തിരയുക

അരങ്ങിനു മുൻപുള്ള ആലോചന : ഡോ. കെ. ജെ. യേശുദാസും  എം. ഈ. മാനുവലും അമേരിക്കയിൽ... (photo 1996). അരങ്ങിനു മുൻപുള്ള ആലോചന : ഡോ. കെ. ജെ. യേശുദാസും എം. ഈ. മാനുവലും അമേരിക്കയിൽ... (photo 1996). 

മെയ് മാസ സ്മരണയിൽ... ഒരു മരിയഗീതം

ഡോ. കെ. ജെ. യേശുദാസ് ആലപിച്ച്, വർഗ്ഗീസ് മാളിയേക്കൽ രചനയും എം. ഈ. മാനുവൽ സംഗീതസംവിധാനവും നിർവ്വഹിച്ച ഗാനം : ശബ്ദരേഖയോടെ...

- ഫാദർ വില്യം  നെല്ലിക്കൽ 

1996-ൽ “ഇൻറെക്കോ” (inreco) റെക്കോർഡിങ് കമ്പനി പുറത്തിറക്കിയ “ദൈവപുത്രൻ” എന്ന ഭക്തിഗാന ശേഖരത്തിലുള്ളതാണ്  "ഉണ്ണിയെ കൈയ്യിലേന്തി..." എന്ന ഗാനം.     ഡോ. കെ. ജെ. യേശുദാസിന്‍റെ ഓർഗനിസ്റ്റായിരുന്ന എം. ഈ. മാനുവൽ ചിട്ടപ്പെടുത്തിയതാണിത്.  ശ്രദ്ധേയമായ വരികൾ യശശ്ശരീനായ വർഗ്ഗീസ് മാളിയേക്കലിന്‍റേതാണ്. വെളിപാടു ഗ്രന്ഥം വിവരിക്കുന്ന അതീവ സന്ദരിയായ സ്ത്രീ യേശുവിന്‍റെ അമ്മ, നസ്രത്തിലെ മറിയമാണെന്ന് മാളിയേക്കൽ സാർ പദാനുപദം വരച്ചുകാട്ടുന്നു (വെളിപാട് 12 : 1).  വരികളുടെ മനോഹാരിത തെല്ലും കുറയ്ക്കാതെ മാനുവൽ ഗാനത്തെ ഇമ്പമാർന്നതാക്കിയിരിക്കുന്നു.  മലയാളത്തിൽ ഇറങ്ങിയിട്ടുള്ള മരിയഗീതങ്ങളിൽ പ്രാർത്ഥനയുടെ മനസ്സുകളെ എക്കാലത്തും തരളിതമാക്കുന്ന ഗാനമാണ്... “ഉണ്ണിയെ കൈയ്യിലേന്തി…”.

ഉണ്ണിയെ കൈയ്യിലേന്തി...


പല്ലവി
ഉണ്ണിയെ കൈയ്യിലേന്തി
വിളങ്ങുന്നൊരമ്മയെ കാണുവിൻ നാം

അനുപല്ലവി
വൻമഹമികൾ തിങ്ങും ജനനിയെ
വർണ്ണിച്ചു വാഴ്ത്തുവിൻ നാം (2).

ചരണം ഒന്ന്
പത്തോടു രണ്ടു ചേർന്ന് നക്ഷത്രമാ-
തൃത്തല ചൂഴ്ന്നുനില്പൂ (2)
ഉത്തമ ഭക്തിയോടെ പാദാംബുജം
തിങ്കളും താങ്ങിനില്പൂ.
തൻ വലംകൈയ്യിലേറ്റം മനോഹര-
പൊൻജപമാലയോടും
നന്മുഖത്തൂമലരിൽ മനോജ്ഞമാം
പുഞ്ചിരി തൂമയോടും.

ചരണം രണ്ട്
മേഘവലയമതിൽ വിരിഞ്ഞൊരു
മോഹന കാന്തിയായി (2)
മാനസകോരകങ്ങൾ വിടർത്തിടും
മേദുര തേജസ്സായി.
വാനവരാവഹിക്കും മനോഹര-
സ്നേഹ സിംഹാസനത്തിൽ
മോക്ഷറാണി വരുന്നു കൂപ്പൂകരം
കാഴ്ചകൾ വയ്ക്കുക നാം.

നിർമ്മാണം :
വരാപ്പുഴ അതിരൂപതയുടെ സാംസ്കാരിക സ്ഥാപനം സി.എ.സി.-യാണ് (Cochin Arts & Communications) പത്തു നല്ല ഗാനങ്ങളുള്ള “ദൈവപുതൻ” എന്ന ഗാനശേഖരത്തിന്‍റെ നിർമ്മാണം നിർവ്വഹിച്ചത്. ഗാനങ്ങൾ റെക്കോർഡ് ചെയ്തതത് മദ്രാസിൽ യേശുദാസിന്‍റെ തംരംഗിണി സ്റ്റുഡിയോയിലുമായിരുന്നു.
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

01 May 2021, 15:05