ഐക്യരാഷ്ട്രസഭയുടെ സമാധാനശ്രമങ്ങളെ പിന്തുണയ്ക്കണം: പരിശുദ്ധസിംഹാസനം
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
സംഘർഷങ്ങൾ നിലനിൽക്കുന്ന ഇടങ്ങളിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള ഐക്യരാഷ്ട്രസഭാ അംഗരാജ്യങ്ങളുടെ ഐക്യദാർഢ്യവും പ്രതിപത്തിയുമാണ് ഐക്യരാഷ്ട്രസഭയുടെ സമാധാനസ്ഥാപനശ്രമങ്ങളിൽ നാം കാണുന്നതെന്ന് ഐക്യരാഷ്ട്രസഭയിലേക്കുള്ള പരിശുദ്ധസിംഹാസനത്തിന്റെ സ്ഥിരം നിരീക്ഷകൻ ആർച്ച്ബിഷപ് ഗബ്രിയേലേ കാച്ച. ഒരുമിച്ച് പ്രവർത്തിക്കുന്നതുവഴി കൂടുതൽ സുരക്ഷിതവും സന്തുലിതവുമായ ഒരു സമൂഹത്തിന്റെ വളർച്ചയ്ക്കും, നിലനിൽക്കുന്ന സമാധാനത്തിനായുമാണ് അംഗരാജ്യങ്ങൾ ശ്രമിക്കുന്നതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
എങ്ങും സമാധാനം വളരുന്നതും, ഐക്യരാഷ്ട്രസഭയുടെ അംഗരാജ്യങ്ങൾക്ക് മാത്രമല്ല, ആഗോളസമൂഹത്തിന് മുഴുവൻ പ്രയോജനം ലഭിക്കുന്നതുമായ ഒരു വ്യവസ്ഥിതിയിലേക്ക് എത്താനുള്ളതാകണം ഐക്യരാഷ്ട്രസഭയുടെ സമാധാനശ്രമങ്ങളെന്ന് വത്തിക്കാൻ നയതന്ത്രജ്ഞൻ ആവശ്യപ്പെട്ടു. ലോകത്ത് നിലനിൽക്കുന്ന സംഘർഷങ്ങളുടെയും നിരവധിയായ യുദ്ധങ്ങളുടെയും പശ്ചാത്തലത്തിൽ ഐക്യരാഷ്ട്രസഭ ഇപ്പോൾ നടത്തിവരുന്ന സമാധാനശ്രമങ്ങൾ നിലനിൽക്കുന്നത് മുൻപില്ലാത്തവിധത്തിൽ പ്രാധാന്യമർഹിക്കുന്നുണ്ടെന്ന് ആർച്ച്ബിഷപ് കാച്ച പ്രസ്താവിച്ചു.
സമാധാനശ്രമങ്ങളും സന്നദ്ധസേവനങ്ങളും ഏവർക്കുമെത്തിക്കാനുള്ള ഐക്യരാഷ്ട്രസഭയുടെ ശ്രമങ്ങളിൽ പലയിടങ്ങളിലും വെല്ലുവിളികൾ നേരിടേണ്ടിവരുന്നത് അപലപനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എല്ലാത്തരത്തിലും സമാധാനം നിലനിറുത്തുവാനുള്ള പരിശ്രമങ്ങളെക്കുറിച്ചുള്ള ചർച്ചകളുടെ ഭാഗമായി, ഐക്യരാഷ്ട്രസഭയുടെ പൊതുസമ്മേളനത്തിന്റെ എഴുപത്തിയൊൻപതാമത് സെക്ഷനിൽ സംസാരിക്കവേയാണ് സമാധാനസ്ഥാപനത്തിൽ എല്ലാവരുടെയും പങ്കിനെക്കുറിച്ച് വത്തിക്കാൻ നയതന്ത്രപ്രതിനിധി സംസാരിച്ചത്.
ലെബനോനിൽ ഉൾപ്പെടെയുള്ള ഇടങ്ങളിൽ സമാധാനസ്ഥാപനത്തിനായി പരിശ്രമിക്കുന്ന ആളുകൾക്കുനേരെ നടന്ന ആക്രമണങ്ങളെ ആർച്ച്ബിഷപ്പ് കാച്ച തന്റെ പ്രഭാഷണത്തിൽ പരാമർശിച്ചു. ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിലുള്ള സമാധാനസേനയുടെ സുരക്ഷാ മാത്രമല്ല, ദുർബലജനവിഭാഗങ്ങൾക്ക് സമാധാനവും സുരക്ഷിതത്വവും ഉറപ്പാക്കാനുള്ള ശ്രമങ്ങൾക്ക് നേരെയുള്ള അക്രമണങ്ങളായാണ് നാം ഇത്തരം പ്രവൃത്തികളെ കാണേണ്ടതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
സമാധാനം നിലനിൽക്കുന്നതും വളരുന്നതുമായ ഒരു വ്യവസ്ഥിതി എല്ലായിടങ്ങളിലുമുണ്ടാകാനായി അന്താരാഷ്ട്രസമൂഹം ശ്രമിക്കണമെന്നും, സമാധാനശ്രമങ്ങളുമായെത്തുന്ന ആളുകളുടെ സുരക്ഷ ഉറപ്പാക്കണമെന്നും, ഐക്യരാഷ്ട്രസഭ സമാധാനസ്ഥാപനത്തിനായി നടത്തിവരുന്ന ഏറെ പ്രധാനപ്പെട്ട സംരംഭങ്ങളെ പിന്തുണയ്ക്കണമെന്നും വത്തിക്കാൻ പ്രതിനിധി ആവശ്യപ്പെട്ടു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: