വിവിധ വിഷയങ്ങളിന്മേൽ ചർച്ചകൾ നടത്തി സിനഡു സമ്മേളനം
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
സമാധാനം, ക്ഷമ, സഭയിൽ സ്ത്രീകളുടെ പങ്ക്, പ്രായോഗിക ഗണങ്ങളുടെ രീതിശാസ്ത്രം എന്നീ വിഷയങ്ങളാണ് ഒക്ടോബർ മൂന്നാം തീയതി നടന്ന പതിനാറാമത് മെത്രാൻ സിനഡിന്റെ രണ്ടാം സമ്മേളനദിനത്തിൽ ചർച്ച ചെയ്യപ്പെട്ടത്. സിനഡിൽ ചർച്ചചെയ്യപ്പെട്ട പ്രധാനപ്പെട്ട കാര്യങ്ങൾ മാധ്യമപ്രവർത്തകരെ അറിയിച്ചുകൊണ്ട്, അതേദിവസം പ്രത്യേക വാർത്താസമ്മേളനവും നടത്തപ്പെട്ടു. സിനഡ് പ്രതിനിധികൾ, ബന്ധപ്പെട്ട വിഷയങ്ങളിന്മേൽ പത്രപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകി. രണ്ടാം സമ്മേളനത്തിന്റെ ആദ്യദിനമായ ഒക്ടോബർ മൂന്നാം തീയതി നടത്തിയ ചർച്ചകളിൽ 365 സിനഡ് അംഗങ്ങളിൽ 356 പേരാണ് ഹാജരായത്. പ്രായോഗിക നിർദേശങ്ങളിലെ (instrumentum laboris ) ആദ്യ അധ്യായത്തിൽ നിന്നുമുള്ള കാര്യങ്ങളാണ് വിവിധ ഗണങ്ങളായി പിരിഞ്ഞുകൊണ്ട് ചർച്ചകൾ നടത്തിയത്. സിനഡ് അംഗങ്ങൾ ചർച്ചകളുടെ അവസരത്തിൽ, പ്രാർത്ഥനയുടെയും, ആത്മീയതയുടെയും അരൂപിയിലാണ് തങ്ങളുടെ പങ്കാളിത്തം അറിയിച്ചതെന്ന്, സിനഡിന്റെ മാധ്യമവിഭാഗം മേധാവിയും, വത്തിക്കാൻ വാർത്താവിനിമയ ഡിക്കസ്റ്ററിയുടെ പ്രീഫെക്റ്റുമായ ഡോ. പൗളോ റുഫിനി പറഞ്ഞു. ലോകത്തിൽ ഇന്നത്തെ പ്രത്യേക സാഹചര്യം സിനഡ് അംഗങ്ങൾ എല്ലാവരും ഉൾക്കൊള്ളുന്നതായും, അതിനാൽ സമാധാനത്തിനായുള്ള പ്രത്യേകമായ പ്രാർത്ഥനകൾ സിനഡിന്റെ വിവിധ അവസരങ്ങളിൽ നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സിനഡ് ഒരു പാർലമെന്റ് സമ്മേളനമല്ലെന്നും, മറിച്ച് അത് മറ്റുള്ളവരെ ശ്രവിക്കുന്നതിനും, കൂട്ടായ്മ വളർത്തുന്നതിനുമുള്ള ഇടമാണെന്നും സിനഡിന്റെ പ്രത്യേക സെക്രട്ടറി ഫാ. ജാക്കോമോ കോസ്ത പറഞ്ഞു. ഇത് ഫ്രാൻസിസ് പാപ്പാ വിവിധ അവസരങ്ങളിൽ ആവർത്തിച്ചുന്നയിച്ച ഒന്നാണെന്നും അദ്ദേഹം ഓർമിപ്പിച്ചു. സിനഡ് അംഗങ്ങൾക്കിടയിൽ അവർ വീണ്ടും കണ്ടുമുട്ടുന്നതിലുള്ള സന്തോഷം ഏറെ പ്രകടമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2023 നടന്ന ആദ്യ സമ്മേളനത്തിൽ നിന്നും വ്യത്യസ്തമായി ഈ സമ്മേനത്തിൽ കൂടുതൽ പ്രായോഗികമായ മാർഗനിർദേശങ്ങൾ സ്വീകരിക്കുവാൻ പരിശുദ്ധ പിതാവിനെ സഹായിക്കുകയെന്നതാണെന്നും ഫാ. കോസ്ത പറഞ്ഞു. എന്നാൽ അടഞ്ഞുകിടക്കുന്ന വാതിലുകളല്ല, മറിച്ച് വിശാലമായി തുറന്നുകിടക്കുന്ന വാതായനങ്ങളാണ് സിനഡിന്റെ പ്രത്യേകതയെന്നും അദ്ദേഹം വിശദീകരിച്ചു.
"പാപം ചെയ്യുന്ന സഹോദരൻ അപരിചിതനല്ല, മറിച്ച് നാമെല്ലാവരും ഉൾപ്പെട്ടിരിക്കുന്ന പരിവർത്തനത്തിൻ്റെ പാത നടപ്പിലാക്കാൻ ഞാൻ വഹിക്കേണ്ടുന്ന ഒരാളാണ്". ഇതാണ് വത്തിക്കാൻ ചത്വരത്തിൽ സിനഡിനു മുന്നോടിയായി നടത്തിയ അനുരഞ്ജനശുശ്രൂഷയുടെ പ്രാധാന്യമെന്ന് മറ്റൊരു പ്രത്യേക സെക്രട്ടറിയായ മോൺസിഞ്ഞോർ റിക്കാർദോ ബത്തോച്ചിയോ പറഞ്ഞു. തുടർന്ന് സിനഡിൽ പങ്കുവഹിക്കുന്ന ദൈവശാസ്ത്രജ്ഞരുടെ പ്രാധാന്യവും അദ്ദേഹം എടുത്തു പറഞ്ഞു. സംവാദത്തിൽ നിന്ന് ഉയർന്നുവരുന്ന കാര്യങ്ങൾ ദൈവശാസ്ത്രപരമായ വിവേചന ബുദ്ധി ഉപയോഗിച്ചുകൊണ്ട് ശ്രവിക്കുന്നതിനു അവരുടെ സാന്നിധ്യം ഏറെ പങ്കുവഹിക്കുന്നുവെന്നും മോൺസിഞ്ഞോർ കൂട്ടിച്ചേർത്തു. സഭയിൽ സ്ത്രീകളുടെ പങ്കിനെക്കുറിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ, വിവിധ രാജ്യങ്ങളിൽ സ്ത്രീകൾക്ക് സഭ നൽകുന്ന വലിയ പങ്കിനെ സിസ്റ്റർ പാലൻസിയ ഗോമസ്, വിവിധ ഉദാഹരണങ്ങൾ എടുത്തു പറഞ്ഞു കൊണ്ട് വിശദീകരിച്ചു. എന്നാൽ സ്ത്രീകളുടെ ഡീക്കൻ പട്ടത്തെ കുറിച്ചുള്ള ചോദ്യത്തിന്, അതിനുള്ള സമയം ഇനിയും ആയിട്ടില്ലായെന്നും, സ്ത്രീകൾക്ക് സഭയിൽ പങ്കുവഹിക്കുന്നതിനുള്ള വിവിധ മാർഗങ്ങൾ ചർച്ചകളിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും സിസ്റ്റർ വിശദീകരിച്ചു.
കഴിഞ്ഞ വർഷത്തെ ഒന്നാം സമ്മേളനത്തിനുശേഷം, നിരവധി കാര്യങ്ങളിൽ സഭയ്ക്ക് കൂടുതൽ വ്യക്തത വന്നിട്ടുണ്ടെന്നും, ഇത് നിശബ്ദമായ പ്രാർത്ഥനകളുടെ ഫലമാണെന്നും ടെക്‌സാസിലെ മെത്രാൻ മോൺസിഞ്ഞോർ ഏർണസ്റ്റ് ഫ്ലോറസും പറഞ്ഞു. ലോകത്തിൽ ക്രിസ്തുവിൻറെ മുഖം കാണാൻ പ്രാദേശിക സഭകൾ നൽകുന്ന സാക്ഷ്യങ്ങളുടെ പ്രാധാന്യവും അദ്ദേഹം എടുത്തു പറഞ്ഞു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: