ഫ്രാൻസിസ് പാപ്പായുടെ സൗഖ്യത്തിനായുള്ള വത്തിക്കാനിലെ ജപമാലയത്നം തുടരുന്നു
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന് ന്യൂസ്
ജപമാല പ്രാർത്ഥനയിലൂടെ, പരിശുദ്ധ പിതാവ് ഫ്രാൻസിസ് പാപ്പായുടെ സൗഖ്യത്തിനായി പ്രാർത്ഥിക്കാൻ ആഹ്വാനം ചെയ്ത് ആർച്ച്ബിഷപ് ആഞ്ചെലോ വിൻചെൻസൊ സാനി. ഫെബ്രുവരി 14 മുതൽ റോമിലെ ജെമെല്ലി ആശുപത്രിയിൽ ചികിത്സയിൽ തുടരുന്ന പാപ്പായ്ക്കായി കഴിഞ്ഞ ഏതാനും ആഴ്ചകളായി വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ ജപമാലപ്രാർത്ഥന നടന്നുവരുന്നതിന്റെ ഭാഗമായി, മാർച്ച് 20 വ്യാഴാഴ്ച വൈകുന്നേരം ജപമാലപ്രാർത്ഥന നയിച്ച വേളയിലാണ് സഭയുടെ മാതാവായ പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥ്യം തേടുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച്, വത്തിക്കാൻ ആർക്കിവിസ്റ്റും റോമൻ സഭയുടെ ലൈബ്രെറിയാനുമായ ആർച്ച്ബിഷപ് സാനി ഓർമ്മിപ്പിച്ചത്.
വത്തിക്കാനിൽ സേവനമനുഷ്ഠിക്കുന്ന നിരവധി കർദ്ദിനാൾമാരുടെയും മെത്രാന്മാരുടെയും, മോൺസിഞ്ഞോർമാരുടെയും വൈദികരുടെയും സന്ന്യാസിനീസന്ന്യാസികളുടെയും, റോം രൂപതയിൽനിന്നും മറ്റു പ്രദേശങ്ങളിൽനിന്നുമുള്ള വിശ്വാസികളുടെയും സാന്നിദ്ധ്യത്തിലാണ് മാർച്ച് ഇരുപതിന് വൈകുന്നേരം ഏഴരയ്ക്ക് ജപമാല പ്രാർത്ഥന നടന്നത്.
പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥ്യത്താൽ ദൈവം വിശ്വാസികളിലെ പ്രത്യാശ പുനരുജ്ജീവിപ്പിക്കട്ടെയെന്നും, വിശ്വാസം ശക്തിപ്പെടുത്തട്ടെയെന്നും, അങ്ങനെ രക്ഷയിലേക്കുള്ള മാർഗ്ഗത്തിൽനിന്ന് ഒന്നും അവരെ വഴിതെറ്റിക്കാതിരിക്കട്ടെയെന്നും ആർച്ച്ബിഷപ് സാനി തന്റെ പ്രാർത്ഥനയിൽ അപേക്ഷിച്ചു.
മാർച്ച് 21 വെള്ളിയാഴ്ച വൈകുന്നേരം നടക്കുന്ന ജപമാലപ്രാർത്ഥന, റോമിലെ സുവിശേഷവത്കരണത്തിനായുള്ള ഡികാസ്റ്ററിയുടെ കീഴിലുള്ള ഉർബാനിയൻ കോളേജ് റെക്ടർ ഫാ. അർമാന്തോ നൂഞ്ഞെസായിരിക്കും നയിക്കുക.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: