭവമാണ് നൽകുന്നതെന്നും, ആഗോളതലത്തിൽ സഭാപ്രതിനിധികളുമായി സംവദിക്കാനുള്ള ഒരു അവസരമാണ് ഒരുക്കുന്നതെന്നും പറഞ്ഞ, കാർമൽ അപ്പസ്തോലിക കോൺഗ്രിഗേഷൻ സുപ്പീരിയർ ജെനെറൽ,  ഇന്ത്യക്കാരികൂടിയായ സി. നിർമ്മല, ഇവിടെ നടന്ന ചർച്ചകളുടെ അടിസ്ഥാനത്തിൽ, പ്രാദേശികസഭകളിൽ കൂടുതൽ ശക്തമായ പ്രവർത്തനങ്ങൾ നടത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഓർമ്മിപ്പിച്ചു. സിനഡ് പ്രത്യാശയാണ് ഏവർക്കും പകരുന്നതെന്നും, സിനാദാത്മകപ്രവർത്തനങ്ങളുടെ കൂടി അടിസ്ഥാനത്തിൽ നമ്മുടെ സുവിശേഷപ്രഘോഷണചുമതലയിൽനിന്നും ഇനി നമുക്ക് പിന്നോക്കം പോകാനാകില്ലെന്നും സിസ്റ്റർ നിർമ്മല കൂട്ടിച്ചേർത്തു.

വനിതാഡീക്കന്മാർ എന്ന സാധ്യതയെക്കുറിച്ച് സംസാരിക്കവെ, ബ്രസീലിലെ മനാവൂസ് അതിരൂപതാദ്ധ്യക്ഷൻ കർദ്ദിനാൾ സ്റ്റൈനർ, ഇപ്പോൾത്തന്നെ തങ്ങളുടെ രാജ്യത്ത് പ്രായോഗികമായി സ്ത്രീകൾ, സ്ഥിരം ഡീക്കന്മാരോടൊപ്പം സുവിശേഷപ്രഘോഷണവും മറ്റു സേവനങ്ങളും ചെയ്‌തുവരുന്നുണ്ടെന്ന് പ്രസ്താവിച്ചു. അതുകൊണ്ടുതന്നെ സിനഡാലിറ്റി എന്ന ആശയത്തെക്കുറിച്ച് ഇപ്പോൾ വത്തിക്കാനിൽ നടക്കുന്ന ചർച്ചകൾ തങ്ങൾക്ക് കൂടുതൽ വ്യക്തമായി മനസിലാക്കാൻ സാധിക്കുന്നുണ്ടെന്ന് പറഞ്ഞു.

ബ്രസീലിലെ തൊണ്ണൂറായിരം ചതുരശ്രകിലോമീറ്ററുകളുള്ള മനാവൂസ് അതിരൂപതയിൽ, പുരോഹിതരുടെ അഭാവത്തിലും കഴിഞ്ഞ നൂറ് വർഷങ്ങളിൽ ഏറെ പ്രധാനപ്പെട്ട സുവിശേഷപ്രഘോഷണവും സേവനവും ചെയ്യുന്നതിൽ സ്ത്രീകൾ ഏറെ പ്രധാനപ്പെട്ട പങ്കുവഹിച്ചിരുന്നുവെന്ന് കർദ്ദിനാൾ സ്റ്റൈനർ പ്രസ്താവിച്ചു. സ്ത്രീകളുടെ സേവനമില്ലെങ്കിൽ തങ്ങളുടെ സഭയ്ക്ക് ഇന്നായിരിക്കുന്ന നിലയിലേക്കെത്താൻ കഴിയില്ലായിരുന്നുവെന്നും, ഡീക്കന്മാർ ചെയ്യുന്ന സേവനങ്ങളിൽ പലതും വനിതകൾ ഇപ്പോൾ വിദൂരഗ്രാമങ്ങളിൽ ചെയ്യുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

ബ്രസീലിൽ, പ്രത്യേകിച്ച് ആമസോൺ പ്രദേശങ്ങളിലെ പ്രകൃതിയുമായി ബന്ധപ്പെട്ട പ്രതിസന്ധികളും സിനഡിൽ ചർച്ച ചെയ്യപ്പെട്ടു. രാജ്യത്ത് പലയിടങ്ങളിലും വരൾച്ച മൂലം നദികൾ സഞ്ചാരയോഗ്യമല്ലെന്നും, അതുകൊണ്ടുതന്നെ പല സമൂഹങ്ങളും ഒറ്റപ്പെട്ടിട്ടുണ്ടെന്നും കർദ്ദിനാൾ സ്റ്റൈനർ അറിയിച്ചിരുന്നു. അനിയന്ത്രിത മത്സ്യബന്ധനം, മെർക്കുറിയുടെ ഉപയോഗം മൂലമുള്ള മലിനീകരണം തുടങ്ങിയവ, ആമസോൺ പ്രദേശത്തെ ജലപ്രതിസന്ധിയുടെ കാരണമാകുന്നുണ്ടന്ന് അദ്ദേഹം വ്യക്തമാക്കി.

സിനഡ് ആഗോളസഭയെ പ്രതിനിധാനം ചെയ്യുന്നത്, ഇവിടെ നടക്കുന്ന ചർച്ചകളിൽ വ്യക്തമാണെന്ന് ഇറ്റലിയിലെ ടൂറിൻ അതിരൂപതാദ്ധ്യക്ഷനും, കഴിഞ്ഞ ദിവസം കർദ്ദിനാളായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്യപ്പെട്ട അഭിവന്ദ്യ റോബെർത്തോ റെപോളെ പ്രസ്താവിച്ചു.

അംഗപരിമിതികളുള്ള ആളുകളുമായി ബന്ധപ്പെട്ട ചിന്തകൾ ചില സിനഡിന്റെ മൈനർ സർക്കിളുകളിലെ ചർച്ചകളിൽ വിഷയമായെന്നും, ഇത് ഏവരും പ്രധാനപ്പെട്ട ഒന്നായി കരുതുന്ന വിഷയമാണെന്നും ഡോ. പൗളോ റുഫീനി പത്രപ്രവർത്തകരുടെ ചോദ്യത്തിന് ഉത്തരമായി പറഞ്ഞു. പൊതുസമ്മേളനത്തിൽ ഇത് ചർച്ച ചെയ്യപ്പെട്ടില്ലെങ്കിലും, അവഗണിക്കപ്പെട്ടവരും അപ്രധാനരുമായി കരുതപ്പെടുന്ന ആളുകളെക്കുറിച്ച് ചർച്ച ചെയ്യുമ്പോൾ അംഗപരിമിതികളുള്ള ആളുകളെക്കുറിച്ചുകൂടി തങ്ങൾ ചർച്ച ചെയ്യുന്നുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

16 October 2024, 17:49