ജൂബിലി, നവീകരണത്തിനുള്ള സമയം, ബിഷപ്പ് ക്ലാവുദിയൊ ജുലിയൊദോറി!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
പ്രത്യാശയുടെ തീർത്ഥാടനത്തിൽ നമുക്ക് ദൈവവചനം നമുക്ക് തുണയാകട്ടെയെന്ന് മെത്രാൻ ക്ലാവുദിയൊ ജുലിയൊദോറി.
ഫ്രാൻസിസ് പാപ്പാ ചികിത്സയിൽ കഴിയുന്ന ജെമേല്ലി ആശുപത്രിയും ഉൾപ്പെടുന്ന യുറോപ്പിലെ ഏറ്റവും വലിയതും ഇറ്റലിയിൽ ദേശീയം എന്നു പറയാവുന്നതുമായ കത്തോലിക്കാ സർവ്വകലാശാലയായ തിരുഹൃദയ കത്തോലിക്കാ സർവ്വകലാശാലയുടെ അസ്സിസ്റ്റൻറ് എക്ലെസിയാസ്റ്റിക്കൽ ജനറൽ പദവിയുള്ള അദ്ദേഹം ജൂബിലിവത്സരത്തിലെ ജെമേല്ലി ആശുപത്രിയുടെ ജൂബിലിയാചരണത്തോടനുബന്ധിച്ച് വത്തിക്കാനിൽ വിശുദ്ധ പത്രോസിൻറെ ബസിലിക്കയിൽ ശനിയാഴ്ച (01/03/2025) രാവിലെ അർപ്പിച്ച ദിവ്യബലി മദ്ധ്യേ സുവിശേഷ സന്ദേശം നല്കുകയായിരുന്നു.
പാപ്പായുടെ സൗഖ്യത്തിനും തൻറെ അപ്പൊസ്തോലിക ശുശ്രൂഷ തുടരുന്നതിനാവശ്യമായ ശക്തി പൂർണ്ണമായി വീണ്ടെടുക്കുന്നതിന് പാപ്പായ്ക്ക് സാധിക്കുന്നതിനും അനുയോച്യമായ ചികിത്സ തിരഞ്ഞെടുക്കാൻ പാപ്പായെ ചികിത്സിക്കുന്ന വൈദ്യസംഘത്തിനു കഴിയുന്നതിനും വേണ്ടി പ്രാർത്ഥിക്കാൻ അദ്ദേഹം ഭിഷഗ്വരന്മാരും നഴ്സുമാരും ഉൾപ്പെടെ ദിവ്യബലിയിൽ പങ്കുകൊണ്ട എല്ലാവരെയും തൻറെ വിചിന്തനത്തിൻറെ ആരംഭത്തിൽ ക്ഷണിച്ചു.
കുഞ്ഞുങ്ങളെപ്പോലെ ആയിത്തീരാൻ യേശു ആഹ്വാനം ചെയ്യുന്ന സുവിശേഷഭാഗം ഈ ദിവ്യബലി മദ്ധ്യേ വായിക്കപ്പെട്ടത് അനുസ്മരിച്ച ബിഷപ്പ് ജുലിയൊദോറി നമ്മുടെ ബാല്യത്തിൻറെതായ ആദ്ധ്യാത്മികമായ ആനന്ദവും ഉത്സാഹവും സ്വാഭാവികതയും വീണ്ടും കണ്ടെത്തുകയും വീണ്ടും തുടങ്ങുകയും ചെയ്യാനുള്ള സമയമാണ്, കുഞ്ഞുങ്ങളെപ്പോലെ ആകാനുള്ള സമയമാണ്, ഈ ജൂബിലിവേളയെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
ഓരോ മനുഷ്യജീവൻറെയും മഹത്തായ അന്തസ്സും മൂല്യവും നഷ്ടപ്പെടുത്താതെ സ്വന്തം പരിമിതിയെക്കുറിച്ച് അവബോധം പുലർത്തണമെന്നും, പരിമിതിയെക്കുറിച്ചുള്ള ഈ അവബോധം മാനവാന്തസ്സിന് കുറവുവരുത്തുന്നില്ലയെന്നും രോഗീപരിചരണത്തിൽ ദൈനംദിന പ്രതിബദ്ധത ആവശ്യമാണെന്നും ഈ ദിവ്യബലി മദ്ധ്യേ വായിക്കപ്പെട്ട സഭാപ്രസംഗകൻറെ പുസ്തകത്തിൽ നിന്നുള്ള വായനയെ ആധാരമാക്കി ബിഷപ്പ് ജുലിയൊദോറി വിശദീകരിച്ചു.
1921 ഡിസംബർ 7-നാണ് ഇറ്റലിയിൽ, ജെമേല്ലി പോളിക്ലിനിക്കും ഉൾപ്പെടുന്ന തിരുഹൃദയ കത്തോലിക്കാ സർവ്വകലാശാല സ്ഥാപിതമായത്. മിലാൻ, ബ്രേഷ്യ, പ്യചേൻസ, ക്രെമോണ, റോം എന്നിവിടങ്ങളിലായി ഈ സർവ്വകലാശാല വ്യാപിച്ചുകിടക്കുന്നു. ഭിഷഗ്വരനായിരുന്ന കപ്പൂച്ചിൻ വൈദികൻ അഗൊസ്തീനൊ ജെമേല്ലിയും സുഹൃത്തുക്കളും ചേർന്നാണ് ഇതിനു തുടക്കമിട്ടത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: