റംസാൻ മാസ ആശംസകളുമായി വത്തിക്കാൻ
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
ഉപവാസം, പ്രാർത്ഥന, പങ്കുവയ്ക്കൽ എന്നീ പുണ്യങ്ങളിൽ അടിസ്ഥാനമാക്കിയ മുസ്ളീം സഹോദരങ്ങളുടെ റംസാൻ മാസം ദൈവത്തോട് കൂടുതൽ അടുക്കുന്നതിനും, വിശ്വാസം, അനുകമ്പ, ഐക്യദാർഢ്യം എന്നീ അടിസ്ഥാന മൂല്യങ്ങളിൽ വളരുന്നതിനും ഇടയാകട്ടെയെന്നു ആശംസിച്ചുകൊണ്ട്, വത്തിക്കാനിലെ മതാന്തര സംഭാഷണത്തിനായുള്ള ഡിക്കസ്റ്ററി സന്ദേശം പ്രസിദ്ധീകരിച്ചു. ക്രൈസ്തവരുടെ നോമ്പുകാലത്തോട് റംസാൻ മാസം ഏറെ യോജിച്ചിരിക്കുന്നതിനാൽ, ക്രിസ്ത്യാനികളും മുസ്ലീങ്ങളും വിശുദ്ധി, പ്രാർത്ഥന, ദാനധർമ്മം എന്നിവയുടെ പാതയിൽ ഒരുമിച്ച് നടക്കാനുള്ള സവിശേഷമായ അവസരമാണെന്നും, ഈ പങ്കുവയ്ക്കലിൽ ക്രിസ്ത്യാനികൾക്കുള്ള സന്തോഷവും സന്ദേശത്തിൽ അടിവരയിട്ടു പറഞ്ഞു.
നാമെല്ലാവരും ഈ ഭൂമിയിലെ തീർത്ഥാടകരാണെന്നും, മെച്ചപ്പെട്ട ഒരു ജീവിതം നയിക്കുവാൻ ഒരുമിച്ചു നടക്കേണ്ടത് ഏറെ ആവശ്യമാണെന്നും സന്ദേശത്തിൽ എടുത്തു പറയുന്നു. കേവലം ഒരു മാസത്തെ നോമ്പ് എന്നതിലുപരി, കത്തോലിക്കർ റംസാൻ മാസത്തെ ആന്തരിക പരിവർത്തനത്തിന്റെ മാതൃകാകാലഘട്ടമായി കരുതുന്നുവെന്നും, ആത്മീയ ശിക്ഷണത്തിന്റെ ഈ സമയം ദൈവീകഭക്തി വളർത്തിയെടുക്കാനുള്ള അവസരമാണെന്നും സന്ദേശത്തിൽ കൂട്ടിച്ചേർത്തു. നോമ്പുകാലവും ഇതുപോലെ ആന്തരിക പരിവർത്തനത്തിന്റെ പാതയാണെന്നുള്ള സത്യവും സന്ദേശത്തിൽ ഓർമ്മിപ്പിച്ചു.
അനീതിയും, സംഘട്ടനവും, ഭാവിയെക്കുറിച്ചുള്ള അനിശ്ചിതത്വവും അടയാളപ്പെടുത്തിയിരിക്കുന്ന ഒരു ലോകത്തിൽ സാഹോദര്യവും, ആധികാരിക സംഭാഷണവും ഊട്ടിയുറപ്പിച്ചുകൊണ്ട് പ്രത്യാശയുടെ സാക്ഷികളായി മാറുവാൻ ക്രിസ്ത്യാനികളും, മുസ്ലീങ്ങളും ഒരുമിച്ചു നിൽക്കണമെന്നും സന്ദേശത്തിൽ ആഹ്വാനം ചെയ്യുന്നു. അതിനാൽ പരസ്പരം ബഹുമാനിച്ചുകൊണ്ട്, സഹോദരീസഹോദരങ്ങളെന്ന നിലയിൽ ജീവിക്കുവാനും സന്ദേശത്തിൽ പ്രത്യേകം അടിവരയിടുന്നു. വ്യത്യാസങ്ങൾക്കപ്പുറം നമ്മെ ഒന്നിപ്പിക്കുന്ന ദൈവത്തിലുള്ള നമ്മുടെ വിശ്വാസം, നമ്മെ സഹോദര്യത്തിൽ കൂട്ടിച്ചേർക്കട്ടെയെന്ന ആശംസയും സന്ദേശത്തിൽ നൽകി. ഫ്രാൻസിസ് പാപ്പാ പറയുന്നതുപോലെ മതിലുകളുടെ ഒരു സംസ്കാരം സൃഷ്ടിക്കാനുള്ള പ്രലോഭനങ്ങളെ ചെറുത്തു തോൽപ്പിച്ചുകൊണ്ട് സംഭാഷണത്തിലൂടെ സാഹോദര്യത്തിൽ അധിഷ്ഠിതമായ ഒരു പൊതു ഭാവി കെട്ടിപ്പടുക്കുക എന്ന വെല്ലുവിളി ഏറ്റെടുക്കണമെന്ന് സന്ദേശത്തിൽ ആഹ്വാനം ചെയ്തു. ഈദുൽ ഫിത്തറിന്റെ ആശംസകളും സന്ദേശത്തിൽ പങ്കുവച്ചു. ഡിക്കസ്റ്ററിയുടെ പ്രീഫെക്ട് കർദിനാൾ ജോർജ് ജേക്കബ് കൂവക്കാടാണ് സന്ദേശത്തിൽ ഒപ്പുവച്ചിരിക്കുന്നത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: