വത്തിക്കാൻ, വി.പത്രോസിൻറെ ബസിലിക്ക ഡിജിറ്റൽ സാങ്കേതിക വിദ്യയിൽ!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
വത്തിക്കാനിലെ വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ മനോഹാരിത ഡിജിറ്റൽ സാങ്കേതിക വിദ്യയുടെയും നിർമ്മിതബുദ്ധിയുടെയും സഹായത്തോടെയുള്ള ആസ്വാദനത്തിനു വഴിയൊരുക്കുന്ന പദ്ധതിക്ക് തുടക്കമായി.
ചരിത്രവും കലയും ആദ്ധ്യാത്മികതയും ഇഴചേർന്ന് ലോകത്തിലെ അതുല്യ ദേവാലയമാക്കിയിരിക്കുന്ന വിശുദ്ധ പത്രോസിൻറെ ബസിലിക്ക റോമിലെത്താതെ തന്നെ സന്ദർശിക്കാൻ തീർത്ഥാടകർക്കും സന്ദർശകർക്കും കഴിയത്തക്കവിധമുള്ള ഈ പദ്ധതി പ്രസ്തുത ബസിലിക്കയുടെ മുഖ്യ പുരോഹിതനും ഈ ബസിലിക്കയുടെ സംരക്ഷണപരിപാലനത്തിനായുള്ള “ഫാബ്രിക്ക ദി സാൻ പിയെത്രൊ”യുടെ (Fabbrica di San Pietro) അദ്ധ്യക്ഷനുമായ കർദ്ദിനാൾ മൗറൊ ഗംബേത്തി തിങ്കളാഴ്ച (11/11/24) പരിശുദ്ധസിംഹാസനത്തിൻറെ വാർത്താവിതരണ കാര്യാലയത്തിൽ, പ്രസ്സ് ഓഫീസിൽ നടന്ന പത്രസമ്മേളനത്തിൽ അവതരിപ്പിച്ചു.
മൈക്രൊസോഫ്റ്റിൻറെ സഹായത്തോടെയാണ് “ഫാബ്രിക്ക ദി സാൻ പിയെത്രോ” അതിസങ്കീർണ്ണ സാങ്കേതിക വിദ്യയോടുകൂടിയ ഈ പദ്ധതി ആവിഷ്ക്കരിക്കുന്നത്. മൂന്നാഴ്ച ഡ്രോണുകളും ക്യാമറക്കണ്ണുകളും ലേസർ സാങ്കേതകിവിദ്യയും ചേർന്ന് ദേവാലയത്തിൻറെ ഉൾവശത്തിൻറെ 4 ലക്ഷം ദൃശ്യങ്ങൾ ഒപ്പിയെടുത്തു. ത്രിമാനദൃശ്യങ്ങൾ സൃഷ്ടിക്കത്തക്കവിധം ഉന്നത ഗുണനിലവാരത്തിലുള്ള ചിത്രങ്ങളാണ് പകർത്തിയിരിക്കുന്നത്. അങ്ങനെ ബസിലിക്കയുടെ ഒരു ഡിജിറ്റൽ പതിപ്പ് തയ്യാറാകും.
തീർത്ഥാടകർക്കും അതുപോലെതന്നെ പഠിതാക്കൾക്കും ഗുണകരമാണ് ഇൻറെർനെറ്റിലൂടെ ഈ ബസിലിക്ക സന്ദർശിക്കുന്നതിനുള്ള ഈ പദ്ധതിയെന്ന് കർദ്ദിനാൾ ഗംബേത്തി പറഞ്ഞു.ഡിസംബർ 1 മുതൽ ഇൻറെർനെറ്റിലൂടെയുള്ള ഈ സന്ദർശനം സാധ്യമാകും.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: