മാതൃദേവാലയമായ ജോൺ ലാറ്ററൻ ബസിലിക്കയിൽ വിശുദ്ധ വാതിൽ തുറന്നു
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
2025 ജൂബിലി വർഷത്തിൽ, തീർത്ഥാടകരായി റോമിൽ എത്തിച്ചേരുന്നവർക്ക്, പ്രവേശിക്കുന്നതിനായി, ലോകത്തിലെ ദേവാലയങ്ങളുടെയെല്ലാം മാതൃദേവാലയമായ റോമിലെ വിശുദ്ധ ജോൺ ലാറ്ററൻ ബസിലിക്കയിൽ വിശുദ്ധ വാതിൽ തുറന്നു. ഡിസംബർ മാസം ഇരുപത്തിയൊമ്പതാം തീയതി നടന്ന തിരുക്കർമ്മങ്ങൾക്ക് റോമൻ രൂപതയുടെ വികാരി ജനറാളും, ബസിലിക്കയുടെ ആർച്ചുപ്രീസ്റ്റുമായ കർദിനാൾ ബൽദസ്സാരെ റെയ്‌ന മുഖ്യകാർമ്മികത്വം വഹിച്ചു. വിശുദ്ധ ബലിമധ്യേ, കുടുംബങ്ങൾക്കുവേണ്ടിയുള്ള ആശീർവ്വാദപ്രാർത്ഥനയും നടത്തി.
തന്റെ സന്ദേശത്തിൽ, ജൂബിലി വർഷത്തിൽ ഓരോ വിശ്വാസിയും ഉൾക്കൊള്ളേണ്ട പ്രത്യേകമായ ക്രൈസ്തവപ്രതിബദ്ധത കർദിനാൾ ഓർമ്മപ്പെടുത്തി. ഓരോരുത്തരും തങ്ങളുടെ ഹൃദയത്തിന്റെ വാതിലുകൾ, കരുണയുടെയും, നീതിയുടെയും നന്മയുടെയും അടയാളങ്ങളായി മറ്റുള്ളവർക്കുവേണ്ടി തുറക്കണമെന്ന് കർദിനാൾ ആഹ്വാനം ചെയ്തു. പരിശുദ്ധ പിതാവിന്റെ കത്തീഡ്രൽ എന്ന നിലയിൽ, വിശുദ്ധ ജോൺ ലാറ്ററൻ ബസിലിക്കയിൽ വിശുദ്ധ വാതിൽ തുറക്കുമ്പോൾ, പാപ്പായോടുള്ള പ്രത്യേകമായ ഐക്യം അനുഭവിക്കുവാൻ എല്ലാവർക്കും സാധിക്കുന്നുവെന്നും, അദ്ദേഹത്തിനുവേണ്ടി പ്രാർത്ഥിക്കുവാൻ ഈ അവസരം വിനിയോഗിക്കണമെന്നും കർദിനാൾ പറഞ്ഞു.
ജൂബിലി വർഷം, സാഹോദര്യം ഊട്ടിയുറപ്പിക്കുവാനുള്ള അവസരമായി എല്ലാവരും ഉപയോഗപ്പെടുത്തണമെന്നും, അതിനായി പ്രത്യേകം പരസ്പരം പ്രാർത്ഥിക്കണമെന്നും അദ്ദേഹം എല്ലാവരെയും ആഹ്വാനം ചെയ്തു. ദൈവത്തിന്റെ കുടുംബമായി ജീവിക്കാനുള്ള വരെ പ്രത്യേകമായ വിളിയാണ് ജൂബിലിവർഷം നൽകുന്നതെന്നും, ഈ വിശുദ്ധ വാതിൽ ആലയത്തിലേക്കു മാത്രമല്ല യേശുവിന്റെ ഹൃദയത്തിന്റെ ആഴങ്ങളിലേക്കും നമ്മെ നയിക്കണമെന്നും മോൺസിഞ്ഞോർ റെയ്‌ന പറഞ്ഞു. തുടർന്ന്, ലൂക്കയുടെ സുവിശേഷത്തിൽ വിവരിക്കുന്ന ധൂർത്തപുത്രന്റെ ജീവിതത്തെ ഉദ്ധരിച്ചുകൊണ്ടും, കർദിനാൾ യഥാർത്ഥ സ്നേഹത്തിന്റെ വ്യതിരിക്തതയും, കാപട്യമില്ലായ്മയും, അതുവഴി പരസ്പരം നൽകുന്ന ബഹുമാനത്തെയും പ്രത്യേകം എടുത്തു പറഞ്ഞു.
കരുണയുടെ മാതൃക നൽകിക്കൊണ്ട്, സ്നേഹിക്കുന്നതിൽ ഒരിക്കലും മടുപ്പ് തോന്നാതെ തന്റെ കരങ്ങൾ വിരിച്ചുകൊണ്ട് നമ്മെ കാത്തിരിക്കുന്ന പിതാവിന്റെ ഭവനം, ഓരോരുത്തരുടെയും ജീവിതത്തിൽ അനുഭവവേദ്യമാകണമെന്നും സന്ദേശത്തിൽ എടുത്തു പറഞ്ഞു. ഇപ്രകാരം, ദൈവത്തെ നമ്മുടെ കുടുംബങ്ങളിലേക്കും ദൈനംദിന ബന്ധങ്ങളിലേക്കും കുട്ടികളുമായുള്ള ബന്ധങ്ങളിലേക്കും ദാമ്പത്യബന്ധങ്ങളിലേക്കും പ്രായമായവരോടുള്ള നമ്മുടെ ശ്രദ്ധയിലേക്കും പരിചരണത്തിലേക്കും കൊണ്ടുവരണമെന്നും അദ്ദേഹം എല്ലാവരെയും ഓർമ്മിപ്പിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: