സമത്വമില്ലാതെ വര്‍ദ്ധിക്കുന്ന ഇന്നിന്‍റെ സമ്പത്തുകള്‍
- ഫാദര്‍ വില്യം നെല്ലിക്കല്‍
1. യൂറോപ്യന്‍ യൂണിയനില്‍ വത്തിക്കാന്‍
യൂറോപ്യന്‍ യൂണിയന്‍റെ സുരക്ഷയ്ക്കും സഹകരണത്തിനുമുള്ള സംഘടനയുടെ (OSCE) വിയെന്ന സമ്മേളനത്തില്‍ വത്തിക്കാന്‍റെ പ്രതിനിധി, ആര്‍ച്ചുബിഷപ്പ് യാനൂസ് ഊര്‍ബാന്‍സിക് നവംബര്‍ 3-ന് അവതരിപ്പിച്ച പ്രബന്ധത്തിലാണ് ഇന്നത്തെ സമത്വമില്ലാത്ത സാമ്പത്തിക ചുറ്റുപാടുകള്‍ ചൂണ്ടിക്കാട്ടിയത്. സുസ്ഥിതി വികസനത്തിനും സാമ്പത്തിക സ്ഥിരതയ്ക്കുമായി “മദ്ധ്യധരണ്യാഴി പ്രദേശത്തെ സുരക്ഷ” എന്ന വിഷയം കേന്ദ്രീകരിച്ചായിരുന്നു സമ്മേളനം നടന്നത്.
2. കാലികമായി രൂപംകൊള്ളേണ്ട
നവമായ സമ്പദ് വ്യവസ്ഥ
സുരക്ഷാനയങ്ങളും നീക്കങ്ങളും സമഗ്രമായ രീതിയിലാണ് കൈകാര്യംചെയ്യേണ്ടത്. ഇന്ന് ലോകം നേരിടുന്ന ഊര്‍ജ്ജത്തിന്‍റെ സംരക്ഷണം, കാലാവസ്ഥ വ്യതിയാനം, കുടിയേറ്റം, കോവിഡ് 19 കാരണമാക്കിയിട്ടുള്ള സാമ്പത്തിക പ്രതിസന്ധി എന്നിവ പരിഹരിച്ചുകൊണ്ട് ഒരു പുതുസമ്പദ് വ്യവസ്ത രൂപംകൊള്ളണമെന്ന് വത്തിക്കാന്‍റെ പ്രതിനിധി സമ്മേളനത്തില്‍ അഭിപ്രായപ്പെട്ടു.
ഇക്കാര്യത്തില്‍ പാപ്പാ ഫ്രാന്‍സിസിന്‍റെ നിരീക്ഷണങ്ങള്‍ ആര്‍ച്ചുബിഷപ്പ് യാനൂസ് പ്രബന്ധത്തില്‍ ഉദ്ധരിച്ചു. “ചില സാമ്പത്തിക നയങ്ങളും നിയമങ്ങളും വളര്‍ച്ചയെ സഹായിച്ചിട്ടുണ്ട്, എന്നാല്‍ അവ സമഗ്രമാനവ വികസനമല്ല. അതുപോലെ സമ്പത്ത് വികസിച്ചിട്ടുണ്ടെന്നത് ശരിയാണെങ്കിലും അസമത്വത്തോടെയാണെന്ന് പാപ്പാ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. തത്ഫലമായി ദാരിദ്ര്യത്തിന്‍റെ പുതിയ രൂപങ്ങള്‍ സമൂഹത്തില്‍ ഉയര്‍ന്നു വരികയാണെന്ന്” പാപ്പാ ഫ്രാന്‍സിസ് പ്രസ്താവിച്ചിട്ടുള്ളതും ആര്‍ച്ചുബിഷപ്പ് സമ്മേളനത്തിന്‍റെ ശ്രദ്ധയില്‍പ്പെടുത്തി.
3. ദാരിദ്ര്യത്തിന്‍റെ നവമായ രൂപങ്ങള്‍
കോവിഡ് 19 ഇക്കാലഘട്ടത്തില്‍ കാരണമാക്കിയിട്ടുള്ള ദാരിദ്ര്യത്തിന്‍റെ പുത്തന്‍ രൂപങ്ങള്‍ അവഗണിക്കാവുന്നതല്ല. അതുപോലെ മഹാമാരി നമ്മുടെ ആരോഗ്യ സുരക്ഷാസംവിധാനത്തെ സാരമായി ബാധിച്ചിട്ടുള്ളതും സമൂഹത്തില്‍ നീണ്ടകാല പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുവാന്‍ ഇടയുള്ളതുമാണ്. സാങ്കേതിക വിദ്യയിലൂടെ വിവരങ്ങള്‍ ശരിയായി ലഭിക്കാതെ വരുന്നതിനാല്‍ വിദ്യാഭ്യാസം തടസ്സപ്പെടുന്നതും, സാമൂഹികമായി മനുഷ്യര്‍ അനുഭവിക്കുന്ന ഒറ്റപ്പെടലും, വര്‍ദ്ധിച്ച അക്രമങ്ങളും, മനുഷ്യരുടെ മാനസിക ദുരവസ്ഥയുമെല്ലാം ദാരിദ്ര്യത്തിന്‍റെ പുതിയ രൂപങ്ങള്‍ തന്നെയാണെന്ന് ആര്‍ച്ചുബിഷപ്പ് ഊര്‍ബാന്‍സിക്ക് ചൂണ്ടിക്കാട്ടി.
4. ഓണ്‍ലൈന്‍ ജോലിയും സ്ത്രീകളും
സ്ത്രീകള്‍ക്കുണ്ടാകുന്ന വര്‍ദ്ധിച്ച തൊഴില്‍ഭാരത്തിന്‍റെ വിശദാംശങ്ങളിലേയ്ക്കും ആര്‍ച്ചുബിഷപ്പ് സമ്മേളനത്തിന്‍റെ ശ്രദ്ധതിരിച്ചു. ഇന്ന് വീടുകളില്‍ ഇരുന്നുള്ള ഓണ്‍ലൈന്‍ തൊഴില്‍ ആവശ്യമായിരിക്കുമ്പോഴും, സ്ത്രീകള്‍ വീട്ടിലായിരിക്കുന്നതിനാല്‍ അതോടൊപ്പം വീട്ടുജോലികളും ഒരേസമയം ചെയ്യേണ്ടിവരുന്നുണ്ട്. തൊഴില്‍ നഷ്ടപ്പെടുന്നവര്‍, പ്രത്യേകിച്ച് അസംഘടിത മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് യാതൊരു സാമ്പത്തിക സുരക്ഷയും ആനുകൂല്യങ്ങളും ഇല്ലാതാവുന്നതും തൊഴിലിന്‍റെ ദുരവസ്ഥയാണ്. ഒപ്പം ധാരാളം സ്ത്രീകള്‍ തൊഴിലില്ലാത്തവരായിട്ടുള്ളത് യാതൊരു മുന്നറിയിപ്പും ഇല്ലാതെയുമാണ്.
5. മഹാമാരിയുടെ വെല്ലുവിളി
മഹാമാരി കാരണമാക്കിയിട്ടുള്ള സാമ്പത്തിക അസമത്വങ്ങള്‍ ഇനിയും വര്‍ദ്ധിക്കുവാനാണ് സാദ്ധ്യത. അതിനാല്‍ പൊതുനന്മയ്ക്കും സമഗ്ര മാനവപുരോഗതിക്കുമായി പ്രവര്‍ത്തിക്കുകയെന്നു പറയുമ്പോള്‍ ഈ മഹാമാരി പൊതുസമൂഹത്തിന്‍റെ മുന്നില്‍ വയ്ക്കുന്ന വലിയ വെല്ലുവിളിയെ നേരിടണമെന്നും ചൂണ്ടിക്കാണിച്ചുകൊണ്ടാണ് ആര്‍ച്ചുബിഷപ്പ് ഊര്‍ബാന്‍സിക്ക് പ്രബന്ധം ഉപസംഹരിച്ചത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: