വത്തിക്കാനിൽ വിശുദ്ധവാരകർമ്മങ്ങൾ
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
ജൂബിലി വർഷത്തോടനുബന്ധിച്ച് അനേകായിരം തീർത്ഥാടകർ എത്തിച്ചേരുന്ന വത്തിക്കാനിൽ, വിശുദ്ധവാര കർമ്മങ്ങളുടെ വിശദവിവരങ്ങൾ, വത്തിക്കാനിലെ ആരാധനക്രമകാര്യാലയം പ്രസിദ്ധീകരിച്ചു. ഏപ്രിൽ മാസം പതിമൂന്നാം തീയതി, ഓശാനഞായാറാഴ്ച്ച, രാവിലെ പത്തുമണിക്ക്, ജെറുസലേമിലേക്കുള്ള യേശുവിന്റെ പ്രവേശനത്തെ അനുസ്മരിച്ചുകൊണ്ട് പ്രത്യേക കർമ്മങ്ങളും, വിശുദ്ധ കുർബാനയും വത്തിക്കാനിൽ നടക്കും.
ഏപ്രിൽ പതിനേഴാം തീയതി, പെസഹാവ്യാഴ ദിനത്തിൽ, വിശുദ്ധ പത്രോസിന്റെ ബസിലിക്കയിൽ രാവിലെ 9. 30 നു വിശുദ്ധ കുർബാനയും തൈലം വെഞ്ചരിപ്പ് കർമ്മവും നടക്കും.
പതിനെട്ടാം തീയതി, ദുഃഖവെള്ളിയാഴ്ച വൈകുന്നേരം 5 മണിക്ക്, കർത്താവിന്റെ പീഡാനുഭവത്തിന്റെ കർമങ്ങൾ, ബസിലിക്കയിൽ വച്ച് നടത്തുകയും, തുടർന്ന് പതിവുപോലെ, ഇറ്റാലിയൻ സമയം രാത്രി 9.15 നു കുരിശിന്റെ വഴി പ്രാർത്ഥന കൊളോസിയത്തിൽ വച്ചും നടത്തും.
പത്തൊൻപതാം തീയതി ശനിയാഴ്ച്ച വൈകുന്നേരം ഏഴു മുപ്പതിന്, ആഘോഷമായ ഉയിർപ്പിന്റെ രാത്രികുർബാന വിശുദ്ധ പത്രോസിന്റെ ബസിലിക്കയിൽ വച്ച് നടക്കുകയും, പിറ്റേന്ന് ഉയിർപ്പുഞായാറാഴ്ച്ച, രാവിലെ 10. 30നു ആഘോഷമായ വിശുദ്ധ ബലിയും, ഊർബി എത്ത് ഓർബി ആശീർവാദവും, വത്തിക്കാൻ ചത്വരത്തിൽ വച്ച് നടക്കും.
കൗമാരക്കാരുടെ ജൂബിലിയുടെ ഭാഗമായി വാഴ്ത്തപ്പെട്ട കാർലോ അക്യുട്ടിസിനെ വിശുദ്ധനായി പ്രഖ്യാപിക്കുന്ന ചടങ്ങു ഏപ്രിൽ മാസം ഇരുപത്തിയേഴാം തീയതി, വത്തിക്കാൻ ചത്വരത്തിൽ വച്ചു നടക്കുമെന്നും അറിയിപ്പിൽ പറയുന്നു.
എന്നാൽ വിശുദ്ധ വാര ചടങ്ങുകളിൽ പാപ്പായുടെ സാന്നിധ്യത്തെക്കുറിച്ചു അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയിൽ ഉണ്ടാകുന്ന പുരോഗതി കണക്കാക്കിയായിരിക്കും തീരുമാനങ്ങൾ കൈക്കൊള്ളുന്നതെന്നു വത്തിക്കാൻ വാർത്താ കാര്യാലയം വ്യക്തമാക്കി.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: