യുദ്ധം തകർക്കുന്ന സിറിയയിൽ നിന്നുള്ള ഒരു ദൃശ്യം യുദ്ധം തകർക്കുന്ന സിറിയയിൽ നിന്നുള്ള ഒരു ദൃശ്യം  (AFP or licensors)

സിറിയയിൽ നിന്ന് ജനങ്ങൾ പലായനം ചെയ്യുന്നു , കർദ്ദിനാൾ ത്സെനാറി

കാലപകാരികളായ ജിഹാദികൾ നവംബർ 30-ന് ആലെപ്പൊ നഗരം പിടിച്ചെടുത്തുകൊണ്ട് ശക്തമായ ആക്രമണവുമായി മുന്നേറുന്ന പശ്ചാത്തലത്തിൽ ജനങ്ങൾ സിറിയയിൽ നിന്ന് പലായനം ചെയ്യുന്നു. അതിനു കഴിയാത്തവർ പേടിച്ച് വീടുകൾക്കുള്ളിൽ ഒതുങ്ങുന്നു. പട്ടിണി വർദ്ധിക്കുന്നു. സിറിയയിലെ അപ്പൊസ്തോലിക് നുൺഷ്യൊ ആയ കർദ്ദിനാൾ മാരിയൊ ത്സെനാറി അന്നാട്ടിലെ അവസ്ഥയെക്കുറിച്ച് വത്തിക്കാൻ മാദ്ധ്യമത്തോടു പറയുന്നു.

സൽവത്തോരെ ചെർണൂത്സിയൊ - ജോയി കരിവേലി, വത്തിക്കാൻ സിറ്റി

യുദ്ധഭൂമിയായ സിറിയയിൽ നിന്ന് ഓടിപ്പോകുക മാത്രമാണ് അന്നാട്ടിലെ ജനങ്ങളുടെ ഏക ലക്ഷ്യമെന്ന് അവിടത്തെ അപ്പൊസ്തോലിക് നുൺഷ്യൊ ആയ കർദ്ദിനാൾ മാരിയൊ ത്സെനാറി.

കാലപകാരികളായ ജിഹാദികൾ നവംബർ 30-ന് ആലെപ്പൊ നഗരം പിടിച്ചെടുത്തുകൊണ്ട് ശക്തമായ ആക്രമണവുമായി മുന്നേറുന്ന  പശ്ചാത്തലത്തിൽ അവിടത്തെ  ക്രൈസ്തവ ജനതയുടെ അവസ്ഥയെക്കുറിച്ച് വത്തിക്കാൻ മാദ്ധ്യമത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനങ്ങൾ വീടുകളിൽ അടച്ചുപൂട്ടിയിരിക്കയാണെന്നും സാധിച്ചവരെല്ലാം പലായനം ചെയ്തുവെന്നും സ്വഭവനങ്ങൾ വിട്ട് അന്നാട്ടിൽ തന്നെ മറ്റിടങ്ങളിലേക്ക് മാറിയിട്ടുള്ള ജനങ്ങളുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കയാണെന്നും ഇവരുടെ സംഖ്യ ഇപ്പോൾ 70 ലക്ഷത്തോളം വരുമെന്നും കർദ്ദിനാൾ ത്സെനാറി വെളിപ്പെടുത്തി.

14 വർഷമായി സിറിയ സംഘർഷവേദിയായണെന്നും കൊടും ദാരിദ്ര്യം അന്താരാഷ്ട്ര ഉപരോധങ്ങൾ ഭൂകമ്പം എന്നിവ ദുരിതപൂർണ്ണമായ ഒരവസ്ഥ സംജാതമാക്കിയിരിക്കുന്ന അവിടെ ഇപ്പോൾ അക്രമത്തിൻറെയും സംഘർഷത്തിൻറെയും പുതിയൊരു തരംഗം ഉണ്ടായിരിക്കയാണെന്നും വസ്തുത അദ്ദേഹം അനുസ്മരിക്കുന്നു.

ചിലയിടങ്ങളിൽ ഒരു ശാന്തത കാണുന്നുണ്ടെങ്കിലും ജനങ്ങൾ ഭയത്തിലാണെ കഴിയുന്നതെന്നു സർക്കാർ കാര്യാലയങ്ങൾ അപ്രത്യക്ഷമായിരിക്കയാണെന്നും സൈന്യത്തെപ്പോലും കാണാനില്ലെന്നും എല്ലായിടത്തും സായുധ സേനകൾ വട്ടം ചുറ്റുന്നുണ്ടുവെന്നും കർദ്ദിനാൾ ത്സെനാറി പ്രദേശിക സ്ഥിതി വിശദീകരിക്കുന്നു. സംഘർഷങ്ങൾക്ക് പരിഹാരം കാണാൻ ശ്രമിക്കുന്നതോടൊപ്പം അവ ഉണ്ടാകാതെ നോക്കാൻ പരിശ്രമിക്കണമെന്ന് അദ്ദേഹം അന്താരാഷ്ട്രസമൂഹത്തോട് അഭ്യർത്ഥിക്കുന്നു.

 

 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

03 December 2024, 12:52