ദുഃഖശനിയുടെ ഓടിയെത്തുന്ന കുറെ ഓർമ്മകൾ

കണ്ണൂർ രൂപതാദ്ധ്യക്ഷൻ, ബിഷപ്പ് അലക്സ് വടക്കുതലയുടെ ധ്യാനചിന്തകൾ.

"മറിയമാകട്ടെ ഇവയെല്ലാം ഹൃദയത്തില്‍ സംഗ്രഹിച്ചു ഗാഢമായി ചിന്തിച്ചുകൊണ്ടിരുന്നു" (ലൂക്കാ 2,19).

നിറഞ്ഞ നിശ്ശബ്ദതയുടെ ദിനമാണ് ദുഃഖവെള്ളി കഴിഞ്ഞുവരുന്ന ശനി. കാല്‍വരി കുരിശില്‍നിന്ന് യേശുവിന്‍റെ ചേതനയറ്റ ശരീരം ആദ്യം അമ്മ മടിയില്‍ സ്വീകരിക്കുന്നു. പിന്നീട്, കടം വാങ്ങിയ കല്ലറയില്‍ സംസ്കരിക്കുന്നു. കല്ലറയുടെ വാതില്ക്കല്‍ വലിയ പാറക്കല്ല് ഉരുട്ടിവച്ച്, ഭദ്രമായടച്ച്, അവര്‍ പിരിഞ്ഞുപോകുന്നു (മത്താ 27,61). അരിമത്തിയായിലെ ജോസഫിന്‍റെ വിശാലമായ തോട്ടത്തില്‍ പിന്നെ തളം കെട്ടിനിന്നത് നിശ്ശബ്ദതയാണ്. ആ മൂകതയുടെ, മൗനത്തിന്‍റെ പേരാണ് ദുഃഖ ശനിയാഴ്ച.

ലോകമെമ്പാടുമുള്ള ക്രിസ്തീയ ദേവാലയങ്ങളില്‍ ദുഃഖശനിയിലെ ഈ നിശ്ശബ്ദത പെട്ടെന്ന് തിരിച്ചറിയാനാകുന്നു. തിരുകര്‍മങ്ങള്‍ക്കായി ക്ഷണിക്കുന്ന പള്ളിമണിനാദം അന്നില്ല. പ്രഭാതത്തിലെ സങ്കീര്‍ത്തന പ്രാര്‍ഥനയൊഴിച്ച് ആരാധനാകര്‍മങ്ങള്‍ ഒന്നുമില്ല. വര്‍ഷം മുഴുവനും 24 മണിക്കൂറും കത്തിനില്ക്കുന്ന കെടാവിളക്ക് അന്നുമാത്രം എരിയുന്നില്ല. സക്രാരിയുടെ കിളിവാതില്‍ അന്ന് തുറന്നു കിടക്കുന്നു. കാരണം, അതില്‍ പരിശുദ്ധ ദിവ്യകാരുണ്യമില്ല. അപ്പത്തിന്‍റെ രൂപത്തില്‍ ക്രിസ്തുസാന്നിധ്യമില്ല. ദുഃഖവെള്ളി കഴിഞ്ഞുവരുന്ന വലിയ ശനിയാഴ്ച മുഴുവന്‍ നിറഞ്ഞു നില്ക്കുന്നത് മൗനംമാത്രം. അത് നമ്മിലും നമുക്കു ചുറ്റും വന്നു നിറയുമ്പോള്‍ മിഴികള്‍ പൂട്ടി, അര്‍ഥപൂര്‍ണമായ ഒരു ധ്യാനത്തിനുള്ള ക്ഷണമായി മാറുന്നു.

ധ്യാനത്തിനായി മൂന്ന് രംഗങ്ങളിലേക്ക് നമ്മുടെ മനസ്സിനെ കൊണ്ടുപോകാം.

രംഗം ഒന്ന്: പീലാത്തോസിന്‍റെ അരമന.

എങ്ങുമുള്ള നിശ്ശബ്ദതയ്ക്ക്, അപവാദമായി അവിടെ മാത്രമാണ് ചൂടുപിടിച്ച ചര്‍ച്ചകളും തലപുകഞ്ഞുള്ള ആലോചനകളും. അസ്വസ്ഥതയുടെ വലിയ വേലിയേറ്റം അവരുടെയുള്ളില്‍ പ്രകടമാണ്. ആകാംക്ഷയുടെ സുനാമിത്തിര പീലാത്തോസിന്‍റെ അരമനയുടെ അകത്തളങ്ങളിലും ഉയര്‍ന്നുപൊങ്ങുന്നു. അതുകൊണ്ടാണ് നിയമപരമായ സാബത്താചരണം പോലും ഉപേക്ഷിച്ചുകൊണ്ട് അവര്‍ അടിയന്തര ആലോചനായോഗം കൂടിയത്. ഒരാള്‍ പറഞ്ഞു: څമൂന്നുദിവസം കഴിഞ്ഞ് ഞാന്‍ ഉയിര്‍ത്തെഴുന്നേല്ക്കുമെന്ന് ആ വഞ്ചകന്‍ ജീവിച്ചിരുന്നപ്പോള്‍ പറഞ്ഞത് ഞങ്ങള്‍ ഇപ്പോള്‍ അനുസ്മരിക്കുന്നുچ (മത്താ 27, 63). ചര്‍ച്ചയുടെ മുഖ്യ അജണ്ട ഇതാണ്: അവന്‍റെ ശിഷ്യന്മാര്‍ വന്ന് അവനെ മോഷ്ടിക്കുകയും അവന്‍ മരിച്ചവരില്‍ നിന്ന് ഉത്ഥാനം ചെയ്തു എന്ന് ജനങ്ങളോടു പറയുകയും ചെയ്തുവെന്നുവരും. അങ്ങനെ അവസാനത്തെ വഞ്ചന ആദ്യത്തേതിനെക്കാള്‍ ഗുരുതരമായിത്തീരുകയും ചെയ്യും. പ്രായോഗിക തീരുമാനം പീലാത്തോസ് പെട്ടെന്ന് എടുത്തു. څനിങ്ങള്‍ പോയി നിങ്ങളുടെ സൈന്യത്തെ നിറുത്തി നിങ്ങളുടെ കഴിവുപോലെ കല്ലറ കാത്തുകൊള്ളുക!چ എന്താണ് അതിന്‍റെ അര്‍ത്ഥം? ക്രിസ്തുവിനെ കല്ലറയില്‍ത്തന്നെ സൂക്ഷിക്കാന്‍ നിങ്ങള്‍ക്കാവുമെങ്കില്‍ സാധ്യമായതെല്ലാം ചെയ്യുക!

അങ്ങനെയാണ് കല്ലറവാതില്‍ മൂടിയിരുന്ന കാളവണ്ടിച്ചക്രത്തിന്‍റെ വലിപ്പമുള്ള വലിയ പാറക്കല്ലിന് മുദ്രവച്ചതും കാവല്‍ ഏര്‍പ്പാടാക്കിയതും കല്ലറ ഭദ്രമാക്കിയതും. സംഭവിക്കാന്‍ പോകുന്നതിനെപ്പറ്റിയുള്ള ചില സൂചനകള്‍ പോലും അവരെ അസ്വസ്ഥരാക്കുന്നു.

തുടര്‍ധ്യാനത്തിനായി രണ്ട് ചെറുചോദ്യങ്ങള്‍: ക്രിസ്തുസാന്നിധ്യത്തിന്‍റെ സൂചനകള്‍ പോലും ഭയക്കുകയും വെറുക്കുകയും ചെയ്യുന്നവര്‍ എനിക്കുചുറ്റുമുണ്ടോ? ക്രിസ്തുവിന്‍റെ സജീവസാന്നിധ്യം എന്നില്‍ നിന്ന് എടുത്തുമാറ്റുന്ന പ്രതിലോമശക്തികള്‍ എന്നിലുണ്ടോ?

രംഗം രണ്ട് : ശിഷ്യന്മാരുടെ ഒളിസ്ഥലം.

കര്‍ത്താവിനെ ബന്ധിതനാക്കിയതു മുതല്‍ ഓടിയൊളിച്ച ശിഷ്യഗണമാണവര്‍. മുന്നറിയിപ്പു നല്കിയിട്ടും മൂന്നുവട്ടം ഉപേക്ഷിച്ച ശിഷ്യപ്രമുഖനുണ്ട്. ശരീരത്തില്‍ ചുറ്റിയിരുന്ന പുതപ്പുപോലും ഉപേക്ഷിച്ച് നഗ്നനായി ഓടിപ്പോയ ശിഷ്യനുണ്ട് (മര്‍ക്കോ 14,52). പീഡാനുഭവ മണിക്കൂറുകളില്‍ അകലെ അനുഗമിച്ചവരുമൊക്കെയുണ്ട്. യഹൂദരോടുള്ള ഭയം നിമിത്തം ആ രഹസ്യസങ്കേതത്തില്‍ കതകടച്ച് അകത്തു കാത്തിരിക്കുകയാണ് അവര്‍.

ദുഃഖശനിയിലെ പ്രഭാതം അവര്‍ക്ക് ഇരുള്‍ നിറഞ്ഞ പുലരിയായിരുന്നു. അവര്‍ക്കായി സൂര്യന്‍ അപ്പോഴും ഉദിച്ചിരുന്നില്ല. അവന്‍ മരിച്ചതോടെ എല്ലാം ഇരുണ്ടുപോയിരുന്നു (ലൂക്കാ 23,45). അവരുടെ ഉള്ളിലും ചുറ്റുപാടും അന്ധകാരം. തിന്മ ജയിച്ച ദിനം. നിരാശത നിറഞ്ഞ പ്രഭാതം. ഭാവിയും ആകെ ഇരുളടഞ്ഞ അനുഭവം. അവരുടെ രക്ഷകന്‍ മറഞ്ഞിരിക്കുന്നു. മരിച്ചിരിക്കുന്നു. എല്ലാം വൃഥാ ആയപോലെയുള്ള അവസ്ഥ.

അവരുടെ കണ്ണുകള്‍ മൂടപ്പെട്ടിരിക്കുന്നു (ലൂക്കാ 24,16). മ്ലാനവദനരായിരുന്നു അവര്‍. സംസാരിക്കുന്നതെല്ലാം ദുരന്താനുഭവങ്ങള്‍. കൂട്ടം തെറ്റി പിരിഞ്ഞുപോയവരായിരുന്നു അവരില്‍ ചിലര്‍. ചുറ്റും സംഭവിക്കുന്നത് മനസ്സിലാകാത്തവരും കൂടെ ചരിക്കുന്നവരെപ്പോലും തിരിച്ചറിയാനാവാത്തവരും. ചിലര്‍ പഴയ ജോലിയിലേക്ക് തിരിച്ചുപോയി. പക്ഷേ, മത്സ്യം പിടിക്കുന്നവര്‍ വലയിലും മനസ്സിലും ശൂന്യതമാത്രം വീശിപ്പിടിച്ചവര്‍. എന്നാല്‍ ആ രാത്രിയില്‍ അവര്‍ക്ക്, ഒന്നും കിട്ടിയില്ല (യോഹ 21,4).
അവരുടെ ഓരോരുത്തരുടെയും ജീവിതമാണ് സങ്കീര്‍ത്തനം 88 പകര്‍ത്തിയിരിക്കുന്നത്. ڇഎന്‍റെ ആത്മാവ് ദുഃഖപൂര്‍ണമാണ്. എന്‍റെ ജീവന്‍ പാതാളത്തിന്‍റെ വക്കിലെത്തിയിരിക്കുന്നു. എന്‍റെ ശക്തി ചോര്‍ന്നുപോയി. അങ്ങ് എന്നെ പാതാളത്തിന്‍റെ അടിത്തട്ടില്‍ അന്ധകാരപൂര്‍ണ്ണവും അഗാധവുമായ തലത്തില്‍ ഉപേക്ഷിച്ചിരിക്കുന്നു. അന്ധകാരം മാത്രമാണ് എന്‍റെ സഹചരന്‍.

ഇത് നമ്മുടെയും ജീവിതമാണോ? ക്രിസ്തു ഉത്ഥാനം ചെയ്തിട്ടും ഉയിര്‍ക്കപ്പെടാത്തവര്‍. കണ്ണ് മൂടപ്പെട്ടവര്‍. ഇരുട്ടിലായവര്‍, കൂട്ടംതെറ്റി ഒറ്റപ്പെട്ടവര്‍, നീതിസൂര്യന്‍ ഉദയം ചെയ്തിട്ടും പുലരിയാകാത്തവര്‍. വീണ്ടെടുക്കപ്പെട്ടവര്‍ എന്നു വീമ്പടിച്ചിട്ടും വീണ്ടെടുപ്പിന്‍റെയും വിമോചനത്തിന്‍റെയും തെളിവുകള്‍ കാണിക്കാനാവാത്തവരെന്ന് ബ്രിട്ടീഷ് എഴുത്തുകാരന്‍ ബര്‍ട്ട്നാന്‍റ് റസ്സല്‍ എഴുതിയിരിക്കുന്നത് നമ്മെപ്പറ്റി ആണോ? അദ്ദേഹം പറഞ്ഞതിതാണ്: You claim to be redeemed people, but you don't look redeemed..

രംഗം മൂന്ന്: അമ്മയുടെ അടുത്ത്.

അമ്മയുടെ കൂടെ, കൂടുതല്‍ സ്നേഹിച്ച ശിഷ്യനുണ്ട്. പിന്നെ, പുലരിയാവാന്‍ കാത്തിരുന്ന മഗ്ദലേനായിലെ മറിയം ഉണ്ടാവാം.

ദുഃഖവെള്ളിക്കു ശേഷമുള്ള വലിയ ശനിയാഴ്ച നാം ഏറ്റവും കൂടുതല്‍ ഓര്‍ക്കുന്നത് പരിശുദ്ധ അമ്മയെത്തന്നെയാണ്. അരുമസുതന്‍ പിടഞ്ഞുമരിക്കുന്നതുനോക്കി വ്യാകുലങ്ങളുടെ അമ്മയ്ക്ക് കുരിശിന്‍ചുവട്ടില്‍ നിസ്സഹായയായി, നോക്കിനില്ക്കേണ്ടിവന്നു.

മലയാളത്തിലെ പ്രഥമ വിലാപകാവ്യം അര്‍ണ്ണോസ് പാതിരി എന്നറിയപ്പെടുന്ന ഈശോസഭാവൈദികന്‍, യോഹാന്‍ ഏണസ്റ്റ് ഹാങ്ങക്സ് ലേഡന്‍ (1681-1732) എഴുതിയ څഉമ്മാടെ ദുഃഖംچ അഥവാ څദൈവമാതാവിന്‍റെ വ്യാകുലപ്രലാപംچ ആണല്ലോ. നതോന്നത വൃത്തത്തില്‍ കരുണരസം തുളുമ്പിനില്ക്കുന്ന ആ കാവ്യം രചിച്ച അര്‍ണോസ് പാതിരി ജര്‍മ്മിനിയിലെ ഓസ്നാ ബുര്‍ക്കിനടുത്തുള്ള ഓസ്റ്റര്‍ കാപ്പെല്ന്‍ എന്ന സ്ഥലത്ത് 1681-ലാണ് ജനിച്ചത്. 18-ാം വയസ്സില്‍, 1699 ഒക്ടോബര്‍ 3-ന്, മറ്റ് മൂന്നുപേരോടൊപ്പം ഇന്ത്യയിലേക്ക് യാത്ര പുറപ്പെട്ടു. ഒരു വര്‍ഷവും രണ്ടുമാസവും പത്തുദിവസവും നീണ്ട ആ കപ്പല്‍യാത്രയ്ക്കിടെ ഗുരുഭൂതന്മാരായ രണ്ട് മിഷണറിമാരും മരണമടഞ്ഞു. അവരുടെ മൃതദേഹങ്ങള്‍ കടല്‍ തന്നെ ഏറ്റുവാങ്ങി. തുടര്‍ന്ന്, അര്‍ണോസ് ആദ്യം ഗുജറാത്തിലെ സൂററ്റിലും, പിന്നെ 1701 നവംബറില്‍ ഗോവവഴി കൊച്ചിയിലുമെത്തി. ആദ്യം വരാപ്പുഴ അതിരൂപതയിലെ ചാത്യാത്ത് മൗണ്ട് കാര്‍മല്‍ ഇടവകയില്‍ ശുശ്രൂഷയ്ക്കും, പിന്നെ തൃശൂരിനടുത്തുള്ള അമ്പഴക്കാട്ട് സെമിനാരിയില്‍ വൈദികപഠനത്തിനും ചേര്‍ന്നു. 1707-ല്‍ ആണ് പൗരോഹിത്യ സ്വീകരണം. ജെര്‍മന്‍, പോര്‍ട്ടുഗീസ്, ഇറ്റാലിയന്‍, ലത്തീന്‍, ഗ്രീക്ക് എന്നീ ഭാഷകള്‍ക്കു പുറമേ, മലയാളം, തമിഴ്, സംസ്കൃതം എന്നീ ഭാഷകളും പഠിച്ചു.

1706 മുതല്‍ പലപ്പോഴായി ചാത്യാത്ത് കര്‍മല മാതാവിന്‍റെ ദേവാലയത്തില്‍ വലിയ നോമ്പിന്‍റെ ശുശ്രൂഷകളില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് അവിടെ പ്രചാരമുണ്ടായിരുന്ന څദേവാസ്തു വിളിچയും څദേവമാതാവമ്മാനെچ എന്ന ചെന്തമിഴ്കൃതിയും കേട്ടത്. അതില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ്, ഉമ്മാടെ ദുഃഖം രചിച്ചതും, ചാത്യാത്തുതന്നെ ദുഃഖവെള്ളിയാഴ്ച ആദ്യമായി 1716-ല്‍ ആലപിച്ചതും. പുത്തന്‍പാനയുടെ 12-ാം പാദമായി അത് ചേര്‍ത്തിരിക്കുന്നു.

1732 മാര്‍ച്ച് 20-ന്, 51-ാം വയസ്സില്‍ പഴുവില്‍ പള്ളിയില്‍ സേവനമനുഷ്ഠിച്ചിരുന്ന കാലത്ത് കിണറ്റിനരികേവച്ച് പാമ്പുകടിയേറ്റ് അദ്ദേഹം നിര്യാതനായി. മലയാളത്തിന്‍റെ വലിയ നഷ്ടമായി ആ അകാലവിയോഗം.

അമ്മ കന്യാമണി തന്‍റെ നിര്‍മല ദുഃഖങ്ങളിപ്പോള്‍, നന്മയാലേ മനസ്സുറ്റു കേട്ടുകൊണ്ടാലും!چ എന്ന വരികളിലാണ് പരിശുദ്ധ അമ്മയുടെ ഏഴു വ്യാകുലങ്ങളും ഹൃദയഹാരിയായി വിവരിക്കുന്നു. “ഉമ്മാടെ ദുഃഖം” ആരംഭിക്കുന്നത്.

അരുമ മകന്‍റെ ദാരുണ മരണം നോക്കിനില്ക്കുന്ന അമ്മയുടെ വലിയ ദുഃഖം വിവരിക്കുന്നത് ഹൃദയസ്പര്‍ശിയായ വികാരവായ്പോടെയാണ്.

“സര്‍വലോക നാഥനായ നിന്മരണം കണ്ടനേരം
സര്‍വദുഃഖം മഹാദുഃഖം സര്‍വതും ദുഃഖം
സര്‍വദുഃഖ കടലിന്‍റെ നടുവില്‍ ഞാന്‍ വീണുതാണു
സര്‍വസന്താപങ്ങളെന്തു, പറവൂ പുത്രാ!”

മഹാദുഃഖം അനുഭവിച്ച അമ്മ, സര്‍വദുഃഖക്കടലിന്‍ നടുവിലിരുന്നു വിലപിക്കുന്നു:

"മരത്താലേ വന്ന ദോഷം മരത്താലേയൊഴിപ്പാനായ്
മരത്തിന്മേല്‍ തൂങ്ങി നീയും മരിച്ചോ പുത്രാ”

ആദ്യദുഃഖവെള്ളിദിനത്തില്‍, മര്‍ക്കോസ് സുവിശേഷകന്‍ വിവരിക്കുന്നതുപോലെ, ആറാം മണിക്കൂര്‍ മുതല്‍ ഒമ്പതാം മണിക്കൂര്‍ വരെ ഭൂമി മുഴുവന്‍ അന്ധകാരം വ്യാപിച്ചു (15,33). ആശ്വാസത്തിന്‍റെ വെളിച്ചം എപ്പോഴാണിനി ആ അമ്മയ്ക്ക് അനുഭവിക്കാനാവുക. ഏതു പ്രഭാതത്തിലാണ് ഉഷഃകാല നക്ഷത്രം പോലെ അവള്‍ക്കും ആനന്ദത്തോടെ കണ്ണിമകള്‍ ചിമ്മാനാവുക. മംഗലവാര്‍ത്താനേരത്ത് മാലാഖ പറഞ്ഞ വാക്കുകള്‍ ഇപ്രകാരമായിരുന്നല്ലോ: "അവന്‍റെ പിതാവായ ദാവീദിന്‍റെ സിംഹാസനം ദൈവമായ കര്‍ത്താവ് അവനു നല്കും. യാക്കോബിന്‍റെ ഭവനത്തിനുമേല്‍ അവന്‍ എന്നേക്കും ഭരണം നടത്തും. അവന്‍റെ രാജ്യത്തിന് അവസാനമുണ്ടാവുകയില്ല” (ലൂക്കാ 1,33). ഈ വചനം എന്നു നിറവേറും? ഇതെങ്ങനെ സംഭവിക്കും എന്ന് അന്നേ ചോദിച്ചതാണല്ലോ. അത്യുന്നതന്‍റെ ശക്തി എപ്പോഴാണിനിയും ഒഴുകിയെത്തുക? ചെറുപ്രായം മുതലേ ആവര്‍ത്തിച്ചു പാടിയിരുന്ന സാമുവേല്‍ 2,1-10 ലെ ആ സ്തോത്രഗീതകം എന്ന് ഇനി ആനന്ദനിര്‍വൃതിയോടെ ആലപിക്കാനാവും? ഈ ദുഃഖശനിയിലും, "എന്‍റെ ആത്മാവ് കര്‍ത്താവിനെ മഹത്ത്വപ്പെടുത്തുന്നുچ എന്നാവുമോ അവളുടെ സങ്കീര്‍ത്തനാലാപനം? “ കര്‍ത്താവ് അരുള്‍ചെയ്ത വാക്കുകള്‍ വിശ്വസിച്ചവള്‍ ഭാഗ്യവതി". ഏതു പരിധിവരെ അവള്‍ വിശ്വസിക്കണം?

മറിയമാകട്ടെ, ഇവയെല്ലാം ഹൃദയത്തില്‍ സംഗ്രഹിച്ച് ഗാഢമായി ചിന്തിച്ചുകൊണ്ടിരുന്നു (ലൂക്കാ 2,19). ആട്ടിടയന്മാരുടെ വാക്കുകള്‍ കേട്ടപ്പോഴുള്ള പ്രതികരണം, എല്ലാ പരിമിതികളുടെയും പ്രതിസന്ധികളുടെയും നടുവില്‍ ഒന്നുപോലെ ആയിരിക്കുമോ? മകനെ മൂന്നുനാള്‍ കാണാതാവുമ്പോഴുള്ള ഉത്കണ്ഠയുടെ അവസ്ഥ, അവന്‍റെ അമ്മ ഇക്കാര്യങ്ങളെല്ലാം ഹൃദയത്തില്‍ സംഗ്രഹിച്ചു (ലൂക്കാ 2, 50) എന്നാണല്ലോ വിവരിച്ചിരിക്കുന്നത്. ഇന്നിപ്പോള്‍ ആ മകന്‍റെ അഭാവം അമ്മ വല്ലാതെ അനുഭവിക്കുന്നു. എത്രമാത്രം ഇതെല്ലാം ആ ഹൃദയത്തിന് ഉള്‍ക്കൊള്ളാനാകും? അന്നൊരിക്കല്‍ ശിമയോന്‍ പറഞ്ഞ വാക്കുകള്‍ എത്രയോ യാഥാര്‍ഥ്യമാണെന്ന് തിരിച്ചറിയുന്ന നിമിഷം: څനിന്‍റെ ഹൃദയത്തിലൂടെ ഒരു വാള്‍ തുളച്ചുകയറും!چ (ലൂക്കാ 2,35).

ഈ ദുഃഖശനിയില്‍ മറിയം മൗനത്തിലാണ്. څഇതാ കര്‍ത്താവിന്‍റെ ദാസി, നിന്‍റെ ഹിതമനുസരിച്ച് ഭവിക്കട്ടെچ (ലൂക്കാ 1,38) എന്ന സമ്പൂര്‍ണ്ണസമര്‍പ്പണത്തിന്‍റെ മൗനം. കാല്‍വരിബലിവേളയില്‍ څഇതാ, നിന്‍റെ അമ്മ (യോഹ 19, 27) എന്നു പറഞ്ഞുകൊണ്ട് നന്മപ്രസാദമായി താന്‍ സ്നേഹിച്ച ശിഷ്യനു നല്കിയ സ്നേഹസമ്മാനമാണ് ഈ അമ്മ. ഈ ഭൂമിയില്‍ മക്കള്‍ നഷ്ടപ്പെട്ട എത്രയോ അമ്മമാരോടൊപ്പമാണ് ഈ അമ്മയും. രാഷ്ട്രീയ കൊലപാതകങ്ങളിലും വംശീയ ഉന്മൂലനപ്രക്രിയകളിലും അരുമമക്കള്‍ ഇല്ലാതായിത്തീര്‍ന്ന അമ്മമാരോടൊപ്പം അവളുണ്ട്. ആത്മഹത്യ ചെയ്തവര്‍, മയക്കുമരുന്നിന് അടിമകളായിക്കഴിയുന്നവര്‍, ഭവനം വിട്ട് ഇറങ്ങിപ്പോയവര്‍, പ്രണയക്കുരുക്കില്‍ ഭാവി ഇരുളിലായവര്‍ - അവരുടെയെല്ലാം നൊമ്പരപ്പെട്ടു കഴിയുന്ന അമ്മമാരോടൊപ്പം യേശുവിന്‍റെ അമ്മയുമുണ്ട്. സഹനത്തിന്‍റെ പാതയിലെ ഏകാന്തപഥികരായ ഓരോരുത്തര്‍ക്കും കൂട്ടിന് കൂടെയുള്ള സ്നേഹമയിയായ അമ്മ. ദുഃഖശനിയിലൂടെ കടന്നുപോയ യേശുവിന്‍റെ അമ്മ.

നൊമ്പരത്തിന്‍റെ നീണ്ടമണിക്കൂറുകളിലൂടെ കടന്നുപോകുന്നവര്‍ നെടുവീര്‍പ്പിനും കണ്ണീരിനും നിലവിളിക്കുംശേഷം നിരാശതയിലും നിശ്ശബ്ദതയിലും ആയിത്തീരും. അവര്‍ പരിശുദ്ധ അമ്മയോട് അടുത്തിരിക്കണം. തീരാവ്യാധിയും രോഗവും കോവിഡും കൊണ്ടു വലയുന്നവരും, വിശ്വാസം നഷ്ടപ്പെട്ടവരും, തങ്ങളുടെ ദൈവം മരിച്ചിരിക്കുന്നു എന്നു കരുതുന്നവരും വ്യാകുലങ്ങളിലൂടെ കടന്നുപോയ യേശുവിന്‍റെ അമ്മയോടു ചേര്‍ന്നിരിക്കണം.

ബൈസന്‍റീനിയന്‍ സഭാപാരമ്പര്യങ്ങളിലാണ്, യേശു മരിച്ച് അടക്കത്തിനുശേഷം ഉത്ഥാനാഘോഷം ആരംഭിക്കുന്ന പ്രഭാതം വരെയുള്ള 40 മണിക്കൂറിനെ അമ്മയുടെ മണിക്കൂറുകള്‍  എന്നാണു വിളിക്കുന്നത്. കത്തോലിക്കാസഭയില്‍ 1987-ലെ മരിയന്‍ വര്‍ഷാചരണം കഴിഞ്ഞ് റോമിലെ മേരി മേജര്‍ ബസിലിക്കായില്‍ വലിയശനിയാഴ്ച ദിവസം  ആചരണമുണ്ട്. തിരഞ്ഞെടുത്ത സങ്കീര്‍ത്തനങ്ങള്‍ ചൊല്ലി തീര്‍ത്തും ധ്യാനാന്തരീക്ഷത്തില്‍ വ്യാകുലയായ അമ്മയോടൊപ്പമിരുന്ന് പ്രത്യാശയും ശാന്തതയും മനസ്സില്‍ നിറയ്ക്കാനുള്ള പ്രാര്‍ഥനാചരണമാണത്.

എന്താണ് ദുഃഖശനികളിലെ അമ്മയുടെ പ്രത്യേകത ?

ഒന്ന്, അമ്മയുടെയടുത്ത് സഹനങ്ങളോടൊപ്പം സമ്പൂര്‍ണസമര്‍പ്പണവുമുണ്ട്. മറ്റ് മാര്‍ഗങ്ങളൊന്നും കാണാത്തതിനാലുള്ള ഉപാധിയല്ല ആ സമര്‍പ്പണം. ജീവിതയാത്രയിലെ നീണ്ടനടപ്പിനിടെ, അത്താണിയില്‍ ഭാരമൊന്നിറക്കിവച്ച് ഇടവേളയില്‍ കിട്ടുന്ന അല്പമൊരാശ്വാസവുമല്ല അത്. ഒന്നും അസാധ്യമല്ലാത്ത ദൈവത്തിന്‍റെ കരങ്ങളില്‍ (ലൂക്കാ 1,37) . വിശ്വാസത്തോടെയുള്ള സ്നേഹസമര്‍പ്പണമാണത്. നമ്മുടെ നൊമ്പരനാളുകളിലും കണ്ടകശനികളിലും സമര്‍പ്പണത്തിന്‍റെ അമ്മ മാതൃകയും പ്രചോദനവുമാണ്.

രണ്ട്, മകന്‍റെ കൂടെ ബലിയര്‍പ്പണത്തിനായി മലകയറിയ അമ്മയോടൊപ്പമാണ് ദുഃഖത്തിന്‍റെ ശനിയാഴ്ചകളില്‍ നാം. വിശ്വാസത്തിന്‍റെ പിതാവായ അബ്രാഹം അരുമമകനെ ബലിയര്‍പ്പിക്കാന്‍ മോറിയാ മലമുകളിലേക്ക് കയറിപ്പോയതു പോലെയാണ്, വിശ്വാസത്തിന്‍റെ അമ്മയും കാല്‍വരിമല കയറിയത്. അബ്രാഹത്തിന്‍റെ ബലി അനുഗ്രഹത്തിന്‍റെ വലിയ പ്രവാഹമായി. ആത്മാര്‍ഥഹൃദയങ്ങളില്‍ നിന്നുയരുന്ന ബലിയര്‍പ്പണം പാഴാവില്ലല്ലോ. അമ്മയോടൊപ്പം നിശ്ശബ്ദതയിലാഴുമ്പോഴും പ്രത്യാശ നമ്മില്‍ നിറയണം. നീതിസൂര്യനായ ക്രിസ്തുവിന്‍റെ സുവര്‍ണകിരണങ്ങള്‍ തഴുകിയുണര്‍ത്തുമെന്ന ഓര്‍മതന്നെയാണ് ആ ഉഷകാലനക്ഷത്രം. സഹനങ്ങളുടെ നീണ്ടമണിക്കൂറുകള്‍ക്കുശേഷം അരുണോദയം അറിയിക്കുന്നവളാണ് മറിയമെന്ന ഉഷഃകാലതാരം.

മൂന്ന്, കുരിശില്‍ നിന്നുള്ള പറുദീസാ വാഗ്ദാനം.

ദുഃഖവെള്ളിയുടെ സഹനക്കൊടുമുടിയിലും അമ്മയുടെ ഹൃദയത്തില്‍ പ്രതിധ്വനിച്ച മകന്‍റെ വാക്കുകള്‍ നല്ല കള്ളനു കൊടുത്ത പ്രതീക്ഷയുടെ വാക്കുകളായിരുന്നു: ڇനീ ഇന്ന് എന്നോടുകൂടെ പറുദീസായിലായിരിക്കും!ڈ (ലൂക്കാ 23,43).

കാല്‍വരിയിലെ നല്ല കള്ളനെപ്പറ്റിയുള്ള ഒരു കഥയുണ്ട്. കണങ്കാലുകള്‍ തല്ലിയൊടിക്കപ്പെട്ട് അയാളുടെ ശരീരം സംസ്കാരത്തിനായി കുരിശില്‍ നിന്നിറക്കിയപ്പോള്‍ ജീവന്‍റെ അവസാനസ്പന്ദനങ്ങള്‍ ആരോ അയാളില്‍ കണ്ടെത്തി. അയാളെ ഭവനത്തില്‍ കൊണ്ടുപോയി അവര്‍ ശുശ്രൂഷിച്ചു. അങ്ങനെ അതിശയകരമായി ജീവന്‍ തിരിയെ ലഭിച്ചു. കുരിശിലെ മുറിവുകളുടെ വിട്ടുമാറാത്ത വേദനയും കണങ്കാലുകള്‍ തല്ലിയൊടിച്ചതിന്‍റെ നൊമ്പരവും സഹിച്ചാണെങ്കിലും പൊയ്ക്കാലുകളില്‍ ഏന്തിയേന്തി ഭവനം വിട്ടൊന്നു പുറത്തിറങ്ങിയപ്പോള്‍ ഗ്രാമവാസികള്‍ അയാളെ നോക്കി പരിഹസിച്ചത്രേ: څമരണത്തിനുപോലും വേണ്ടാത്തവന്‍, ഇതാ!چ. അയാള്‍ ആത്മഗതം ചെയ്തു: څകുരിശില്‍ നിന്നു ലഭിച്ച വാഗ്ദാനമിതാണ്. നീ ഇന്ന് എന്നോടുകൂടെ പറുദീസയില്‍ ആയിരിക്കും. ഈ സഹനങ്ങള്‍ എനിക്കൊരു പ്രശ്നമല്ല. കാരണം, പറുദീസയിലാണ് എനിക്കെന്‍റെ ജീവിതം!چ

ഏതാനും നാളുകള്‍ക്കുമുമ്പ് കുറിച്ച ഒരു ഗദ്യകവിതയോടെ ഈ ധ്യാനം ഉപസംഹരിക്കാം.

അവന്‍ അവളെ അന്നൊന്നു കണ്ടിരുന്നെങ്കില്‍!

അവന്‍റെ ദൗര്‍ഭാഗ്യം! തലവിധി!! അല്ലാതെന്തുപറയാന്‍!
ആ സംഭവത്തിനുശേഷം കഷ്ടകാലത്തിന് ആദ്യം അവന്‍ കണ്ടത് മഹാപുരോഹിതനെ ആയിരുന്നു. പതിവുപോലെ പുരോഹിതന്‍ തിരക്കിലായിരുന്നു.

പിന്നെ പ്രമാണികളുടെ അടുത്തേക്ക് ഓടി. നിഷ്കളങ്കന്‍റെ രക്തം ചിന്തിയതിന്‍റെ ചിന്ത എന്നെ വേട്ടയാടുന്നു! എന്നെ സഹായിക്കണം!  അവന്‍ കെഞ്ചി.
“അതിന് ഞങ്ങള്‍ക്കെന്ത്? അതു നിന്‍റെ പ്രശ്നം! നിന്‍റെ മാത്രം!”

ഇരട്ടിയായി യൂദാസിന്‍റെ കുറ്റബോധം.

ഭാഗ്യത്തിന് പത്രോസ് അന്ന് അവനെ ഒന്നുനോക്കി.
അപ്പോള്‍ അവനും തിരിഞ്ഞൊന്നു നോക്കി.
മുന്നറിയിപ്പുനല്‍കിയിട്ടും മൂന്നുപ്രാവശ്യം അവനെ ഉപേക്ഷിച്ചുപറഞ്ഞതിന്‍റെ മനോവിഷമം
നെരിപ്പോടായി പത്രോസിന്‍റെ ഉള്ളില്‍ എരിയുന്നുണ്ടായിരുന്നു.
പക്ഷേ,
ആ കരുണാകടാക്ഷം
ആളിക്കത്തിനിന്ന തീയണച്ചു.

പണ്ടൊരിക്കല്‍ ആഴിയുടെ ആഴങ്ങളിലേക്ക് ആഴ്ന്നുവീണ നേരം,
څനാഥാ, എന്നെ കൈവിടല്ലേچ എന്ന് കേണപേക്ഷിച്ച ക്ഷണം,
കൈപിടിച്ചുയര്‍ത്തിയത് അവന്‍ ഓര്‍ത്തു.
അതോടെ, പ്രക്ഷുബ്ധമായ ഹൃദയസാഗരം വീണ്ടും ശാന്തമായി.

ആ ഭാഗ്യം യൂദാസിന് ഉണ്ടായില്ല!
കാല്‍വരിക്കുന്നിലെ ആരവത്തിലും, പിന്നീടുണ്ടായ നിശ്ശബ്ദതയിലും
വെള്ളിനാണയങ്ങളുടെ കിലുക്കം അവന് അരോചകമായി.
നാണയത്തിളക്കം അസഹനീയമായി.
എടുക്കപ്പെടാത്ത നാണയംപോലെ അവയെല്ലാം വിലയും മൂല്യവും തീര്‍ന്നവയായി.
ദേവാലയത്തില്‍ അവന്‍ അവ വലിച്ചെറിഞ്ഞു.
ആരോ അത് ഭണ്ഡാരത്തില്‍ ഇടാന്‍ തുനിഞ്ഞു.
എന്നാല്‍ പകരം, കുശവന്‍റെ പറമ്പിന്‍റെ വിലയായി.

നീതിമാന്‍റെ രക്തത്തിന്‍റെ വില അക്കല്‍ദാമയുടെ വിലയായി.

അന്ന് അവന്‍ അവളെ കണ്ടുമുട്ടിയിരുന്നെങ്കില്‍!.......
അമ്മയെ~ഒന്ന് കാണാനായിരുന്നെങ്കില്‍!......
അവളുടെ ആലിംഗനത്തില്‍, കണ്ണീരില്‍,
ഹൃദയത്തിലെ പാപക്കല്ലുപാറ അലിഞ്ഞുതീരുമായിരുന്നു.
നാഥന്‍ പറഞ്ഞ കഥയിലെ അലിവുള്ള അപ്പനെപ്പോലെ,
അലിവുനിറഞ്ഞ ഒരമ്മയെ അന്ന് അവന്‍ വീണ്ടും തിരിച്ചറിയുമായിരുന്നു.
അതോടെ എല്ലാറ്റിനും ശുഭാന്തം ഉണ്ടാകുമായിരുന്നു.

അവള്‍ പറയുമായിരുന്നു: ڇഞാന്‍ നിന്നോട് ക്ഷമിക്കുന്നു.
അവന്‍റെ കുരിശിലെ പ്രാര്‍ഥന എനിക്ക് മറക്കാനാവില്ല:
څഅവര്‍ ചെയ്യുന്നതെന്തെന്ന് അവര്‍ അറിയുന്നില്ല. അവരോടു ക്ഷമിക്കേണമേ!
അതില്‍ നീയുമുണ്ട്, യൂദാസേ! നീയുമുണ്ട്!
അതിനാല്‍, നീ വിഷമിക്കരുത്.
അവന്‍ കണക്കുകൂട്ടി പറഞ്ഞത് ഓര്‍മയില്ലേ?
ഏഴ്, എഴുപതുപ്രാവശ്യം!
യൂദാസേ, നിന്നോട് ഞാന്‍ ക്ഷമിക്കുന്നു.
അവനും നിന്നോടു ക്ഷമിക്കും. അതാണീ അമ്മയ്ക്കുള്ളോരുറപ്പ്!!

പക്ഷേ,
അന്ന്,
അവന്‍ അവളെ കണ്ടില്ല.
അമ്മയെ അവന് കാണാനൊത്തില്ല!
എല്ലാം ക്ഷമിക്കുന്നോരമ്മമൊഴി കേള്‍ക്കാനൊത്തില്ല!
അതിനാല്‍, അവന്‍ പോയി കെട്ടി ഞാന്നു ചത്തു (മത്താ 27,5).
അവന്‍ അവളെ അന്നൊന്നു കണ്ടിരുന്നുവെങ്കില്‍!......

എന്‍റെ ദുഃഖശനികളില്‍ അവളെ ഞാന്‍ കണ്ടുമുട്ടും. അമ്മയോടൊപ്പം എന്‍റെ യാത്ര തുടരും......
ഉള്ളുനിറഞ്ഞ പ്രത്യാശയോടെ.

പ്രാര്‍ത്ഥന

കന്യകാമറിയമേ, ദൈവത്തിന്‍റെ പരിശുദ്ധ അമ്മയായ നിന്‍റെ സംരക്ഷണത്തില്‍ ഞങ്ങള്‍ അഭയം തേടുന്നു. ഞങ്ങളുടെമേല്‍ നിന്‍റെ കരുണയുള്ള കണ്ണുകള്‍ തിരിക്കണമേ. വേദനയിലും ദുഃഖത്തിലും കഴിയുന്നവരെ ആശ്വസിപ്പിക്കണമേ. പ്രിയപ്പെട്ടവരില്‍ നിന്ന് അകറ്റപ്പെട്ടവരെയും ഭാവിയെക്കുറിച്ച് ആകുലപ്പെടുന്നവരെയും അമ്മേ, നീ ആത്മവിശ്വാസം കൊണ്ട് നിറയ്ക്കണമേ.

ഈ കഠിനമായ പരീക്ഷണങ്ങള്‍ അവസാനിപ്പിച്ച് പ്രതീക്ഷയുടെയും സമാധാനത്തിന്‍റെയും പുതിയ ചക്രവാളം ആരംഭിക്കാന്‍ ദൈവത്തിന്‍റെയും ഞങ്ങളുടെയും അമ്മയായ പരി. കന്യാമറിയമേ, കരുണയുള്ള പിതാവിന്‍റെ മുമ്പില്‍ നീ ഞങ്ങള്‍ക്കായി യാചിക്കുമോ? നിന്‍റെ ദിവ്യപുത്രനോടൊപ്പം കാനായിലെന്നപോലെ ഇടപെടണമേ. രോഗികളുടെയും മരണത്തിന് ഇരയായവരുടെയും കുടുംബങ്ങളെ ആശ്വസിപ്പിക്കാനും അവരുടെ ഹൃദയം വിശ്വാസത്തിലേക്ക് തുറക്കാനും നിന്‍റെ പ്രിയപുത്രനോട് ആവശ്യപ്പെടണമേ.

ഓ! മറിയമേ, എളിയവരുടെ സങ്കേതമേ, അങ്ങേ കരവലയങ്ങളില്‍ നിന്‍റെ എല്ലാ വേദനിക്കുന്ന മക്കളെയും കാത്തുകൊള്ളണേ. രക്ഷയുടെയും പ്രത്യാശയുടെയും അടയാളമായി ഞങ്ങളുടെ പാതയില്‍ തിളങ്ങുന്ന നിന്നില്‍ ഞങ്ങള്‍ ആശ്രയിക്കുന്നു. കരുണയും വാത്സല്യവും മാധുര്യവും നിറഞ്ഞ കന്യകാമറിയമേ,  ആമേന്‍.
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

03 April 2021, 07:34