ഒക്ടോബർ 18-ലെ സിനഡ് പത്രസമ്മേളനത്തിൽനിന്ന് ഒക്ടോബർ 18-ലെ സിനഡ് പത്രസമ്മേളനത്തിൽനിന്ന് 

ആഗോള-പ്രാദേശികസഭകൾ തമ്മിലുള്ള ബന്ധം വിശകലനം ചെയ്‌ത്‌ സിനഡ്

പൗരസ്ത്യസഭകൾ ഉൾപ്പെടുന്ന പ്രാദേശികസഭകളും, ആഗോളസഭയുമായുള്ള ബന്ധത്തിന്റെ പ്രാധാന്യവും, പൗരസ്ത്യസഭകളുടെ തനതായ്മ കാത്തുസൂക്ഷിക്കേണ്ടതിന്റെ ആവശ്യവും ചർച്ച ചെയ്‌ത്‌ മെത്രാന്മാരുടെ സിനഡ്. സ്ത്രീകൾക്കും യുവജനങ്ങൾക്കും സഭാപ്രവർത്തനങ്ങളിൽ പ്രാധാന്യം നൽകണം. നീതിയും സമാധാനവും വളർത്തിയെടുക്കുന്നതിന് സഭയ്ക്ക് വലിയ സംഭാവനകൾ നൽകാനാകും. സിനഡിന്റെ പതിനാലാം ദിവസമായ ഒക്ടോബർ പതിനെട്ടാം തീയതി നടന്ന പത്രസമ്മേളനത്തിലാണ് സിനഡ് ചർച്ചകൾ സംബന്ധിച്ച വിവരങ്ങൾ പങ്കുവയ്ക്കപ്പെട്ടത്.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

പൗരസ്ത്യസഭകൾ ഉൾപ്പെടെ പ്രാദേശികസഭകളും, ആഗോളസഭയുമായുള്ള ബന്ധത്തിന്റെ പ്രാധാന്യവും, പൗരസ്ത്യസഭകളുടെ തനതായ്മ കാത്തുസൂക്ഷിക്കേണ്ടതിന്റെ ആവശ്യവും ചർച്ച ചെയ്‌ത്‌ വത്തിക്കാനിൽ നടന്നുവരുന്ന മെത്രാന്‍മാരുടെ സിനഡ്. പൗരസ്ത്യസഭകളുടെ അതിജീവനം മാത്രമല്ല, അവയുടെ വളർച്ചയും ഉറപ്പാക്കണമെന്ന് മെത്രാന്മാരുടെ. ആഗോള-പ്രാദേശികസഭകൾ തമ്മിൽ നിലനിൽക്കേണ്ട നല്ല ബന്ധത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പരാമർശിക്കവെ സിനഡിൽ ചിലർ ആവശ്യപ്പെട്ടുവെന്ന് സിനഡ് പ്രവർത്തനങ്ങൾ സംബന്ധിച്ച് വത്തിക്കാനിൽ നടന്ന പത്രസമ്മേളനത്തിൽ, സിനഡിന്റെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള പത്രസമ്മളനത്തിൽ വത്തിക്കാൻ വാർത്താവിനിമയകാര്യങ്ങൾക്കായുള്ള ഡികാസ്റ്ററി അധ്യക്ഷനും, സിനഡിന്റെ വാർത്താവിനിമയകമ്മീഷൻ പ്രസിഡന്റുമായ ഡോ. പൗളോ റുഫീനി അറിയിച്ചു. ഓരോ പ്രാദേശികസഭകളുടെയും പ്രത്യേകതകൾ കാത്തുസൂക്ഷിക്കപ്പെടേണ്ടവയാണെന്നും, അവ ആഗോളസഭയ്‌ക്കെതിരെയുള്ള ഒരു ഭീഷണിയായല്ല, സമ്മാനമായി കണക്കാക്കപ്പെടണമെന്നും സിനഡ് അഭിപ്രായപ്പെട്ടുവെന്നും, പൗരസ്ത്യ വ്യക്തിഗതസഭകൾക്കുനേരെ ലത്തീൻസഭയിൽനിന്ന് അനീതിപരമായ രീതിയിലുള്ള പ്രവർത്തനങ്ങൾ ഉണ്ടായിട്ടുണ്ടെന്നും ചില സിനാംഗങ്ങൾ അഭിപ്രായപ്പെട്ടുവെന്നും അദ്ദേഹം അറിയിച്ചു. ലത്തീൻ സഭയ്ക്ക് ഭൂരിപക്ഷമുള്ള കുടിയേറ്റമേഖലകളിലും പൗരസ്ത്യസഭകളുടെ തനതായ്മ കാത്തുസൂക്ഷിക്കപ്പെടേണ്ടതാണെന്ന് അഭിപ്രായമുയർന്നുവെന്നും അദ്ദേഹം വിശദീകരിച്ചു.

റോമിലെയും മറ്റു പ്രാദേശികസഭകളിലെയും സഭാപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ചർച്ചകളിൽ, അധികാരവികേന്ദ്രീകരണം സംബന്ധിച്ച ചിന്തകൾ ഉയർന്നുവന്നുവെന്ന് ഡോ. റുഫീനി വ്യക്തമാക്കി. വിവിധ സഹോദരീസഭകൾ ഒരേ ദിവസം പെസഹാ ആചരിക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകളും സിനഡിൽ ഇടം പിടിച്ചുവെന്നും അദ്ദേഹം അറിയിച്ചു.

സിനഡാത്മകത സഭയെ തളർത്തുന്ന ഒന്നല്ലെന്ന ചിന്ത വിവിധ ചർച്ചകളിൽ ഉയർന്നുവന്നുവെന്ന് സിനഡിന്റെ വാർത്താവിനിമയകമ്മീഷൻ സെക്രെട്ടറി ഷൈല പീരെസ് അറിയിച്ചു. സഹനങ്ങളിലൂടെ കടന്നുപോകുന്ന സഭംഗങ്ങളുടെ സ്വരം കൂടുതലായി ശ്രദ്ധിക്കേണ്ടതിന്റെ പ്രാധാന്യവും ചർച്ച ചെയ്യപ്പെട്ടു. വിശ്വാസത്തിന്റെ പോരാട്ടം തുടർന്നുകൊണ്ടുപോകേണ്ടതിന് അല്മായരുമായി ഒരുമിച്ച് പ്രവർത്തിക്കേണ്ടതിന്റെ ആവശ്യം എടുത്തുപറയപ്പെട്ടുവെന്ന് വാർത്താവിനിമയകമ്മീഷൻ സെക്രെട്ടറി കൂട്ടിച്ചേർത്തു.

ഡിജിറ്റൽ മേഖലയിലും അജപാലനസേവനം ഉറപ്പാക്കേണ്ടതന്റെ ആവശ്യകത, സ്ത്രീകളെയും യുവജനങ്ങളെയും സഭാപ്രവർത്തനങ്ങളിൽ ഉൾപ്പെടുത്തേണ്ടതിന്റെ ആവശ്യം എന്നിവയും സിനഡ് ചർച്ചകളിൽ സ്ഥാനം പിടിച്ചുവെന്ന് ഡോ. റുഫീനി അറിയിച്ചു.

മെഡിറ്ററേനിയൻ പ്രദേശങ്ങളിലെ പ്രശ്നങ്ങളിൽ, പ്രത്യേകിച്ച്, യുദ്ധങ്ങൾ, അഴിമതി, കുടിയേറ്റം, തുടങ്ങിയവയുമായി ബന്ധപ്പെട്ട് സഭയ്ക്ക് എടുക്കാൻ സാധിക്കേണ്ട നിലപാടുകളെക്കുറിച്ചും പ്രവർത്തനങ്ങളെക്കുറിച്ചും ഫ്രാൻ‌സിൽ നിന്നുള്ള കർദ്ദിനാൾ ഷാൻ-മാർക്ക് അവെലീൻ സംസാരിച്ചു. നീതിക്കും സമാധാനത്തിനുമായുള്ള ശ്രമങ്ങളിൽ സഭയ്ക്ക് പ്രധാനപ്പെട്ട സംഭാവനകൾ നല്കാനാകുമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

19 October 2024, 17:28