വിശ്വാസജീവിതത്തിൽ സാഹചര്യങ്ങളെ വിലയിരുത്തുവാൻ സാധിക്കണം: ഫാ. പസോളിനി
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
"ക്രിസ്തുവിൽ നങ്കൂരമുറപ്പിച്ചുകൊണ്ട്, നവജീവിതത്തിലുള്ള പ്രത്യാശയിൽ വേരൂന്നിയതും സ്ഥാപിതമായതും" എന്ന വിഷയത്തെ ആസ്പദമാക്കിക്കൊണ്ട് 2025 ലെ നോമ്പുകാല ധ്യാനപ്രഭാഷണ പരമ്പരയുടെ രണ്ടാം ഭാഗം മാർച്ചുമാസം ഇരുപത്തിയെട്ടാം തീയതി വത്തിക്കാനിലെ പോൾ ആറാമൻ ശാലയിൽ വച്ച് ഇറ്റാലിയൻ സമയം രാവിലെ ഒമ്പതുമണിക്ക് നടന്നു. ആത്മാവിലുള്ള സ്വാതന്ത്ര്യത്തെ പറ്റിയാണ് പൊന്തിഫിക്കൽ ഭവനത്തിന്റെ ഔദ്യോഗിക പ്രഭാഷകനായ ഫാ. റോബെർത്തോ പസോളിനി ചിന്തകൾ പങ്കുവച്ചത്. യേശുവിന്റെ പരസ്യജീവിതകാലത്തെ ചില സംഭവങ്ങളുടെ അടിസ്ഥാനത്തിലാണ് ചിന്തകളെ അവതരിപ്പിച്ചത്. തന്റെ രക്ഷാദൗത്യത്തെക്കുറിച്ചുള്ള അവബോധം യേശു, തന്നെത്തന്നെ വെളിപ്പെടുത്തുന്ന വാക്കുകളിൽപ്പോലും വ്യക്തമാക്കിയിരുന്നുവെന്നും, സുവിശേഷം പ്രസംഗിക്കുവാനായി മറ്റിടങ്ങളിലേക്ക് യാത്ര ചെയ്യുന്നതിന് യേശു ശിഷ്യർക്ക് നൽകുന്ന പ്രേഷിതദൗത്യം ഏറെ പ്രധാനപ്പെട്ടതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ക്രിസ്തീയജീവിതത്തിൽ ദൈവവചനത്തിന്റെ പ്രാധാന്യവും ഫാ. പസോളിനി എടുത്തുപറഞ്ഞു. മനുഷ്യജീവിതത്തിന്റെ യാഥാർത്ഥ്യത്തിലും സങ്കീർണ്ണതയിലും ദൈവവചനത്തിന്റെ പ്രേരകശക്തി മനസിലാക്കണമെന്നും, അതിനു മാനുഷിക പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട്, യേശുവിനെപോലെ സാവധാനവും, സാധാരണവുമായ ജീവിതം നയിച്ചാൽ മാത്രം മതിയെന്നും, അസാധാരണത്വം ഒഴിവാക്കപ്പെടണമെന്നും ഫാ. പസോളിനി അടിവരയിട്ടു പറഞ്ഞു. 'വളരുക' എന്നത് യാന്ത്രികമായ വെറും പരിണാമ പ്രക്രിയയല്ല, മറിച്ച് സാഹചര്യങ്ങൾ വിലയിരുത്തുവാനുള്ള കഴിവ് ആർജ്ജിക്കുക എന്നതാണ് ഏറെ പ്രധാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജനപ്രീതിയിൽ സന്തുഷ്ടി കണ്ടെത്തുന്നത് ഉപരിപ്ലവവും യേശുവിൽ നിന്നും നമ്മെ അകറ്റുന്നതാണെന്നും, ഈ പ്രലോഭനത്തെ അതിജീവിക്കുവാൻ ആധികാരികമായ ഒരു വിശ്വാസജീവിതം കെട്ടിപ്പടുക്കണമെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി. നമ്മുടെ നിലവിളികൾക്ക് മുൻപിൽ യേശുവിന്റെ നിശബ്ദത നമ്മെ അലോസരപ്പെടുത്തുന്നത് സ്വാഭാവികമാണെന്നും, എന്നാൽ അഹങ്കാരത്തിൽ മുഴുകാതെയും, ധൈര്യം കൈവിടാതെയും, പ്രത്യാശയോടെ കൂടുതൽ ദൈവത്തോട് അടുത്തുനിൽക്കുവാനുള്ള അവസരമാണ് ഇതെന്നും വിശുദ്ധ ഗ്രന്ഥത്തിലെ ചില അധ്യായങ്ങൾ ചൂണ്ടിക്കാണിച്ചുകൊണ്ട് ഫാ. റോബെർത്തോ വിശദീകരിച്ചു.
അത്ഭുതങ്ങൾക്കു ഉപരിയായി ദൈവത്തിന്റെ കൃപയിൽ ആശ്രയം വയ്ക്കുന്നതിനുള്ള ക്രൈസ്തവജീവിതത്തിന്റെ ആവശ്യകതയെയും അദ്ദേഹം ചൂണ്ടിക്കാട്ടി. നമ്മുടെ ആന്തരിക ദുർബലത മനസിലാക്കുന്നവനാണ് ദൈവമെന്നും, എന്നാൽ ദുർബലതയിലും, അവന്റെ സാന്നിധ്യം നാം മനസിലാക്കണമെന്നു, കൊടുങ്കാറ്റിൽ അകപ്പെട്ടു പോയ ശിഷ്യരുടെ സംഭവം ഓർമ്മപ്പെടുത്തിക്കൊണ്ട് അദ്ദേഹം വിശദീകരിച്ചു. നാമെല്ലാവരും ദൈവത്തിന്റെ മക്കളും, പരസ്പരം സഹോദരങ്ങളും ആണെന്നുള്ള വിളി തിരിച്ചറിയണമെന്നും, അതിൽ നിന്നും നമ്മെ അകറ്റുവാനുള്ള പ്രലോഭനങ്ങൾ തിരിച്ചറിയണമെന്നും സന്ദേശത്തിൽ ഓർമ്മപ്പെടുത്തി.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: