മോൺസിഞ്ഞോർ ഫിലിപ്പോ ചമ്പനെല്ലിക്ക് മെത്രാൻ പദവി
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
പൗരസ്ത്യസഭകൾക്കുവേണ്ടിയുള്ള ഡിക്കസ്റ്ററിയുടെ ഉപകാര്യദർശിയായി സേവനം ചെയ്തു വന്നിരുന്ന മോൺസിഞ്ഞോർ ഫിലിപ്പോ ചമ്പനെല്ലിയെ ഫ്രാൻസിസ് പാപ്പാ മെത്രാൻ പദവിയിലേക്കുയർത്തി. 1978 ജൂലൈ 30 ന് ഇറ്റലിയിലെ നോവാരയിൽ ജനിച്ച മോൺസിഞ്ഞോർ ഫിലിപ്പോ, ജോർജിയ, അർമേനിയ, അസർബൈജാൻ, ബെലാറസ് എന്നിവിടങ്ങളിലെ വത്തിക്കാൻ നയതന്ത്ര കാര്യാലയങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. റോമിലെ പൊന്തിഫിക്കൽ ഗ്രിഗോറിയൻ സർവ്വകലാശാലയിൽ നിന്ന് ദൈവശാസ്ത്രത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കിയ അദ്ദേഹം, ഫ്രാൻസിസ് പാപ്പായുടെ ആരോഗ്യവൈഷമ്യ സമയങ്ങളിൽ, പ്രഭാഷണങ്ങൾ വായിക്കുകയും ചെയ്തിട്ടുണ്ട്.
2015 മുതൽ വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടേറിയറ്റിലെ പൊതുകാര്യങ്ങൾക്കുവേണ്ടിയുള്ള വിഭാഗത്തിൽ സേവനമനുഷ്ഠിച്ചു വരവെയാണ്, 2024 ഏപ്രിൽ മാസം പതിനഞ്ചാം തീയതി, ഫ്രാൻസിസ് പാപ്പാ അദ്ദേഹത്തെ പൗരസ്ത്യസഭകൾക്കായുള്ള ഡിക്കസ്റ്ററിയുടെ ഉപകാര്യദർശി (under secretary) യായി നിയമിക്കുന്നത്. പൗരസ്ത്യപാരമ്പര്യത്തിലുള്ള കത്തോലിക്കാ സഭകളുടെ വളർച്ച, അവകാശങ്ങൾ, ആരാധനാക്രമവും ആത്മീയവുമായ പൈതൃകങ്ങൾ എന്നിവ സംരക്ഷിക്കുന്നതിനും, ഊട്ടിയുറപ്പിക്കുന്നതിനും വേണ്ടിയാണ് പൗരസ്ത്യ തിരുസഭയുടെ ഡിക്കസ്റ്ററി നിലകൊള്ളുന്നത്.
അതേസമയം വത്തിക്കാനിലെ സംസ്കാരത്തിനും വിദ്യാഭ്യാസത്തിനുമുള്ളഡിക്കസ്റ്ററിയുടെ പുതിയ കാര്യദർശിയായി അതേ ഡിക്കസ്റ്ററിയിൽ ഉപകാര്യദർശിയായി സേവനം ചെയ്തുവന്നിരുന്ന മോൺസിഞ്ഞോർ കാർലോ മരിയ പോൾവാനിയെ ഫ്രാൻസിസ് പാപ്പാ നിയമിച്ചു. ആർച്ചുബിഷപ്പ് പദവി നൽകിക്കൊണ്ടാണ് അദ്ദേഹത്തിന് ഈ പുതിയ ഉത്തരവാദിത്വം പാപ്പാ ഏൽപ്പിച്ചിരിക്കുന്നത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: