പരിശുദ്ധ സിംഹാസനത്തിൻ്റെ സ്ഥിരം നിരീക്ഷകനായ ആർച്ചുബിഷപ്പ് ഗബ്രിയേലേ കാച്ച പരിശുദ്ധ സിംഹാസനത്തിൻ്റെ സ്ഥിരം നിരീക്ഷകനായ ആർച്ചുബിഷപ്പ് ഗബ്രിയേലേ കാച്ച 

വംശീയ വിവേചനത്തിനുനേരെ കണ്ണടയ്ക്കുക സാധ്യമല്ല: ആർച്ചുബിഷപ്പ് കാച്ച

വംശീയത, വംശീയ വിവേചനം, വംശീയ വിദ്വേഷം, അനുബന്ധ അസഹിഷ്ണുത എന്നിവ ഇല്ലാതാക്കുക എന്ന വിഷയത്തിൽ ഐക്യരാഷ്ട്ര സഭയുടെ എഴുപത്തിയൊൻപതാം പൊതു സമ്മേളനത്തിലെ, മൂന്നാം പൊതുചർച്ചയിൽ പരിശുദ്ധ സിംഹാസനത്തിൻ്റെ സ്ഥിരം നിരീക്ഷകനായ ആർച്ചുബിഷപ്പ് ഗബ്രിയേലേ കാച്ച പ്രസ്താവന നടത്തി

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

"എല്ലാ മനുഷ്യരും സ്വതന്ത്രരും, അന്തസ്സിലും അവകാശങ്ങളിലും തുല്യരായി ജനിച്ചവരാണ്" എന്നത് അംഗീകൃത അടിസ്ഥാന സത്യമാണെങ്കിലും, അവ അവയ്‌ക്കെതിരെയുള്ള വെല്ലുവിളികൾ ഇന്ന് ഏറെ വർധിക്കുകയാണെന്നു ഐക്യരാഷ്ട്രസഭയിലേക്കുള്ള പരിശുദ്ധ സിംഹാസനത്തിന്റെ സ്ഥിരം നിരീക്ഷകനായ  ആർച്ചുബിഷപ്പ് ഗബ്രിയേലേ കാച്ച പ്രസ്താവന നടത്തി. വംശീയത, വംശീയ വിവേചനം, വംശീയ വിദ്വേഷം, അനുബന്ധ അസഹിഷ്ണുത എന്നിവ ഇല്ലാതാക്കുക എന്ന വിഷയത്തിൽ ഐക്യരാഷ്ട്ര സഭയുടെ എഴുപത്തിയൊൻപതാം പൊതു സമ്മേളനത്തിലെ, മൂന്നാം പൊതുചർച്ചയിൽ പങ്കെടുത്തുകൊണ്ടാണ് ആർച്ചുബിഷപ്പ് ഇപ്രകാരം പറഞ്ഞത്. വംശീയത, നിറം അല്ലെങ്കിൽ ഭാഷ തുടങ്ങിയ ഘടകങ്ങളെ അടിസ്ഥാനമാക്കിയുള്ള വംശീയ വിവേചനം ഇന്ന് ഏറിവരികയാണെന്നുള്ള പുതിയ റിപ്പോർട്ടുകളും അദ്ദേഹം അടിവരയിട്ടു പറഞ്ഞു.

ഓരോ മനുഷ്യജീവൻ്റെയും പവിത്രത സംരക്ഷിക്കാൻ നാം ബാധ്യസ്ഥരാണെന്നും, ഓരോ മനുഷ്യനും അന്തർലീനമായ ദൈവം നൽകിയ അന്തസ്സിനു നേരെയുള്ള അവഹേളനമാണ് വംശീയ അധിക്ഷേപങ്ങൾ എന്നും ഫ്രാൻസിസ് പാപ്പായുടെ വാക്കുകൾ ഉദ്ധരിച്ചുകൊണ്ട് ആർച്ചുബിഷപ്പ് പറഞ്ഞു. കുടിയേറ്റക്കാരും അഭയാർത്ഥികളും അവരുടെ കുടുംബങ്ങളും നേരിടുന്ന വംശീയമായ തിരസ്കരണത്തെയും ആർച്ചുബിഷപ്പ് ചൂണ്ടിക്കാട്ടി. കുടിയേറ്റക്കാരെ എല്ലായ്‌പ്പോഴും "ഏതൊരു വ്യക്തിയെയും പോലെ അന്തർലീനമായ അന്തസ്സുള്ള" മനുഷ്യരായി കാണണമെന്നു അദ്ദേഹം പറഞ്ഞു.

മതപരമായ അസഹിഷ്ണുത, വിവേചനം, പീഡനം എന്നിവയുടെ തുടർച്ചയായ വർധനയെക്കുറിച്ച് പരിശുദ്ധ സിംഹാസനത്തിനുള്ള    ഉത്കണ്ഠകൾ ആർച്ചുബിഷപ്പ് പങ്കുവച്ചു. വ്യക്തികളും സമൂഹങ്ങളും തങ്ങളുടെ വിശ്വാസം പ്രകടിപ്പിക്കുന്നതിൻ്റെ പേരിൽ സ്വകാര്യമേഖലയിലും, പൊതുമേഖലയിലും നിയന്ത്രണങ്ങളും പീഡനങ്ങളും നേരിടുന്നുവെന്നും,  അത്തരം നിയന്ത്രണങ്ങൾ മതത്തിൻ്റെയോ വിശ്വാസത്തിൻ്റെയോ സ്വാതന്ത്ര്യത്തിൻ്റെ അടിസ്ഥാന തത്വത്തെ ദുർബലപ്പെടുത്തുന്നുവെന്നും ആർച്ചുബിഷപ്പ് അടിവരയിട്ടു പറഞ്ഞു.

തുടർന്ന് സമൂഹമാധ്യമങ്ങൾ  വഴിയുള്ള അധിക്ഷേപങ്ങളെയും, വിവേചനത്തെയും ആർച്ചുബിഷപ്പ്  ചൂണ്ടിക്കാട്ടുകയും, ഇതിനു മതിയായ വിദ്യാഭ്യാസം  നൽകേണ്ടതിന്റെ ആവശ്യകത എടുത്തു പറയുകയും ചെയ്തു. വംശീയതയ്‌ക്കോ ബഹിഷ്‌കരണത്തിനോ നേരെ നാം ഒരിക്കലും കണ്ണടയ്ക്കരുതെന്നും, “മറ്റുള്ളവരെ” തുറന്ന മനസ്സോടെ സ്വീകരിക്കണമെന്നും ആർച്ചുബിഷപ്പ് തന്റെ പ്രസ്താവനയിൽ പ്രത്യേകം സൂചിപ്പിക്കുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

08 November 2024, 11:52