ഇറാഖിലേക്ക് ക്രൈസ്തവരെ തിരിച്ചെത്തിക്കേണ്ടത് സർക്കാരിൻറെ കടമ!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
സാഹോദര്യവും വൈവിധ്യവുമാണ് സഹവർത്തിത്വത്തിൻറെ മാനുഷികവും ധാർമ്മികവുമായ അടിസ്ഥാനമെന്ന് ഇറാഖിലെ കൽദായ കത്തോലിക്കാ പാത്രിയാർക്കീസ് കർദ്ദിനാൾ ലൂയിസ് റാഫേൽ സാക്കൊ പ്രഥമൻ (CARD.LOUIS RAPHAEL SAKO).
പരിശുദ്ധസിംഹാസനത്തിൻറെ ദിനപ്പത്രമായ “ലൊസ്സെർവ്വത്തോരെ റൊമാനൊയ്ക്ക്” (L’Osservatore Romano) അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ഇതു പറഞ്ഞത്.
ഫ്രാൻസീസ് പാപ്പാ ഇറാഖിൽ മാർച്ച് 5-8 വരെ (2021) നടത്തിയ അപ്പസ്തോലിക സന്ദർശനം കഴിഞ്ഞ് ഒരു മാസം പിന്നിട്ടത് അനുസ്മരിച്ച പാത്രിയാർക്കീസ് സാക്കൊ, ആരോഗ്യപരമായ അടിയന്തരാവസ്ഥ നിലവിലുള്ള ഒരു ഘട്ടത്തിൽ അത് അപ്രതീക്ഷിത സന്ദർശനമായിരുന്നുവെന്നും ഇറാഖിലെ ജനത്തിന് ആനന്ദദായകമായിരുന്നുവെന്നും പറഞ്ഞു.
അന്നാട്ടിലെ ക്രൈസ്തവരുടെയും മുസ്ലീങ്ങളുടെയും ഹൃദയങ്ങളെ പാപ്പാ സ്പർശിച്ചുവെന്നും പാപ്പായുടെ സാന്നിധ്യത്തിൽ ഇറാക്ക് ഒരു പറുദീസയായി മാറിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പലായനം ചെയ്ത ക്രൈസ്തവരുടെ ഇറാഖിലേക്കുള്ള മടക്കയാത്രയെക്കുറിച്ച് പരാമർശിച്ച കർദ്ദിനാൾ സാക്കൊ അവരെ തിരിച്ചുകൊണ്ടു വരേണ്ടത് സർക്കാരിൻറെ കടമയാണെന്നും അതിന് അന്നാട്ടിൽ സുരക്ഷിതത്വവും ഭദ്രതയും ഉറപ്പുവരുത്തേണ്ടതുണ്ടെന്നും ഓർമ്മിപ്പിച്ചു.
ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം തങ്ങളുടെ വിളി പരസ്പരം തുറവുള്ളവരാകുന്നതിന് എല്ലാവരെയും സഹായിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: