അന്തരിച്ച കർദ്ദിനാൾ മിഖേൽ ആംഹെൽ അയൂസൊ ഗിസോത്ത് അന്തരിച്ച കർദ്ദിനാൾ മിഖേൽ ആംഹെൽ അയൂസൊ ഗിസോത്ത്  

കർദ്ദിനാൾ മിഖേൽ അയൂസൊ ഗിസോത്ത് കാലം ചെയ്തു!

മതാന്തരസംവാദത്തിനായുള്ള വിഭാഗത്തിൻറെ മേധാവി (പ്രീഫക്ട്) കർദ്ദിനാൾ മിഖേൽ ആംഹെൽ അയൂസൊ ഗിസോത്ത് ദിവംഗതനായി. ഈജിപ്തിലെ അൽ അഷറിലെ വലിയ ഇമാം, അഹമ്മദ് അത് തയ്യിബ് കർദ്ദിനാൾ ഗിസോത്തിൻറെ നിര്യാണത്തിൽ ഫ്രാൻസിസ് പാപ്പായ്ക്ക് അനുശോചനസന്ദേശം അയച്ചു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

മതാന്തരസംവാദത്തിനായുള്ള വിഭാഗത്തിൻറെ മേധാവി (പ്രീഫക്ട്) കർദ്ദിനാൾ മിഖേൽ ആംഹെൽ അയൂസൊ ഗിസോത്ത് കാലം ചെയ്തു.  റോമിലെ ജെമേല്ലി പോളിക്ലിനിക്കിൽ ചികിത്സയിലായിരുന്ന അദ്ദേഹത്തിന് നവംബർ 25-ന് തിങ്കളാഴ്ചയാണ് അന്ത്യം സംഭവിച്ചത്. 72 വയസ്സായിരുന്നു പ്രായം.

അത്യാസന്നനിലയിലായിരുന്ന കർദ്ദിനാൾ ഗിസോത്തിയ്ക്കുവേണ്ടി പ്രാർത്ഥിക്കാൻ ഫ്രാൻസീസ് പാപ്പാ, തിങ്കളാഴ്ച (25/11/24) ജൈനമത പ്രതിനിധികളുടെ അന്താരാഷ്ട്ര സംഘവുമായി കൂടിക്കാഴ്ച നടത്തിയ വേളയിൽ അഭ്യർത്ഥിച്ചിരുന്നു. അദ്ദേഹം 2019 ലാണ് മതാന്തരസംവാദത്തിനായുള്ള വിഭാഗത്തിൻറെ മേധാവിയായി ചുമതലയേറ്റത്.

1952 ജൂൺ 17-ന് സ്പെയിനിലെ സെവില്ലെയിൽ ജനിച്ച കർദ്ദിനാൾ മിഖേൽ അയൂസൊ ഗിസോത്ത് കൊബോണിയൻ പ്രേഷിത സമൂഹത്തിൽ ചേരുകയും 1980 സെപ്റ്റംബർ 20-ന് പൗരോഹിത്യം സ്വീകരിക്കുകയും ചെയ്തു. ഈജിപ്റ്റ്, സുഡാൻ എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ച അദ്ദേഹം 2016 മാർച്ച് 19-ന് മെത്രാനായി അഭിഷിക്തനാകുകയും 2019 ഒക്ടോബർ 5-ന് കർദ്ദിനാളാക്കപ്പെടുകയും ചെയ്തു.

ഈജിപ്തിലെ അൽ അഷറിലെ വലിയ ഇമാം, അഹമ്മദ് അത് തയ്യിബ് കർദ്ദിനാൾ അയൂസൊ ഗിസോത്തിൻറെ നിര്യാണത്തിൽ ഫ്രാൻസിസ് പാപ്പായ്ക്ക് അനുശോചനസന്ദേശം അയച്ചു.

മാനവരാശിക്കുള്ള സേവനത്തിൽ അർപ്പണബുദ്ധിയോടെ പ്രവർത്തിച്ച കർദ്ദിനാൾ ഗിസോത്ത് ഇസ്ലാമുമായുള്ള ബന്ധം പരിപോഷിപ്പിക്കുന്നതിനു കാതലായ സംഭാവനയേകിയിട്ടുണ്ടെന്ന്  വലിയ ഇമാം തയ്യിബ് അനുസ്മരിക്കുകയും മാനവസഹോദര്യ രേഖ എല്ലാവരിലും എത്തിക്കുന്നതിന് അദ്ദേഹം വഹിച്ചിട്ടുള്ള നിർണ്ണായക പങ്ക് എടുത്തുകാട്ടുകയും ചെയ്യുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

26 November 2024, 12:38