വത്തിക്കാനിലെ പെൻഷൻകാര്യങ്ങൾക്കായുള്ള ഓഫീസിന്റെ ഭാരവാഹിയായി കർദ്ദിനാൾ ഫാറെൽ നിയമിക്കപ്പെട്ടു
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
വത്തിക്കാനിൽ സേവനമനുഷ്ഠിക്കുന്ന എല്ലാ ആളുകളുടെയും പെൻഷൻ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള പെൻഷൻ ഫണ്ടിന്റെ ഭാരവാഹിയായി കർദ്ദിനാൾ കെവിൻ ജോസഫ് ഫാറെലിനെ ഫ്രാൻസിസ് പാപ്പാ നിയമിച്ചു. ഇതോടനുബന്ധിച്ച്, ഈ തീരുമാനത്തിലേക്കെത്താൻ തന്നെ പ്രേരിപ്പിച്ച കാരണങ്ങൾ വ്യക്തമാക്കിക്കൊണ്ട്, നവംബർ പത്തൊൻപതാം തീയതി ഒപ്പുവച്ച ഒരു കത്ത്, കർദ്ദിനാൾസംഘത്തിനും, വത്തിക്കാൻ കൂരിയിലെ ഡികാസ്റ്ററികളുടെ അദ്ധ്യക്ഷന്മാർക്കും, മറ്റ് എല്ലാ ഓഫീസുകളുടെയും നേതൃത്വങ്ങൾക്കുമായി പാപ്പാ പുറത്തുവിട്ടു.
വത്തിക്കാന്റെ വിവിധ സ്ഥാപനങ്ങളിൽ കടക്കമ്മിസാധ്യതകൾ ഒഴിവാക്കാനും സാമ്പത്തികസുസ്ഥിരത നടപ്പിലാക്കാനുമുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഈ നടപടി സ്വീകരിക്കുന്നതെന്ന് പാപ്പാ വ്യക്തമാക്കി. പെൻഷനുമായി ബന്ധപ്പെട്ട ഫണ്ടിൽ വ്യക്തമായ ഒരു അസന്തുലിതാവസ്ഥ നിലനിൽക്കുന്നുവെന്ന് അറിയിച്ച പാപ്പാ, കാലക്രമേണ ഈ അന്തരം കൂടുതൽ വളർന്നുവരാനുള്ള സാധ്യതകളാണ് മുന്നിലുള്ളതെന്നും എഴുതി. വത്തിക്കാനിൽ ജോലി ചെയ്യുന്നവർക്ക് ഉചിതമായ പെൻഷനും, സാമൂഹികസുരക്ഷയും ഉറപ്പാക്കുന്നതിനുമുള്ള ശ്രമങ്ങളുടെ കൂടി ഭാഗമായാണ്, നിലവിലെ നടപടികളെന്ന് പാപ്പാ തന്റെ കത്തിൽ വിശദീകരിച്ചു.
വത്തിക്കാനിൽ സേവനമനുഷ്ഠിക്കുന്ന ഏവരുടെയും സുസ്ഥിരതയ്ക്കും നന്മയ്ക്കും ഉപകാരപ്രദമാകുന്നതിനാണ്, ഇത്രയും നാൾ ഈ മേഖലയിൽ സുസ്ഥിരമായ സേവനമനുഷ്ഠിച്ച ഏവരുടെയും പരിശ്രമങ്ങളെ വിലമതിക്കുമ്പോൾത്തന്നെ, ഇത്തരമൊരു തീരുമാനമെടുത്തതെന്ന് പാപ്പാ വിശദീകരിച്ചു. തന്റെ മുൻഗാമികളായിരുന്ന പാപ്പാമാർക്കും പെൻഷൻ ഫണ്ടിന്റെ ശരിയായ വിനിയോഗവും, അത് നേരിടുന്ന വെല്ലുവിളികളും സംബന്ധിച്ച് പ്രത്യേകശ്രദ്ധയുണ്ടായിരുന്നുവെന്നും പാപ്പാ എഴുതി.
അത്മായർക്കും, കുടുംബങ്ങൾക്കും, ജീവനും വേണ്ടിയുള്ള ഡികാസ്റ്ററിയുടെ അദ്ധ്യക്ഷൻ, റോമാ സഭയിലെ കാമറലെങ്കോ, രഹസ്യസ്വഭാവമുള്ള രേഖകൾ കൈകാര്യം ചെയ്യുന്ന കമ്മീഷൻ പ്രസിഡന്റ്, ധനനിക്ഷേപകാര്യങ്ങൾക്കായുള്ള കമ്മീഷൻ പ്രസിഡന്റ എന്നീ ചുമതലകളും കർദ്ദിനാൾ ഫാറെലാണ് നിർവ്വഹിക്കുന്നത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: