രക്ഷയുടെ പ്രത്യാശ പകരുന്ന സങ്കീര്‍ത്തനം
- ഫാദര്‍ വില്യം നെല്ലിക്കല്‍
1. ഏറെ ജനകീയമായ സങ്കീര്‍ത്തനം
സങ്കീര്‍ത്തനം 63-ന്‍റെ ആത്മീയവിചിന്തനം നമുക്കു തുടരാം. പൊതുവെ ജനങ്ങള്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട സങ്കര്‍ത്തനം എന്ന് ഈ ഗീതത്തെക്കുറിച്ച് പറയാറുണ്ട്. സഭാപിതാവായ ജോണ്‍ ക്രിസോസ്റ്റം (ക്രിസ്താബ്ദം 347-407) പറയുന്നത് സങ്കീര്‍ത്തനം 63-ന്‍റെ പൊതുവായ ആലാപനമില്ലാതെ ഒരു ദിവസവും ജീവിതത്തില്‍ കടന്നുപോകരുതെന്നാണ്. ബൈബിളിലെ സങ്കീര്‍ത്തന ഗ്രന്ഥത്തിന്‍റെ പൂര്‍ണ്ണ ആത്മാവും അരൂപിയും സങ്കീര്‍ത്തനം 63-ല്‍ ഒളിഞ്ഞിരിപ്പുണ്ടെന്നും വിശുദ്ധ ക്രിസോസ്റ്റം സാക്ഷ്യപ്പെടുത്തുന്നു. പുരാതനകാലത്ത് ദേവാലയത്തില്‍ സങ്കീര്‍ത്തനാലാപനം തുടങ്ങുന്നതിന് ആമുഖമായി 63-Ɔο സങ്കീര്‍ത്തനം ആലപിച്ചിരുന്നത്രേ! ഗീതത്തിന്‍റെ വരികള്‍ ശ്രവിച്ചുകൊണ്ട് ആത്മീയ വിചിന്തനം തുടരാം.
ഈ സങ്കീര്‍ത്തനം ഗാനവിഷ്ക്കാരംചെയ്തത് ഫാദര്‍ വില്യം നെല്ലിക്കലും ഹാരി കൊറയയും...
ആലാപനം അനൂപും സംഘവും.
Musical Version of Ps. 63 – Unit One :
ആത്മാവെന്നും ദാഹിപ്പൂ
അങ്ങേയ്ക്കായെന്‍ സകലേശാ (2).
കര്‍ത്താവേ, അങ്ങയുടെ കാരുണ്യം
ജീവനെക്കാള്‍ അഭികാമ്യമാണ്
എന്‍റെ അധരങ്ങള്‍ അങ്ങയെ സ്തുതിക്കുന്നു
അങ്ങയെ എന്നും വാഴ്ത്തുന്നു.
- ആത്മാവെന്നും...
2. ക്ലേശങ്ങളില്‍ ദൈവം തരുന്ന പ്രത്യാശ
സങ്കീര്‍ത്തനം 63-ന്‍റെ വരികള്‍ വരച്ചുകാട്ടുന്നത് ജീവിത സമ്മര്‍ദ്ദത്തില്‍ എത്തിയ മനുഷ്യനെയാണ്. ആ മനുഷ്യന്‍ ദാവീദ് രാജാവായിരുന്നുവെന്ന് കഴിഞ്ഞ ഭാഗത്ത് നാം കണ്ടതാണ്. സ്വന്തം പുത്രനാല്‍ പരിത്യക്തനായി രാജാവ്, രാജസ്ഥാനം വിട്ടകന്ന്, ഒളിച്ചോടി വിജനപ്രദേശത്ത് ഭീതിയില്‍ പാര്‍ക്കേണ്ടിവന്ന സാഹചര്യത്തില്‍ രാജാവ് അനുഭവിച്ച മനോവ്യഥകള്‍ കണ്ണീരോടും വിലാപത്തോടുംകൂടെ രേഖാംഗിതമായിരിക്കുന്നതാണ് ഈ ഗീതമെന്ന് കരുതുന്ന നിരൂപകന്മാരുടെ അഭിപ്രായ പ്രകടനം നാം മനസ്സിലാക്കിയതാണ്. ആധുനികകാലത്ത് എത്രയോ മാതാപിതാക്കളാണ് – അമ്മമാരും അച്ഛന്മാരുമാണ് മക്കളാല്‍ പരിത്യക്തരാകുന്നത്. മക്കളെ വളര്‍ത്തി പക്വമാര്‍ന്ന പ്രായത്തില്‍ എത്തിക്കുമ്പോള്‍ എന്തെല്ലാം പ്രതീക്ഷകളാണ് അവര്‍ക്കുള്ളത്?
മക്കള്‍ ഉത്തരവാദിത്വങ്ങളില്‍നിന്നുകൊണ്ട് അവരെ സഹായിക്കും, അവരെ പിന്‍തുണയ്ക്കുമെന്നല്ലാമുള്ള പ്രതീക്ഷയോടെയാണ് ജീവിതം മുന്നോട്ടു തള്ളിനീക്കിയത്. എന്നാല്‍ മറിച്ചു സംഭവിക്കുന്ന കേസുകള്‍ സമകാലീന ലോകത്തും സമൂഹങ്ങളിലും വളര്‍ന്നുവരികയാണ്. സ്നേഹത്തോടും പ്രതീക്ഷയോടുംകൂടെ വളര്‍ത്തിയവരെ മക്കള്‍ പരിത്യജിക്കുമ്പോള്‍ അവര്‍ കടന്നുപോകുന്ന വേദനയും, അതിന്‍റെ സമ്മര്‍ദ്ദവും വളരെ വലുതാണ്. പ്രശാന്തമായും മനഃസ്സമാധാനത്തോടെയും ജീവിക്കേണ്ട അവസ്ഥയില്‍ സ്വന്തം മകളില്‍നിന്നോ, മകനില്‍നിന്നോ, അല്ലെങ്കില്‍ കൂടെയുള്ള സ്നേഹിക്കുന്നവരില്‍നിന്നോ ലഭിക്കുന്ന നിന്ദയുടെ വാക്കുകളും മോശമായ പെരുമാറ്റവും ആരെയും നിരാശപ്പെടുത്തുകയും, ജീവിതം വിലാപത്തിലാഴ്ത്തുകയും ചെയ്യുന്നു. അങ്ങനെയുള്ള മനുഷ്യരുടെ കണ്ണീരും കരച്ചിലും ദൈവസന്നിധിയിലേയ്ക്ക് ഉയര്‍ത്തുന്ന ഗീതമാണ് സങ്കീര്‍ത്തനം 63. എന്തിന് ആത്മബന്ധങ്ങളില്‍ വഞ്ചനയുടെയും അവിശ്വസ്തതയുടെയും പരിത്യക്തത അനുഭവിക്കുന്നവര്‍ നിരവധിയാണിന്ന്. അവര്‍ കടന്നുപോകുന്ന കയ്പൂറുന്ന മനോവ്യഥയും ക്ലേശങ്ങളും വിലാപമായി ഈശ്വരസന്നധേ ഉയര്‍ത്തുവാനും, ദൈവത്തില്‍ രക്ഷകണ്ടെത്തുവാനും പ്രചോദനമേകുന്ന ഗീതമാണിത്.
Musical Version : Psalm 63 Unit Two verses 3-4
അങ്ങയുടെ കാരുണ്യം ജീവനെക്കാള്‍ കാമ്യമാണ്
എന്‍റെ അധരങ്ങള്‍ അങ്ങയെ സ്തുതിക്കും
എന്‍റെ ജീവിതകാലം മുഴുവന്‍ ഞാന്‍ അങ്ങയെ പുകഴ്ത്തും
ഞാന്‍ കൈകളുയര്‍ത്തി അങ്ങയുടെ
നാമം വിളിച്ചപേക്ഷിക്കും.
3. പ്രത്യാശയുടെ ഗീതം
പൊതുവെ നമ്മുടെ പ്രാര്‍ത്ഥനകള്‍ ആവശ്യങ്ങളുടെ കൂമ്പാരമാണ്. എന്നാല്‍ മനോവ്യഥയുടെ വികാരം വിലാപമായി വെളിപ്പെടുത്തുന്ന ഈ ഗീതത്തില്‍, സങ്കീര്‍ത്തനം 63-ല്‍ വ്യക്തി തന്‍റെ ആവശ്യങ്ങള്‍ നിരത്തുന്നില്ല; ആത്മീയമോ ഭൗതികമോ ആയ ഒരപേക്ഷയും ഉരുവിടുന്നില്ല എന്ന വസ്തുത ഏറെ ശ്രദ്ധേയമാണ്. അത് ഈ ഗീതത്തിന്‍റെ സവിശേഷതയാണ്. എന്നിട്ട് ദൈവിക സാന്നിദ്ധ്യത്തിന്‍റെ കൂടാരത്തിലെത്തി, ദേവാലയത്തില്‍ എത്തി ആദ്യം ദൈവത്തെ സന്തോഷപുരസ്സരം സങ്കീര്‍ത്തകന്‍ പാടിസ്തുതിക്കുന്നു. വരികളില്‍ ലവലേശം യാചനയില്ല, മറിച്ച് ദൈവത്തിന്‍റെ രക്ഷയിലുള്ള പ്രത്യാശയാണ് നാം നിറഞ്ഞുകാണുന്നത്.
ഗായകന്‍ ദേവാലയത്തില്‍ വരുന്നത് ദൈവിക സാമീപ്യം തേടിയാണ്. ദൈവവുമായുള്ള കൂട്ടായ്മയുടെ അനുഭവത്തിനാണെന്ന് സങ്കീര്‍ത്തനം 63 വ്യക്തമാക്കുന്നുണ്ട്. അത് മൂന്നു ഘട്ടമായിട്ട് ഈ ഗീതത്തില്‍ ഘടനചെയ്തിരിക്കുന്നത് നമുക്ക് പരിശോധിക്കാം.
ഘട്ടം ഒന്ന് Recitation of Ps 63, 1-4.
ദൈവമേ, എന്‍റെ ദൈവമേ, ഞാനങ്ങയെ തേടുന്നു
എന്‍റെ ആത്മാവ് അങ്ങേയ്ക്കായ് ദാഹിക്കുന്നു
അങ്ങയുടെ ശക്തിയും മഹത്വവും ദര്‍ശിക്കുവാന്‍
ഞാന്‍ വിശുദ്ധ മന്ദിരത്തില്‍ വരുന്നു.
ഘട്ടം രണ്ട്
വ്യക്തി ദൈവത്തോട് ഒന്നും ചോദിക്കുന്നില്ല. മറിച്ച് ദൈവിക സാമീപ്യത്തിലുള്ള സന്തോഷം പ്രകടമാക്കുകയാണ് വരികളില്‍.
Recitation of Ps 63, 5-6.
ദൈവമേ, അങ്ങേ കാരുണ്യം ജീവനെക്കാള്‍ കാമ്യമാണ്
എന്‍റെ അധരങ്ങള്‍ അങ്ങയെ സ്തുതിക്കുന്നു
എന്‍റെ ജീവിതകാലം മുഴുവന്‍ അങ്ങയെ പുകഴ്ത്തും
കൈകളുയര്‍ത്തി ഞാന്‍ അങ്ങയെ വിളിച്ചപേക്ഷിക്കും
കിടക്കയിലും ഞാന്‍ അങ്ങയെ ഓര്‍ക്കും
രാത്രിയാമങ്ങളിലും ഞാനങ്ങയെ ധ്യാനിക്കും,
ഞാനങ്ങില്‍ ശരണംതേടും, അങ്ങയെ വിളിച്ചപേക്ഷിക്കും.
മൂന്നാംഘട്ടം
ഇവിടെ സങ്കീര്‍ത്തകന്‍ കര്‍ത്താവില്‍ അഭയം കണ്ടെത്തുകയും, അവിടുന്നു തന്‍റെ സംരക്ഷകനാണ്, തന്‍റെ സഹായകനാണ്. അതിനാല്‍ ക്ലേശത്തിന്‍റെ കാലഘട്ടത്തിലും അവിടുന്നു തന്നെ സംരക്ഷിക്കും, രക്ഷിക്കും എന്ന ബോധ്യത്തില്‍ എത്തിച്ചേരുന്നത് വരികളില്‍ നമുക്കു ശ്രദ്ധിക്കാം.
Recitation of Ps 63, 7-11.
ദൈവമാണെന്‍റെ സഹായകന്‍
അവിടുത്തെ ചിറകിന്‍ കീഴില്‍ ഞാന്‍ അഭയം തേടുന്നു
അങ്ങേ വലതുകൈ എന്നെ താങ്ങുന്നു
എന്‍റെ ജീവന്‍ നശിപ്പിക്കാന്‍ നോക്കുന്നവരെ കര്‍ത്താവ് തട്ടിത്തെറിപ്പിക്കും
അവിടുന്ന് അവരെ നശിപ്പിക്കും എന്നാല്‍
വീണ്ടും സന്തോഷിക്കുവാന്‍ അവിടുന്നെന്നെ അനുവദിക്കും.
4. ദൈവത്തെ അന്വേഷിക്കുക – ഒരു മുന്‍ഗണന
ഈ സങ്കീര്‍ത്തനത്തിന്‍റെ ആത്മീയ വിചിന്തനത്തിന്‍റെ പരിസമാപ്തിയില്‍ നമുക്കു പറയാം, “ദൈവത്തെ അന്വേഷിക്കുക”യെന്നത് എല്ലാമനുഷ്യരുടെയും ജീവിതത്തില്‍ ഒരു മുന്‍ഗണനയാണ്, priority ആയിരിക്കണം. നമ്മുടെ ആവശ്യങ്ങളുടെയും അപേക്ഷകളുടെയും മുന്‍ഗണനയല്ല, ദൈവവുമായി ഐക്യപ്പെട്ടു ജീവിക്കുവാനുള്ള ഒരു മൂന്‍ഗണനയാണ് ജീവിതത്തില്‍ പ്രതിസന്ധികള്‍ ഉയരുമ്പോള്‍ നമുക്ക് ആവശ്യം. ജീവിതത്തില്‍ ക്ലേശങ്ങളുടെ സമ്മര്‍ദ്ദം വര്‍ദ്ധിക്കുമ്പോള്‍, ഉറ്റവരും ഉടയവരും പരിത്യജിച്ചാലും, സ്വന്തം പുത്രന്‍ പിതാവിനെ പുറന്തള്ളിയാലും, ഭര്‍ത്താവ് ഭാര്യയെ പരിത്യക്തയാക്കിയാലും, സ്നേഹം നടിച്ചവര്‍ ഉപേക്ഷിച്ചാലും തള്ളിപ്പറഞ്ഞാലും, ശത്രുപക്ഷം വാളെടുത്താലും ഹൃദയപൂര്‍വ്വം ദൈവത്തെ തേടുകയും, അവിടുന്നില്‍ പ്രത്യാശവയ്ക്കുകയും ചെയ്യുന്നവര്‍ക്ക് ഈ സമ്മര്‍ദ്ദങ്ങളെ മറികടക്കുവാനാകുമെന്ന് സങ്കീര്‍ത്തനവചനം നമ്മെ പഠിപ്പിക്കുന്നു.
തീര്‍ച്ചയായും ദൈവസന്നിധിയില്‍ വിലപിക്കുന്ന മനുഷ്യന്‍റെ ഹൃദയവിചാരങ്ങളുടെ ഏറെ വൈകാരികമായ ഒരു ഗാനമാണിത്. കരയുന്നവന്‍റെ ഹൃദയത്തിലേയ്ക്ക് ഒരു ദൈവികമായ കാഴ്ചപ്പാടോടെ ഉറ്റുനോക്കുവാന്‍ നമ്മെ ഈ ഗീതം സഹായിക്കും. നമ്മുടെ തന്നെ ജീവിതങ്ങള്‍ ക്ലേശപൂര്‍ണ്ണമാവുകയും ഒരു മഹാമാരി മരണംവിതയ്ക്കുകയും ചെയ്യുമ്പോള്‍ പ്രത്യാശയോടെ ദൈവത്തെ അന്വേഷിക്കുവാന്‍ ഉള്‍ക്കരുത്തേകുവാനും, ജീവിത വഴികളില്‍ വെളിച്ചംതെളിയിക്കുവാനും ഈ അത്യപൂര്‍വ്വഗീതത്തിന്‍റെ പഠനം നമുക്കു പ്രചോദനമാവട്ടെ!
Musical Version : Psalm 63 Unit Three verses 8-9
കര്‍ത്താവേ, എന്‍റെ ആത്മാവ് അങ്ങയോട് ഒട്ടിച്ചേര്‍ന്നിരിക്കുന്നു
അങ്ങയുടെ വലതുകൈ എന്നെ താങ്ങുന്നു
അങ്ങാണെന്‍റെ സഹായകന്‍.
വത്തിക്കാന്‍ വാര്‍ത്താവിഭാഗത്തിന്‍റെ വചനവീഥി എന്ന ബൈബിള്‍ പഠനപരമ്പര.
ഒരുക്കിയത് ഫാദര്‍ വില്യം നെല്ലിക്കല്‍. അടുത്തയാഴ്ചയില്‍ 63-Ɔο സങ്കീര്‍ത്തനത്തിന്‍റെ ആത്മീയ വിചിന്തനം തുടര്‍ന്നും ശ്രവിക്കാം. (ഭാഗം ഏഴ്).
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: