വലയെറിയുന്നു വലയെറിയുന്നു  (AFP or licensors)

സാങ്കേതികപുരോഗതി, സന്തുലിതാവസ്ഥ സൃഷ്ടിക്കുന്നതാകണം, കർദ്ദിനാൾ ചേർണി!

നവമ്പർ 21-ന് ലോക മത്സ്യബന്ധന ദിനം ആചരിക്കപ്പെടുന്നു. അതിനോടനുബന്ധിച്ച് ചൊവ്വാഴ്ച (12/11/24) സമഗ്രമാനവവികസനത്തിനായുള്ള വത്തിക്കാൻ വിഭാഗത്തിൻറെ മേധാവി കർദ്ദിനാൾ മൈക്കിൾ ചേർണി ഒരു സന്ദേശം പുറപ്പെടുവിച്ചു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

അക്രമോത്സുകവും ഭിന്നിപ്പിക്കുന്നതുമായ ഒരു സാമ്പത്തിക മാതൃക നമ്മുടെ പൊതുഭവനത്തിനേല്പിച്ചിരിക്കുന്ന മുറിവുകൾ മത്സ്യബന്ധനം ജീവനോപാധിയാക്കിയിരിക്കുന്ന ദശലക്ഷക്കണക്കിനാളുകളുടെ ജീവിതത്തെയും ഭാവിയെയും പ്രത്യക്ഷമായി ബാധിക്കുന്നുവെന്ന് സമഗ്രമാനവവികസനത്തിനായുള്ള വത്തിക്കാൻ വിഭാഗത്തിൻറെ മേധാവി കർദ്ദിനാൾ മൈക്കിൾ ചേർണി.

നവമ്പർ 21-ന് ആചരിക്കപ്പെടുന്ന ലോക മത്സ്യബന്ധന ദിനത്തോടനുബന്ധിച്ച് ചൊവ്വാഴ്ച (12/11/24) പുറപ്പെടുവിച്ച സന്ദേശത്തിലാണ് അദ്ദേഹം ഇതു പറഞ്ഞിരിക്കുന്നത്.

ഉൽപ്പത്തിപ്പുസ്തകം ഒന്നാം അദ്ധ്യായത്തിലെ ഇരുപതാമത്തെതായ “ജലം ജീവജാലങ്ങളെ പുറപ്പെടുവിക്കട്ടെ”  എന്ന വാക്യം ആധാരമാക്കിയുള്ളതാണ് ഈ സന്ദേശം. മനുഷ്യർക്കനുഭവപ്പെടുന്ന അസ്ഥിരതയുടെയും അസ്വസ്ഥതയുടെയും പ്രതീകമാണ് ജലം പലപ്പോഴും വിശുദ്ധ ഗ്രന്ഥത്തിൽ എന്ന് പറയുന്ന കർദ്ദിനാൾ ചേർണി ഈ മത്സ്യബന്ധന ദിനാചരണമാകട്ടെ സഹോദരി ജലവും സമഗ്രമാനവവികസനവുമായുള്ള ബന്ധത്തെക്കുറിച്ച് ആഴത്തിൽ പഠിക്കാനുള്ള സവിശേഷാവസരമാണെന്ന് വിശദീകരിക്കുന്നു.

മനുഷ്യരാശിയുടെ ഏറ്റവും പഴക്കമുള്ള തൊഴിലുകളിൽ ഒന്നായ മത്സ്യബന്ധനത്തിന് നമ്മുടെ ഗ്രഹത്തിൻറെ വലിയൊരു ഭാഗത്ത് അഗാധമായ മാറ്റം സംഭവിച്ചിരിക്കുന്നുവെന്ന് കടിഞ്ഞാണില്ലാത്തതും പരിസ്ഥിതി സൗഹൃദമല്ലാത്തതുമായ ആധുനികവത്കരണത്തെക്കുറിച്ചു സൂചിപ്പിച്ചുകൊണ്ട് അദ്ദേഹം ആശങ്ക പ്രകടിപ്പിക്കുന്നു. മാനവാദ്ധ്വാനവും പ്രകൃതിയും തമ്മിലുള്ള നൂറ്റാണ്ടുകൾ പഴക്കമുള്ള സന്തുലിതാവസ്ഥ ചൂഷണവും ലാഭവും ലക്ഷ്യവച്ചുകൊണ്ടുള്ള സാങ്കേതിക വിദ്യകൾ വഴി തകിടം മറിഞ്ഞുവെന്നും കർദ്ദിനാൾ ചേർണി പറയുന്നു.

നിസ്സംഗതയുടെ ആഗോളവൽക്കരണത്തിന് ബദലായി സമാഗമ സംസ്കാരത്തെയും സാമൂഹികവും രാഷ്ട്രീയവുമായ മാനമായി സാഹോദര്യത്തെയും വീണ്ടും കണ്ടെത്താൻ ഈ ചരിത്ര നിമിഷത്തിൽ വിളിക്കപ്പെടുന്ന മനുഷ്യരാശിയുടെ സന്തോഷങ്ങളിലും പ്രതീക്ഷകളിലും മാത്രമല്ല, ദുഃഖത്തിലും ഉത്കണ്ഠകളിലും സഭ പങ്കുചേരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

12 November 2024, 18:08