സമ്പൂർണ്ണ ആണവ-പരീക്ഷണ-നിരോധന ഉടമ്പടി പ്രാബല്യത്തിലാകേണ്ടത് അനിവാര്യം, വത്തിക്കാൻ!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
സമഗ്ര ആണവ-പരീക്ഷണ-നിരോധന ഉടമ്പടി (CTBT) പ്രാബല്യത്തിലാകേണ്ടത് ആണവായുധ പ്രയോഗ അപകട സാദ്ധ്യതയുടെയും അണുവായുധങ്ങളുടെ ആധുനികവത്ക്കരണത്തിൻറെയും വെളിച്ചത്തിൽ എന്നത്തെക്കാളുപരി ഇന്ന് അത്യന്താപേക്ഷിതമാണെന്ന് മോൺസിഞ്ഞോർ ജുസേപ്പെ ഫ്രങ്കോണെ.
സമ്പൂർണ്ണ ആണവ-പരീക്ഷണ- നിരോധന ഉടമ്പടി സംഘടനയിൽ (CTBTO - Comprehensive Nuclear-Test-Ban Treaty Organization) പരിശുദ്ധസിംഹാസനത്തിൻറെ സ്ഥിരം നീരിക്ഷകസംഘത്തിലെ ഉന്നത ഉദ്യോഗസ്ഥനായ അദ്ദേഹം നവമ്പർ 11-ന് ഓസ്ത്രിയായുടെ തലസ്ഥാനമായ വിയെന്നയിൽ ഇതിൻറെ പ്രാരംഭസമിതിയുടെ അറുപത്തിമൂന്നാമത് യോഗത്തിൽ നടത്തിയ പ്രസ്താവനയിലാണ് ഈ അനിവാര്യത ചൂണ്ടിക്കാട്ടിയിരിക്കുന്നത്.
ആണവോർജ്ജം യുദ്ധത്തിനുപയോഗിക്കുന്നതും അതിനായി കൈവശം വയ്ക്കുന്നതും അധാർമ്മികമാണെന്നും നാം സമാധാനത്തെക്കുറിച്ചു വാചാലരാകുകയും എന്നാൽ ഭൂമിയിൽ ജനങ്ങൾക്കിടയിലേക്കു സമാധാനം കൊണ്ടുവരാൻ ശ്രമിക്കാതിരിക്കുകയും ചെയ്താൽ ആ പരാജയത്തിൻെറെ പേരിൽ ഭാവിതലമുറ നമ്മെ അപലപിക്കുമെന്നുമുള്ള ഫ്രാൻസീസ് പാപ്പായുടെ വാക്കുകൾ മോൺസിഞ്ഞോർ ഫ്രങ്കോണെ അനുസ്മരിച്ചു.
യഥാർത്ഥവും സ്ഥായിയുമായ സമാധാനം എല്ലാവരുടെയും എല്ലാ സമൂഹങ്ങളുടെയും എല്ലാ നാടുകളുടെയും നരകുലം മുഴുവൻറെയും മൗലികാഭിലാഷമാണെന്ന വസ്തുത ചൂണ്ടിക്കാട്ടിയ അദ്ദേഹം അണുവായുധ വികസനം, അതിൻറെ ആധുനികവത്കരണം, സംഭരണം ഉപയോഗ ഭീഷണി എന്നിവയെ ന്യായീകരിക്കുന്ന പ്രമാദയുക്തിയിൽ കടിച്ചുതൂങ്ങിക്കിടന്നാൽ ഈ സമാധാനം ഒരിക്കലും സാധ്യമാകില്ലെന്ന് പ്രസ്താവിച്ചു. ആണവ പരീക്ഷണ-നിരോധന കരാർ ആണവ പരീക്ഷണങ്ങളെ നിരോധിക്കുക മാത്രമല്ല രാജ്യങ്ങൾക്കിടയിൽ പരസ്പര വിശ്വാസം പരിപോഷിപ്പിക്കുകയും ചെയ്യുമെന്ന പരിശുദ്ധസിംഹാസനത്തിൻെറ ബോധ്യം മോൺസിഞ്ഞോർ ഫ്രങ്കോണെ പ്രകടിപ്പിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: