കർദിനാൾ പിയെത്രോ പരോളിൻ കർദിനാൾ പിയെത്രോ പരോളിൻ  

ആഗോളപ്രശ്നങ്ങൾക്ക് പരിഹാരം സംഭാഷണം: കർദിനാൾ പരോളിൻ

ചൈനയിലെ ഏറ്റവും വലിയ മിഷനറിമാരിൽ ഒരാളായ. മത്തേയോ റിച്ചിയുടെ പ്രേഷിതപ്രവർത്തനങ്ങളെ ആസ്പദമാക്കി, റോമിലെ ഗ്രിഗോറിയൻ സർവ്വകലാശാലയിൽ സംഘടിപ്പിച്ച പഠന ശിബിരത്തിൽ വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയെത്രോ പരോളിൻ പങ്കെടുത്തു.

സാൽവത്തോരെ ചേർന്നൂത്സിയോ, ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

മിംഗ് രാജവംശത്തിൻ്റെ കാലത്ത് സുവിശേഷ പ്രവർത്തനത്തിന് ശക്തമായ പ്രചോദനം നൽകി, ചൈനയിലെ ഏറ്റവും വലിയ മിഷനറിമാരിൽ ഒരാളായി അംഗീകരിക്കപ്പെട്ട ഇറ്റാലിയൻ ഈശോസഭാവൈദികനും, ഗണിതശാസ്ത്രജ്ഞനുമായ മത്തേയോ റിച്ചിയുടെ മഹത്തായ വ്യക്തിത്വത്തിന് സമർപ്പിച്ച "സൗഹൃദത്തിൻ്റെയും സംഭാഷണത്തിൻ്റെയും സമാധാനത്തിൻ്റെയും പാരമ്പര്യം" എന്ന പരിപാടിയിൽ വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയെത്രോ പരോളിൻ പങ്കെടുത്തു സംസാരിച്ചു. റോമിലെ ഗ്രിഗോറിയൻ സർവ്വകലാശാലയുടെ നേതൃത്വത്തിലാണ് പഠന ശിബിരം സംഘടിപ്പിച്ചത്.  മത്തേയോ റിച്ചിയുടെ പ്രവർത്തനങ്ങൾ, വർഷങ്ങളായി പരിശുദ്ധ സിംഹാസനം ചൈന സർക്കാരുമായി  നടത്തുന്ന  സമ്പർക്കത്തിൻ്റെ പാതയെ അനുകൂലിക്കുകയും തുടരുകയും ചെയ്യുന്നുവെന്നു കർദിനാൾ പറഞ്ഞു.

ആഗോള പ്രശ്നങ്ങളെക്കുറിച്ചു പ്രതിപാദിച്ച അവസരത്തിൽ, ഇന്നത്തെ വലിയ ആഗോള പ്രശ്‌നങ്ങൾ പൊതു സമീപനത്തോടെ നമ്മൾ ഐക്യപ്പെട്ടാൽ മാത്രമേ പരിഹരിക്കാനാകൂ എന്നും, അല്ലാത്തപക്ഷം പരിഹാരങ്ങൾ നൽകുന്നതിനുപകരം അവ വഷളാക്കാനുള്ള അപകടസാധ്യതയുണ്ടെന്നും കർദിനാൾ പറഞ്ഞു. രാഷ്ട്രീയ അസ്ഥിരതയ്ക്കും ആഭ്യന്തര വിഭജനത്തിനും ഇടയിൽ യൂറോപ്പിനെ പിടിച്ചുകുലുക്കുന്ന പിരിമുറുക്കങ്ങളെക്കുറിച്ചും അദ്ദേഹം പ്രത്യേകം സംസാരിച്ചു. ചൈനയുമായുള്ള സംഭാഷണത്തിൻ്റെ മുഴുവൻ പ്രക്രിയയിലും മത്തേയോ റിച്ചിയുടെ ധാർമ്മികനിലപാടുകൾ വളരെ വിലപ്പെട്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പാശ്ചാത്യ-ചൈനീസ് സംസ്കാരങ്ങൾ തമ്മിലുള്ള പാലം എന്ന നിലയിലും, വിശ്വാസം വളർത്തിയെടുക്കാനുള്ള മഹത്തായ പരിശ്രമത്തിനും, ആധികാരികമായി ചൈനീസ്  പൗരന്മാരും ക്രിസ്ത്യാനികളും  തമ്മിൽ വൈരുദ്ധ്യമില്ലെന്നുള്ള മത്തേയോ റിച്ചിയുടെ ബോധ്യങ്ങൾ, ഇന്നും അനുരഞ്ജന ശ്രമങ്ങൾക്ക് പ്രചോദനം നൽകുന്നുവെന്നും കർദിനാൾ പരോളിൻ പറഞ്ഞു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

15 November 2024, 12:04