മനുഷ്യൻ ലോകത്തിൻറെ നാശത്തിനു കാരണഭൂതനാകുന്നു, ആർച്ചുബിഷപ്പ് പാല്യ!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
ഭൂതകാലത്തെ അപേക്ഷിച്ചുള്ള നവീനത, ഇന്ന് ലോകത്തിൻറെ നാശത്തിനു നമിത്തമാകുന്നത് കോപാകുലനായ ദൈവമല്ല, പ്രത്യുത, മനുഷ്യൻറെ വിപുലവും കടിഞ്ഞാണില്ലാത്തതുമായ ദുർവൃത്തിയാണെന്ന് ജീവനുവേണ്ടിയുള്ള പൊന്തിഫിക്കൽ അക്കാദമിയുടെ അദ്ധ്യക്ഷൻ ആർച്ചുബിഷപ്പ് വിൻചേൻസൊ പാല്യ.
ഈ പൊന്തിഫിക്കൽ അക്കാദമിയുടെ മാർച്ച് 3-5 വരെയുള്ള മുപ്പതാം സമ്പൂർണ്ണ സമ്മേളനത്തോടനുബന്ധിച്ച് 3,4 തീയതികളിൽ റോമിലെ അഗൊസ്തീനിയാനും ഇൻസ്റ്റിറ്റ്യൂട്ടിൽ “ലോകാന്ത്യമോ? പ്രതിസന്ധികളും, ഉത്തരവാദിത്വവും, പ്രതീക്ഷകളും” എന്ന ശീർഷകത്തിൽ സംഘടിപ്പിക്കപ്പെട്ട ശില്പശാലയിൽ ഉദ്ഘാടന പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.
നാം ലോകാന്ത്യത്തിൻറെതായ ഒരു അന്തരീക്ഷത്തിലാണോ ജീവിക്കുന്നത് എന്ന ചോദ്യത്തോടെ ആയിരുന്നു ആർച്ചുബിഷപ്പ് പാല്യ തൻറെ പ്രഭാഷണം ആരംഭിച്ചത്. ബൈബിളിൽ ഉല്പത്തിപ്പുസ്തകത്തിൽ പ്രതിപാദിക്കപ്പെട്ടിരിക്കുന്ന ലോകാന്ത്യ ജലപ്രളയത്തെയും നോഹയുടെ പെട്ടകത്തെയുംകുറിച്ചു പരാമർശിച്ചുകൊണ്ട് അദ്ദേഹം, ദൈവത്തിൻറെ ജീവിത പദ്ധതിക്ക് മത്യുവിലൂടെയും നാശത്തിലൂടെയും പുതിയൊരു തുടക്കത്തിലേക്കും സഞ്ചരിക്കാൻ കഴിയുന്ന ഒരു ഇടത്തിൻറെ പ്രതീകമാണ് നോഹയുടെ പേടകം എന്നു വിശദീകരിച്ചു.
സമാധാനം, ജനാധിപത്യം, ജനങ്ങൾ, മതങ്ങൾ, ശാസ്ത്ര, മാനവിക വിഷയങ്ങൾ എന്നിവ തമ്മിലുള്ള പരസ്പര സാംസ്കാരികവും വിവിധവിജ്ഞാനിയപരവുമായ സംഭാഷണം എന്നിവയാണ് ഐതിഹാസിക പ്രതിസന്ധിയുടെ അന്തരീക്ഷത്തിൽ നിന്ന് പുറത്തുകടക്കാനുള്ള വഴികളെന്ന് ആർച്ചുബിഷപ്പ് പാല്യ പ്രസ്താവിച്ചു. ആഗോള സാഹചര്യത്തിൽ, എല്ലാ കാലത്തും എല്ലായിടത്തും, നമുക്ക് പൊതുവായുള്ള മാനവികതയുമായുള്ള അവിഭാജ്യ ബന്ധത്തിന് അനുയോജ്യമായ ഒരു സംസ്കാരത്തിൻറെ മാതൃകയിലാണ് പൗരത്വം എന്ന ആശയം വികസിപ്പിക്കേണ്ടതെന്നും അത് സഹവർത്തിത്വത്തിൻറെയും സാഹോദര്യത്തിൻറെയും ശീർഷകമാണെന്നും മാനവാന്തസ്സിനെ മാനിക്കാനുള്ള ധാർമ്മിക ഇച്ഛാശക്തി സ്വയം പ്രാപ്യമാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പൊന്തിഫിക്കൽ അക്കാദമിയിലെ 130 വിദഗ്ദ്ധരും ഇരുനുറോളം അതിഥികളും ഈ ശില്പശാലയിൽ പങ്കെടുത്തു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: