മരിയൻ ആത്മീയ ജൂബിലി വേളയിൽ ഫാത്തിമമാതാവിന്റെ അത്ഭുതസ്വരൂപം റോമിൽ
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
2025 ഒക്ടോബർ 11, 12 തീയതികളിൽ റോമിൽ നടക്കാനിരിക്കുന്ന മരിയൻ ആത്മീയതയുടെ ജൂബിലിയോടനുബന്ധിച്ച്, ഫാത്തിമാ മാതാവിന്റെ തിരുസ്വരൂപം സംവഹിക്കപെടും. "നിരാശപ്പെടുത്താത്ത പ്രത്യാശയുടെ" പ്രതീകമായ പരിശുദ്ധ കന്യകാമറിയത്തിന്റെ തിരുസ്വരൂപം 2025 ഒക്ടോബർ 12 ഞായറാഴ്ച രാവിലെ 10:30 ന് വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ അർപ്പിക്കപ്പെടുന്ന വിശുദ്ധ ബലിയുടെ അവസരത്തിൽ വിശ്വാസികൾക്കിടയിൽ പ്രതിഷ്ഠിക്കും. ഈ കർമ്മം പ്രാർത്ഥനയുടെയും ധ്യാനത്തിന്റെയും അനുഭവത്തെ കൂടുതൽ ജീവാത്മകമാക്കും. തദവസരത്തിൽ വിശുദ്ധ പത്രോസിന്റെ ചത്വരത്തിലേക്കുള്ള പ്രവേശനത്തിനായി പ്രത്യേകം ടിക്കറ്റുകൾ ആവശ്യമില്ലെന്നും ഡിക്കസ്റ്ററി അറിയിച്ചു. എന്നാൽ ജൂബിലി പരിപാടികളിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ 2025 ഓഗസ്റ്റ് 10-നു മുൻപായി രജിസ്ട്രേഷനുകൾ നടത്തണമെന്നും ഡിക്കസ്റ്ററിയുടെ കുറിപ്പിൽ പറയുന്നു.
ഇത് നാലാം തവണയാണ് ഫാത്തിമ മാതാവിന്റെ അത്ഭുത സ്വരൂപം റോമിലേക്ക് സംവഹിക്കപ്പെടുന്നത്. 1984, 2000, 2013 വർഷങ്ങളിലാണ് ഇതിനു മുൻപ് ഫാത്തിമ മാതാവിന്റെ രൂപം റോമിലേക്ക് കൊണ്ടുവന്നിട്ടുള്ളത്. 2013 ൽ വിശ്വാസവർഷത്തിൽ റോമിലേക്ക് കൊണ്ടുവന്ന മാതാവിന്റെ സ്വരൂപത്തെ വണങ്ങുവാൻ ലക്ഷക്കണക്കിന് വിശ്വാസികളാണ് എത്തിച്ചേർന്നത്.
"ലോകമെമ്പാടുമുള്ള ക്രിസ്ത്യാനികൾക്ക് ഏറ്റവും പ്രധാനപ്പെട്ട മരിയൻ ഐക്കണുകളിൽ ഒന്നെന്ന നിലയിൽ ഫാത്തിമ മാതാവിന്റെ ചിത്രം 'തന്റെ മക്കളെ ഒരിക്കലും ഉപേക്ഷിക്കാത്ത അമ്മമാരുടെ ഏറ്റവും വാത്സല്യമുള്ളവൾ'എന്ന പ്രത്യേകതയും ഉൾക്കൊള്ളുന്നു. ഫാത്തിമ മാതാവിന്റെ തിരുസ്വരൂപത്തിന്റെ സാന്നിധ്യം, ജൂബിലി വേളയിൽ പരിശുദ്ധ അമ്മയുടെ യഥാർത്ഥ സാന്നിധ്യം അനുഭവിക്കുവാൻ എല്ലാവരെയും സഹായിക്കുമെന്നു സുവിശേഷവൽക്കരണത്തിനായുള്ള ഡിക്കാസ്റ്ററിയുടെ പ്രോ-പ്രിഫെക്റ്റ് മോൺസിഞ്ഞോർ റിനോ ഫിസിക്കെല്ല പറഞ്ഞു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: