റോമൻ കൂരിയയുടെ ധ്യാനം അവസാനിച്ചു
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
"നിത്യജീവന്റെ പ്രത്യാശ", എന്ന പ്രധാന ചിന്തയോടെ 2025 മാർച്ച് 9 മുതൽ 14 വരെ പോൾ ആറാമൻ ശാലയിൽ വച്ചുനടന്ന റോമൻ കൂരിയയുടെ നോമ്പുകാല ധ്യാനം പര്യവസാനിച്ചു. പൊന്തിഫിക്കൽ ഭവനത്തിന്റെ ധ്യാനപ്രഭാഷകനായ ഫാ. റോബെർത്തോ പസോലിനിയാണ് ധ്യാനം നയിച്ചത്. ചില ദിവസങ്ങളിൽ ഫ്രാൻസിസ് പാപ്പായും, റോമിലെ ജെമല്ലി ആശുപത്രിയിൽ നിന്നും ഓൺലൈനായി ധ്യാനത്തിൽ സംബന്ധിച്ചു.
മാർച്ചുമാസം പതിനാലാം തീയതി, ഇറ്റാലിയൻ സമയം രാവിലെ ഒമ്പതുമണിക്ക് ആരംഭിച്ച സമാപന ധ്യാനസന്ദേശത്തിൽ, മരണത്തിനുമപ്പുറം, നിത്യജീവിതത്തിലേക്കുള്ള രൂപാന്തരീകരണത്തിനു നമ്മെത്തന്നെ ഒരുക്കണമെന്ന് ഫാ. പസോലിനി പറഞ്ഞു. ഈ രൂപാന്തരീകരണം ഇന്ന് തന്നെ ആരംഭിക്കണമെന്നും സന്ദേശത്തിൽ ആഹ്വാനം ചെയ്തു.
എല്ലാം നശ്വരമായ ഈ ലോകത്ത് നാം അലയുന്നതിൽ എന്ത് അർത്ഥമാണുള്ളത് ? എന്ന ചോദ്യമുന്നയിച്ചുകൊണ്ടാണ് ഫാ. റൊബെർത്തോ അവസാന സന്ദേശം ആരംഭിച്ചത്. നിത്യതയിൽ പ്രത്യാശയില്ലാതെ മുൻപോട്ടു പോകുകയാണെങ്കിൽ, ജീവിതത്തിൻറെ ഭാരം നമ്മെ നിരാശയിലേക്കു തള്ളിവിടുമെന്നും, അതിനാൽ അനശ്വരതയിൽ നമ്മുടെ ദൃഷ്ടികൾ ഉറപ്പിക്കണമെന്നും അദ്ദേഹം ആമുഖമായി പറഞ്ഞു.
അനുദിനമുള്ള ശാരീരികമായ നാശങ്ങൾ യാഥാർഥ്യമെങ്കിലും, അവയിൽ സംഭവിക്കുന്ന ആന്തരിക നവീകരണത്തെപ്പറ്റി ബോധ്യമുള്ളവരാകണമെന്നു പറഞ്ഞ അദ്ദേഹം , പുനരുത്ഥാനത്തിലേക്കുള്ള ദൈവത്തിന്റെ തിരഞ്ഞെടുപ്പ് ഭാവനാത്മകസ്വപ്നമല്ല, മറിച്ച് അത് അസ്തിത്വത്തിന്റെ സ്വാഭാവിക യുക്തിയാണെന്നും കൂട്ടിച്ചേർത്തു.
ക്രിസ്തുവിന്റെ കുരിശിന്റെയും പുനരുത്ഥാനത്തിന്റെയും മഹാരഹസ്യം, നമ്മുടെ ജീവിതത്തിലും പരിവർത്തനത്തിന്റെ ഭാഗമാണെന്നും, പരാജയങ്ങൾ പോലും ഇതിൽ ഉൾപ്പെടുന്നുവെന്നും ഫാ. റൊബെർത്തോ പറഞ്ഞു. നാം നമ്മുടെ ജീവിതം ദൈവത്തിന് സമർപ്പിക്കുകയും പകരം ക്രിസ്തുവിനെ നമ്മുടെ ജീവിതത്തിൽ നാം സ്വീകരിക്കുകയും ചെയ്യുന്നു, അവൻ നമ്മെ അവന്റെ സ്നേഹത്തിലേക്ക് പരിവർത്തനം ചെയ്യുന്നു. ഇതിന്റെ ഏറ്റവും വലിയ തെളിവാണ് വിശുദ്ധ കുർബാനയിൽ സംഭവിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതിനാൽ പ്രത്യാശയോടുകൂടി ജീവിതത്തിൽ വ്യാപരിക്കുന്നതിനു അദ്ദേഹം എല്ലാവരെയും ക്ഷണിച്ചു. "നമ്മുടെ ജീവിതം അർത്ഥശൂന്യമായ ഒരു സിനിമയല്ല, മറിച്ച് ഒരു അസാധാരണ സംവിധായകൻ എഴുതി സംവിധാനം ചെയ്ത ഒരു സൃഷ്ടിയാണ്, അദ്ദേഹം നിത്യതയിലേക്ക് നമ്മുടെ നോട്ടം ഉറപ്പിക്കുന്നതിനും, വിശ്വാസത്തോടെ അവനിലേക്ക് നടക്കാനും നമ്മെ ക്ഷണിക്കുന്നു", ഫാ. റൊബെർത്തോ ഉപസംഹാരമായി പറഞ്ഞു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: