ഫ്രാൻസിസ് പാപ്പായ്‌ക്കൊപ്പം സഭാവിശേഷങ്ങൾ ചർച്ച ചെയ്‌ത് കർദ്ദിനാൾ ഉപദേശകസംഘം
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
ഫ്രാൻസിസ് പാപ്പായുടെ കർദ്ദിനാൾ ഉപദേശകസമിതി വത്തിക്കാനിലെത്തി സഭാപരമായ കാര്യങ്ങൾ ഉൾപ്പെടെ വിവിധ വിഷയങ്ങളെക്കുറിച്ച് പാപ്പായ്‌ക്കൊപ്പം ചർച്ചകൾ നടത്തി. ഡിസംബർ രണ്ട്, മൂന്ന് തീയതികളിൽ, പാപ്പായുടെ വസതിയായ വത്തിക്കാനിലെ സാന്താ മാർത്ത ഭവനത്തിലാണ് ചർച്ചകൾ നടന്നത്. സി9 എന്ന പേരിൽ അറിയപ്പെടുന്ന ഉപദേശകകൗൺസിൽ പ്രസിഡന്റും, മുംബൈ ആർച്ച്ബിഷപ്പുമായ കർദ്ദിനാൾ ഓസ്വാൾഡ് ഗ്രെഷ്യസുൾപ്പെടെ സമിതി അംഗങ്ങൾ ഏവരും ചർച്ചകളിൽ പങ്കെടുത്തു.
സഭയിലെ കൂട്ടായ്‌മയുമായി ബന്ധപ്പെട്ട് സംസാരിച്ച കർദ്ദിനാൾ സെമെറാറോ, പ്രാദേശികസഭകളും സഭാ കൂട്ടായ്മകളും തമ്മിലുള്ള ബന്ധം, അടുത്തിടെ സമാപിച്ച മെത്രാന്മാരുടെ സിനഡ് തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് സംസാരിച്ചുവെന്ന് ഇത് സംബന്ധിച്ച് ഡിസംബർ മൂന്ന് ചൊവ്വാഴ്ച പുറത്തുവിട്ട പത്രക്കുറിപ്പിലൂടെ വത്തിക്കാൻ പ്രെസ് ഓഫീസ് അറിയിച്ചു.
സിനഡിൽ പരാമർശിക്കപ്പെട്ട, സഭയിൽ സ്ത്രീകളുടെ പങ്ക് എന്ന വിഷയത്തെക്കുറിച്ച് നടന്ന ചർച്ചകളിൽ, ഉപദേശകസമിതിയുടെ കഴിഞ്ഞ നാല് സമ്മേളനങ്ങളിൽ ഉരുത്തിരിഞ്ഞ ആശയങ്ങളുടെ സംക്ഷിപ്തരൂപം ക്രോഡീകരിക്കാനുള്ള ശ്രമങ്ങളും നടന്നു.
കർദ്ദിനാൾ ഗ്രെഷ്യസുമായി നടത്തിയ സംഭാഷണങ്ങളിൽ, പ്രെദിക്കാത്തെ എവഞ്ചേലിയുമിന്റെ തത്വങ്ങൾ രൂപതാ കൂരിയകളിൽ നടപ്പിലാക്കുന്നത്, സിനഡാത്മകമിഷനറി സഭ എന്ന നിലയിൽ വത്തിക്കാൻ നയതന്ത്രപ്രതിനിധികൾക്കുള്ള ഭാഗധേയം തുടങ്ങിയ കാര്യങ്ങൾ വിശകലനം ചെയ്യപ്പെട്ടു.
പതിവുപോലെ, കർദ്ദിനാൾ ഉപദേശകസമിതി അംഗങ്ങളുടെ ദേശങ്ങൾ കൂടി പരിഗണിച്ച്, ആഗോളസഭ കടന്നുപോയ്ക്കൊണ്ടിരിക്കുന്ന അവസ്ഥകളെക്കുറിച്ചുള്ള പൊതുവായ ഒരു വിശകലനം, സംഘർഷങ്ങളിലൂടെ കടന്നുപോകുന്ന ലോകത്തെക്കുറിച്ചുള്ള ആശങ്കകളും പ്രതീക്ഷകളും എന്നിവയും ചർച്ചകളിൽ സ്ഥാനം പിടിച്ചു.
2025 ഏപ്രിൽ മാസത്തിലായിരിക്കും കർദ്ദിനാൾ ഉപദേശകസമിതിയുടെ അടുത്ത സമ്മേളനമെന്ന് ഇതുസംബന്ധിച്ച് പുറത്തിറക്കിയ പത്രക്കുറിപ്പിൽ വത്തിക്കാൻ പ്രെസ് ഓഫീസ് അറിയിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: