"ഭാവി നെയ്തെടുക്കുക, ജീവൻ സംരക്ഷിക്കുക" പത്രസമ്മേളനം വത്തിക്കാൻറെ പ്രസ്സ് ഓഫീസിൽ, 09/12/24 "ഭാവി നെയ്തെടുക്കുക, ജീവൻ സംരക്ഷിക്കുക" പത്രസമ്മേളനം വത്തിക്കാൻറെ പ്രസ്സ് ഓഫീസിൽ, 09/12/24 

സംഘർഷ പരിഹൃതിക്ക് സംഭാഷണം, സാഹോദര്യം, സാമൂഹ്യമൈത്രി!

"ഭാവി നെയ്തെടുക്കുക, ജീവൻ സംരക്ഷിക്കുക" (“Tejiendo futuros, protegiendo vidas”) എന്ന ശീർഷകത്തിൽ ലത്തീനമേരിക്കയിലെ കത്തോലിക്കാമെത്രാൻ സമിതി “ചേലാം” ( CELAM) നടത്താനുദ്ദേശിക്കുന്നതും ജൂബിലിവർഷം മുഴുവൻ നീണ്ടുനില്ക്കുന്നതുമായ സംരംഭത്തെ അധികരിച്ച് തിങ്കളാഴ്ച (09/12/24) പരിശുദ്ധസിംഹാസനത്തിൻറെ വാർത്താവിതരണ കാര്യാലയത്തിൽ, പ്രസ്സ് ഓഫീസിൽ ഒരു പത്രസമ്മേളനം നടന്നു. അതിൽ, സമഗ്രമാനവവികസനത്തിനായുള്ള വത്തിക്കാൻ വിഭാഗത്തിൻറെ അദ്ധ്യക്ഷൻ കർദ്ദിനാൾ മൈക്കിൾ ചേർണിയും സംസാരിച്ചു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

സംഭാഷണം, സാഹോദര്യം, സാമൂഹ്യമൈത്രി എന്നിവ ലോകത്തിൽ ഇന്ന് അരങ്ങേറുന്ന സംഘർഷങ്ങൾ പരിഹരിക്കുന്നതിനുള്ള കൂട്ടുമരുന്നായി സമഗ്രമാനവവികസനത്തിനായുള്ള വത്തിക്കാൻ വിഭാഗത്തിൻറെ അദ്ധ്യക്ഷൻ കർദ്ദിനാൾ മൈക്കിൾ ചേർണി അവതരിപ്പിക്കുന്നു.

"ഭാവി നെയ്തെടുക്കുക, ജീവൻ സംരക്ഷിക്കുക" (“Tejiendo futuros, protegiendo vidas”) എന്ന ശീർഷകത്തിൽ ലത്തീനമേരിക്കയിലെയും കരീബിയൻ നാടുകളിലേയും  മനുഷ്യാവകാശ സംരക്ഷകരും പരിസ്ഥിതി സംരക്ഷകരും ലത്തീനമേിരക്കയ്ക്കുവേണ്ടിയുള്ള പൊന്തിഫിക്കൽ സമിതിയുമായി സഹകരിച്ചു ലത്തീനമേരിക്കയിലെ കത്തോലിക്കാമെത്രാൻ സമിതി “ചേലാം” ( CELAM) നടത്താനുദ്ദേശിക്കുന്നതും ജൂബിലിവർഷം മുഴുവൻ നീണ്ടുനില്ക്കുന്നതുമായ സംരംഭത്തെ അധികരിച്ച് തിങ്കളാഴ്ച (09/12/24) പരിശുദ്ധസിംഹാസനത്തിൻറെ വാർത്താവിതരണ കാര്യാലയത്തിൽ, പ്രസ്സ് ഓഫീസിൽ നടന്ന വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇവയുടെ മൂല്യം എടുത്തുകാട്ടിയത്. ഈ സംരംഭം 2025 ഡിസംബർ 10 വരെ നീളും.

ജീവൻ ദൈവിക ദാനമാണെന്നും മനുഷ്യാവകാശങ്ങളും പരിസ്ഥിതിയവകാശങ്ങളും സംരക്ഷിക്കാൻ ശ്രമിക്കുന്നവരുടെ ജീവനുയരുന്ന ഭീഷണിക്കു മുന്നിൽ നമുക്ക് നസ്സംഗതപാലിക്കാനാകില്ലെന്നും കർദ്ദിനാൾ ചേർണി പറഞ്ഞു.

മനുഷ്യാവകാശങ്ങൾ സംരക്ഷിക്കുന്നതിനും പൊതുഭവനത്തെ സംരക്ഷിക്കുന്നതിനും ശ്രമിക്കുന്നവരുടെ ജീവൻ അപകടത്തിലാകുന്ന സംഭവങ്ങൾ ഈ പത്രസമ്മേളനത്തിൽ പങ്കെടുത്തവർ ഉദാഹരണ സഹിതം ചൂണ്ടിക്കാട്ടി. അവകാശസംരക്ഷണത്തിനിടെ വധിക്കപ്പെട്ടവരുടെ രക്തം നീതിക്കായി കേഴുന്നുവെന്നു ഈ പത്രസമ്മേളനത്തിൽ, ലത്തീനമേരിക്കയിലെ മെത്രാൻസമിതിയുടെ അദ്ധ്യക്ഷൻ കർദ്ദിനാൾ ഹൈമെ സ്പെഗ്ലെർ പറഞ്ഞു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

10 December 2024, 11:48