വായ്പകൾ എഴുതിത്തള്ളുന്നത് നീതിയുടെ കാര്യം, കർദ്ദിനാൾ പരോളിൻ!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
തിരിച്ചടയ്ക്കാൻ കഴിയാത്ത നാടുകളുടെ വായ്പ എഴുതി തള്ളണമെന്നും അത് ഒരു ഔദാര്യമല്ല നീതിയുടെ കാര്യമാണെന്നും വത്തിക്കാൻ സംസ്ഥാനകാര്യദർശി കർദ്ദിനാൾ പീയെത്രോ പരോളിൻ.
നവമ്പർ 18,19 തീയതികളിൽ ബ്രസീലിലെ ഹിയൊ ജ് ഷനൈരൊ (Rio de Janeiro) യിൽ സംഘടിപ്പിക്കപ്പെട്ട, ജി 20 നാടുകളുടെ തലവന്മാരുടെ സമ്മേളനത്തിൽ പിതനെട്ടാം തിയതി തിങ്കളാഴ്ച, രണ്ടാമത് യോഗത്തെ സംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ആഗോള ഭരണസ്ഥാപനങ്ങളുടെ പരിഷ്കാരം ആയിരുന്നു പ്രമേയം.
നുതന സാങ്കേതിക വിദ്യകൾ, മെച്ചപ്പെട്ട പരസ്പര ബന്ധം, ആഗോളവത്കരണത്തിൻറെ തീവ്രത തുടങ്ങിയവയുടെ സ്വാധീനം സാമ്പത്തിക ധനമേഖലകളെ കൂടുതൽ രാജ്യാന്തരമാക്കിത്തീർക്കുന്നതിൽ ഉണ്ടായിട്ടുണ്ടെന്നും തന്മുലം രാഷ്ട്ടീയ തീരുമാനങ്ങളിൽ ഇത് കൂടുതൽ നിയന്ത്രണം ചെലുത്തുന്നുവെന്നും പറഞ്ഞ കർദ്ദിനാൾ പരോളിൻ ഫലപ്രദമായ അന്താരാഷ്ട്ര സഹകരണം സുഗമമാക്കുന്ന ചട്ടക്കൂടുകളെ കുറിച്ച് പുനർവിചിന്തനം ഇത് ആവശ്യപ്പെടുന്നുവെന്ന് വ്യക്തമാക്കി.
സമാധാനവും സുസ്ഥിരതയും ഉറപ്പാക്കുന്നതിലുള്ള പരമ്പരാഗത ശ്രദ്ധ നിർണ്ണായകമായി തുടരുമ്പോൾ തന്നെ, പുതിയ വെല്ലുവിളികളുടെ ആവിർഭാവത്തെ നേരിടുന്നതിനും പരിസ്ഥിതി, പൊതുജനാരോഗ്യം, സാംസ്കാരിക, സാമൂഹിക വിഷയങ്ങൾ കൃത്രിമ ബുദ്ധി എന്നിവയോടു പ്രതികരിക്കാൻ കഴിയുന്ന ആഗോള സംവിധാനങ്ങൾ വികസിപ്പിക്കുന്നതും ഒരുപോലെ പ്രധാനമാണ് എന്ന് അദ്ദേഹം പറഞ്ഞു. മൗലിക മനുഷ്യാവകാശങ്ങൾ, സാമൂഹിക അവകാശങ്ങൾ, ദൈവം നമ്മെ ഏൽപ്പിച്ചിരിക്കുന്ന നമ്മുടെ പൊതു ഭവനത്തിൻറെ സംരക്ഷണം എന്നിവയോടുള്ള ആദരവ് ഉറപ്പാക്കുന്നതിൽ ഇതിനുള്ള സവിശേഷ പ്രാധാന്യം അദ്ദേഹം ചൂണ്ടിക്കാട്ടുകയും ചെയ്തു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: