പേപ്പൽ ഭവനത്തിന്റെ പുതിയ പ്രഭാഷകനായി ഫാ. പസൊളീനി
ഫാ. ജിനു തെക്കേത്തലക്കൽ, സാൽവത്തോരെ ചെർണ്ണൂത്സിയോ, വത്തിക്കാൻ സിറ്റി
1980 മുതൽ നീണ്ട നാല്പത്തിനാലുവർഷങ്ങൾ പേപ്പൽ ഭവനത്തിന്റെ ഔദ്യോഗിക പ്രഭാഷകനായി സേവനമനുഷ്ഠിച്ച കർദിനാൾ റനിയെരോ കാന്തലമെസ്സയുടെ പിൻഗാമിയായി കപ്പൂച്ചിൻ വൈദികനും, ബൈബിൾ പണ്ഡിതനുമായ ഫാ. റോബെർത്തോ പസോളിനിയെ നവംബർ മാസം ഒൻപതാം തീയതി ഫ്രാൻസിസ് പാപ്പാ നിയമിച്ചു. പൺഡിതോചിതമായ കാര്യങ്ങൾക്കു പുറമെ, പാവപ്പെട്ടവരുടെയും വികലാംഗരുടെയും തടവുകാരുടെയും ഇടയിൽ അജപാലന ശുശ്രൂഷയിൽ ഏർപ്പെട്ടിരുന്ന ഫാ. പസൊളീനി ആഗമന, നോമ്പുതുറ ധ്യാന പ്രസംഗങ്ങൾ നടത്തിക്കൊണ്ടാണ് തന്റെ ശുശൂഷയ്ക്ക് തുടക്കം കുറിക്കുന്നത്.
സ്ഥാനമൊഴിയുന്ന കർദിനാൾ കാന്തലമെസ്സ, മൂന്നു മാർപ്പാപ്പാമാരുടെ കാലഘട്ടങ്ങളിൽ, പ്രഭാഷകനെന്ന നിലയിൽ സേവനം ചെയ്തിട്ടുണ്ട്. ദശലക്ഷക്കണക്കിന് ഇറ്റലിക്കാർക്ക് അദ്ദേഹത്തിൻ്റെ പുസ്തകങ്ങളും, പഠനങ്ങളും, ടെലിവിഷൻ പരിപാടികളുമെല്ലാം ദൈവോന്മുഖമായ ഒരു ജീവിതം നയിക്കുന്നതിന് പ്രചോദനമായിട്ടുണ്ട്.
ഫാ. പസോളിനി ഒസ്സെർവതോരെ റൊമാനോയ്ക്ക് അനുവദിച്ച അഭിമുഖ സംഭാഷണത്തിൽ, താൻ ഏറെ ബഹുമാനത്തോടെ നോക്കിക്കാണുകയും, തനിക്ക് ഏറെ പ്രചോദനം നൽകുകയും ചെയ്ത കർദിനാൾ കാന്തലമെസ്സയുടെ പിൻഗാമിയായി തിരഞ്ഞെടുക്കപെട്ടപ്പോൾ, സന്തോഷവും അതേസമയം ഭയവും തോന്നിയെന്ന് പറഞ്ഞു. എന്നാൽ സഭയ്ക്കും നമ്മുടെ ക്രമത്തിനും വലിയ മൂല്യമുള്ള ഈ പാരമ്പര്യം മുന്നോട്ട് കൊണ്ടുപോകാൻ താൻ ഏറെ പരിശ്രമിക്കുമെന്നും ഫാ. പസൊളീനി പങ്കുവച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: