വിശുദ്ധരുടെ നാമകരണ നടപടികൾക്കായുള്ള സംഘത്തിൻറെ പുതിയ പ്രഖ്യാപനങ്ങൾ!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
വിശുദ്ധരുടെ നാമകരണനടപടികൾക്കായുള്ള സംഘം പുതിയ അഞ്ചു പ്രഖ്യാപനങ്ങൾ പുറപ്പെടുവിച്ചു.
ഈ സംഘത്തിൻറെ പ്രീഫെക്ട്, അഥവാ, മേധാവി കർദ്ദിനാൾ മർചേല്ലൊ സെമെറാറൊയക്ക് നവംബർ 25-ന് തിങ്കളാഴ്ച അനുവദിച്ച കൂടിക്കാഴ്ചാവേളയിൽ ഫ്രാൻസീസ് പാപ്പാ അധികാരപ്പെടുത്തിയതനുസരിച്ചാണ് ഈ സംഘം പുതിയ പ്രഖ്യാപനങ്ങൾ പുറപ്പെടുവിച്ചത്.
ഈ പ്രഖ്യാപനങ്ങളിൽ രണ്ടെണ്ണം രണ്ടു വാഴ്ത്തപ്പെട്ടവരുടെ മദ്ധ്യസ്ഥതയാൽ നടന്ന അത്ഭുതങ്ങളും മറ്റു രണ്ടെണ്ണം രണ്ടു ദൈവദാസരുടെ നിണസാക്ഷിത്വവും ഒരെണ്ണം ഒരു ദൈവദാസൻറെ വീരോചിത പുണ്യങ്ങളും അംഗീകരിക്കുന്നവയാണ്.
അടുത്ത വർഷം വിശുദ്ധനായി പ്രഖ്യാപിക്കുമെന്ന് പാപ്പാ നേരത്തെ അറിയിച്ചിരുന്ന ഇറ്റലിയിലെ ടൂറിൻ സ്വദേശിയായ അല്മായനും ഡൊമീനിക്കൻ മൂന്നാം സഭയിലെ അംഗവും ആയിരുന്ന പീയെർ ജോർജൊ ഫ്രസ്സാത്തിയുടെ മദ്ധ്യസ്ഥതയാൽ നടന്ന അത്ഭുതം അംഗീകരിക്കുന്നതാണ് ഒരു പ്രഖ്യാപനം. 1901 ഏപ്രിൽ 6-നു ജനിച്ച ഫ്രസ്സാത്തി 1925 ജൂലൈ 4-ന് മരണമടഞ്ഞു.
ഇറ്റലിയിൽ കോർത്തനൊ ഗോൽജി എന്ന സ്ഥലത്ത് 1883 ഫെബ്രുവരി 16-ന് ജനിക്കുകയും 1969 ആഗസ്റ്റ് 25-ന് എക്വദോറിലെ സുക്കൂവയിൽ വച്ച് മരണമടയുകയും ചെയ്ത സന്ന്യാസിനി വാഴ്ത്തപ്പെട്ട മരിയ ത്രൊങ്കാത്തിയുടെ മദ്ധ്യസ്ഥതയാൽ നടന്ന ഒരു അത്ഭുതം അംഗീകരിക്കുന്നതാണ് അടുത്ത പ്രഖ്യാപനം. സഹായവതിയായ മറിയത്തിൻറെ പുത്രികൾ എന്ന സന്ന്യാസിനി സമൂഹത്തിലെ അംഗമായിരുന്നു വാഴ്ത്തപ്പെട്ട ത്രൊങ്കാത്തി.
വിയറ്റ്നാമിലെ താക് സായിൽ 1946 മാർച്ച് 12-ന് വിശ്വാസത്തെ പ്രതി വധിക്കപ്പെട്ട അന്നാട്ടുകാരനായ വൈദികൻ ദൈവദാസൻ ഫ്രാൻസീസ് സേവ്യർ ത്വാംഗ് സിയെപിൻറെ രക്തസാക്ഷിത്വം അംഗീകരിക്കുന്നതാണ് വിശുദ്ധരുടെ നാമകരണ നടപടികൾക്കായുള്ള സംഘം പുറപ്പെടുവിച്ച പ്രഖ്യാപനങ്ങളിൽ ഒന്ന്. ദൈവദാസൻ ത്വാംഗ് സിയെപ് വിയെറ്റ്നാമിലെ താൻ ദൂർക്കിൽ 1987 ജനുവരി 1-നാണ് ജനിച്ചത്.
അടുത്ത പ്രഖ്യാപനം, കോംഗൊയിൽ 2007 ജൂൺ 8-ന് വിശ്വാസത്തെ പ്രതി വധിക്കപ്പെട്ട അൽമായ വിശ്വാസി ദൈവദാസൻ ഫ്ലോറിബെർത്ത് ബ്വാന ചുയി ബിൻ കൊസീത്തിയുടെ രക്തസാക്ഷിത്വം അംഗീകരിക്കുന്നു. കോംഗൊയിലെ ഗോമയിൽ 1981 ജൂൺ 13-നായിരുന്നു അദ്ദേഹത്തിൻറെ ജനനം.
അവസാനത്തെ പ്രഖ്യാപനം, ക്രൊവേഷ്യക്കാരനായ മെത്രാൻ, ദൈവദാസൻ ജോസഫ് ലാംഗിൻറെ വീരോചിത പുണ്യങ്ങൾ അംഗീകരിക്കുന്നതാണ്. ക്രൊവേഷ്യയിലെ വേപ്ഷിചിൽ 1857 ജനുവരി 25-ന് ജനിച്ച അദ്ദേഹം 1924 നവമ്പർ 1-ന് മരണമടഞ്ഞു.
വാഴ്ത്തപ്പെട്ടപദപ്രഖ്യാപനത്തിനാവശ്യമായ അത്ഭുതം, അന്വേഷണങ്ങൾ എന്നിവ കൂടാതെതന്നെ പാപ്പാ, സ്പെയിൻ സ്വദേശിനിയായ ദൈവദാസി കുരിശിൻറെ ജൊവന്നായുടെ വണക്കത്തിന് അനുമതി നല്കുന്ന പ്രഖ്യാപനം പുറപ്പെടുവിക്കാൻ വിശുദ്ധരുടെ നാമകരണനടപടികൾക്കായുള്ള സംഘത്തെ അധികരപ്പെടുത്തുകയും ചെയ്തു. 1481 മെയ് 3-നാണ് ദൈവദാസി ജോവാന്ന സ്പെയിനിലെ വില്ലാ ദെ അത്സാഞ്ഞയിൽ ജനിച്ചതെന്നു കരുതപ്പെടുന്നു. മരണം 1534 മെയ് 3-നായിരുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: