തിരയുക

സങ്കീർത്തനചിന്തകൾ - 114 സങ്കീർത്തനചിന്തകൾ - 114 

അടിമത്തത്തിൽനിന്ന് മോചിക്കുന്ന ശക്തനായ ദൈവം

വചനവീഥി: നൂറ്റിപ്പതിനാലാം സങ്കീർത്തനം - ധ്യാനാത്മകമായ ഒരു വായന.
നൂറ്റിപ്പതിനാലാം സങ്കീർത്തനം - ഒരു വിചിന്തനം - ശബ്ദരേഖ

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

നൂറ്റിപ്പതിനാലാം സങ്കീർത്തനത്തെക്കുറിച്ചുള്ള ധ്യാനചിന്തകളാണ് ഇന്നത്തെ വചനവീഥിയിൽ നാം ശ്രവിക്കുന്നത്.

ഒന്നുമില്ലായ്മയിൽനിന്നും ദൈവം നൽകുന്ന രക്ഷയുടെ അനുഭവത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഇസ്രായേൽ കടന്നുവരുന്ന സംഭവങ്ങളെ വളരെക്കുറച്ചു വാക്കുകളിൽ കോറിയിടുന്ന ഒരു സങ്കീർത്തനമാണിത്. ഈജിപ്തിൽ നിന്ന് ഇസ്രായേൽ ജനം ദൈവത്തിന്റെ ഇടപെടൽ മൂലം രക്ഷപ്പെട്ടതും, മരുഭൂമിയിലൂടെയുള്ള ദുഷ്കരമെങ്കിലും ദൈവസാന്നിധ്യം കൂടെയുണ്ടെന്ന തിരിച്ചറിവിൽ വളരുവാൻ ദൈവത്താൽ പ്രത്യേകമായി തിരഞ്ഞെടുക്കപ്പെട്ട ജനത്തിന് സാധിച്ച യാത്രയും, വാഗ്ദത്ത ഭൂമിയിലേക്കുള്ള അവരുടെ പ്രവേശനവും, അവരുടെ ഇടയിൽ ദൈവത്തിന്റെ സാന്നിധ്യത്തിന് സാക്ഷ്യം വഹിച്ച പ്രകൃതിയുടെ അത്ഭുതങ്ങളും വർണ്ണിക്കുന്ന ഒരു കാവ്യമാണിത്. അങ്ങനെ തങ്ങളെ രക്ഷിച്ച ദൈവത്തിന് സ്തുതി പാടുന്ന ഈ സങ്കീർത്തനം, നൂറ്റിപ്പതിമൂന്നാം സങ്കീർത്തനം പോലെ, യഹൂദരുടെ പെസഹാആചരണത്തിന്റെ അവസരത്തിൽ ആലപിക്കപ്പെടുന്നവയിൽ ഒന്നാണ്. ശിഷ്യർക്കൊപ്പമുള്ള അവസാന പെസഹാ ആചരണവേളയിൽ യേശുവും ശിഷ്യന്മാരും ആലപിച്ച ഈ സങ്കീർത്തനവരികൾ, കാൽവരിയിലേക്കുള്ള യാത്രയിൽ താൻ കടന്നുപോയ സഹനക്കടലിലും, കുരിശിലെ മരണത്തിനുമുൻപിൽ, ദൈവം പോലും തന്നെ കൈവിട്ടുവോയെന്ന ചിന്തയുണർത്തുന്ന മരുഭൂമിയനുഭവത്തിലും ക്രിസ്തുവിനും ശക്തിയായിരുന്നിരിക്കണം. രക്ഷ നൽകുന്ന ആനന്ദവും, ദൈവത്തിന്റെ അജയ്യമായ കരങ്ങൾക്ക് അസാധ്യമായി ഒന്നുമില്ലെന്ന ചിന്തയും ഒരു മനോഹരമായ കാവ്യമായി അവതരിപ്പിക്കുകയാണ് സങ്കീർത്തകൻ.

കാനാൻ ദേശം ലക്ഷ്യമാക്കിയുള്ള യാത്ര

"ഇസ്രായേൽ ഈജിപ്തിൽനിന്നു പുറപ്പെട്ടപ്പോൾ" എന്ന് തുടങ്ങുന്ന സങ്കീർത്തനത്തിന്റെ ഒന്നാം വാക്യത്തിൽ വ്യംഗ്യമായ ഒരു അർത്ഥമുണ്ട്. ഇസ്രായേൽ പുറപ്പെടുന്നത് രക്ഷയുടെ നാട്ടിലേക്കാണ്. ഈജിപ്തിൽനിന്ന് രക്ഷപ്പെടുക എന്നത് മാത്രമല്ല ഈയൊരു യാത്രയുടെ ലക്‌ഷ്യം, മറിച്ച് അടിമത്തത്തിന്റെ നാട്ടിൽനിന്ന് സ്വാതന്ത്ര്യത്തിന്റെ നാട്ടിലേക്ക്, സ്വന്തമെന്ന് പറയാനാകുന്ന വാഗ്ദത്തദേശം ലക്‌ഷ്യം കണ്ടാണ് ഈ യാത്ര. പഴയനിയമ ഉടമ്പടിയുടെ പ്രധാനപ്പെട്ട ഒരു ഭാഗമാണ് ഈജിപ്തിൽനിന്നുള്ള സ്വാതന്ത്ര്യം. എന്നും ഓർമ്മിക്കപ്പെടാനും ആഘോഷിക്കപ്പെടാനുമായുള്ള ഇസ്രായേൽ ചരിത്രത്തിന്റെ ഭാഗമാണത്.

ഒന്നാം വാക്യത്തിന്റെ രണ്ടാം ഭാഗം ഇങ്ങനെയാണ് "യാക്കോബിന്റെ ഭവനം അന്യഭാഷാ സംസാരിക്കുന്ന ജനതകളുടെ ഇടയിൽനിന്നു പുറപ്പെട്ടപ്പോൾ" ഏതാണ്ട് നാനൂറ് വർഷങ്ങൾ ഈജിപ്തിൽ ജീവിച്ചുവെന്നു കരുതപ്പെടുന്ന ഇസ്രയേലിന് പക്ഷേ, ഈജിപ്ത് അവരുടെ സ്വന്തം ഭവനമല്ല. തിരഞ്ഞെടുക്കപ്പെട്ട ജനം ഒരിക്കലും അടിമത്തത്തിന്റെ കീഴിൽ കഴിയേണ്ടവരല്ല. ദൈവം നൽകുന്ന രക്ഷയെ മുന്നിൽ കാണുന്നവർക്ക് ഈ ഭൂമി നൽകുന്ന സുഖലോലുപതയുടെ അടിമത്തം ഒരിക്കലും ശാശ്വതമായ സന്തോഷം നൽകുന്നതല്ല എന്ന തിരിച്ചറിവുണ്ട്. ലോകത്തിന്റെ ഭാഷയ്ക്ക് ദൈവത്തിന്റെ ഭാഷയുടെ മാധുര്യമോ ആശ്വാസമോ നല്കാനാകില്ല.

ദൈവത്തിന്റെ സാമ്രാജ്യവും വിശുദ്ധമന്ദിരവും

രണ്ടാം വാക്യം ഒന്നാം വാക്യത്തിന്റെ അനന്തരഫലമെന്തെന്നാണ് പറയുന്നത്. "യൂദാ അവിടുത്തെ വിശുദ്ധ മന്ദിരവും ഇസ്രായേൽ അവിടുത്തെ സാമ്രാജ്യവും ആയി". ഇസ്രായേൽ ഗോത്രങ്ങളിലെ പ്രധാനഗോത്രമാണ് യൂദാ. ഒരു രീതിയിൽ യൂദാ ഇസ്രയേലിന്റെ മുഴുവൻ പ്രതിനിധിയായാണ് നിൽക്കുന്നത്. ദൈവതിരുമുമ്പിൽ വിശുദ്ധിയിലും മുന്നിട്ടുനിൽക്കുന്ന ഒരു ഗോത്രമെന്ന് അവരെ വിളിക്കാം. ലോകത്തിന്റെ അടിമത്തത്തിൽനിന്ന് ദൈവത്തിന്റെ വിളികേട്ട് സ്വാതന്ത്ര്യത്തിന്റെ ലോകത്തിലേക്ക് വയ്ക്കുന്ന ഓരോ കാലടികളും ദൈവത്തിലേക്കുകൂടിയാണ് നമ്മെ നയിക്കുന്നത്. അവിടെ മനസിലാക്കാനാകാത്ത അന്യഭാഷകളോ, സ്വന്തമെന്ന ചിന്തയകറ്റുന്ന പെരുമാറ്റങ്ങളോ ഇല്ല. ഇനിമുതൽ ഇസ്രായേൽ തങ്ങളെ അടിമകളാക്കി ഭരിച്ചിരുന്ന ഈജിപ്തിലെ അധികാരികളോടല്ല, തങ്ങളെ സ്വന്തം ജനമായി കരുതുന്ന ദൈവത്തോടാണ് ഇടപെടുക. പാപത്തിന്റേതാകാം, ലോകത്തിന്റേതാകാം, ഓരോ അടിമത്തങ്ങളും വിട്ടുപേക്ഷിച്ച് ദൈവത്തിന്റെ സ്വരം ശ്രവിച്ച് മുന്നോട്ടു നീങ്ങുന്ന മനുഷ്യഹൃദയങ്ങളിലും ദൈവം വസിക്കുവാനെത്തും. ദൈവത്തിന്റെ സ്വരം കേട്ടുജീവിക്കുന്ന മനുഷ്യരുള്ളയിടങ്ങളെ ദൈവം തന്റെ സാമ്രാജ്യമാക്കും. അടിമത്തത്തിന്റെ ചങ്ങലയല്ല, ദൈവം നാഥനും സംരക്ഷകനുമായുള്ള ദൈവജനമെന്ന അനുഗ്രഹത്തിലേക്കാണ് നാമും വിളിക്കപ്പെട്ടിരിക്കുന്നത്.

ദൈവം യഥാർത്ഥ അധികാരി

മൂന്നുമുതൽ ആറുവരെയുള്ള വാക്യങ്ങൾ ദൈവത്തിനു മുന്നിൽ ഭൗമികശക്തികളായ ജലവും മലനിരകളും മുട്ടുമടക്കുന്നതിനെക്കുറിച്ചാണ്. ദൈവം ഇസ്രയേലിനെ മോചിപ്പിക്കുവാനെത്തിയപ്പോൾ "അത് കണ്ടു കടൽ ഓടിയകന്നു, ജോർദാൻ പിൻവാങ്ങി". പർവതങ്ങൾ മുട്ടാടുകളെപ്പോലെയും, മലകൾ ആട്ടിൻകുട്ടികളെപ്പോലെയും തുള്ളിച്ചാടി എന്നാണ് മൂന്നും നാലും വാക്യങ്ങളിൽ നാം വായിക്കുന്നത്. ഇത്രയും നാളുകൾ ഈജിപ്തിന്റെ അടിമത്തത്തിൽനിന്ന് പുറത്തേക്കുള്ള വഴിയിൽ തടസ്സമായി നിന്ന കടലാണ് ദൈവത്തിന് മുന്നിൽ വരണ്ടുങ്ങിയ മണലായി മാറിയത്. കാൽനടയായി മുന്നോട്ടുനീങ്ങുന്ന യാത്രയിൽ തടസ്സമായി നിന്ന മലനിരകളും പർവ്വതങ്ങളും, ദൈവത്തെ നാഥനായി സ്വീകരിച്ച, ദൈവത്താൽ നയിക്കപ്പെടുന്ന ആളുകൾക്ക് മുന്നിൽ പ്രതിരോധം തീർക്കാൻ കഴിവില്ലാത്തവയായി മാറി. കടലും ഭൂമിയും ദൈവത്തിന്റെ കരബലത്തിനുമുന്നിൽനിന്ന് ഓടി മാറുകയാണ്.

ദൈവത്തിന്റെ ജനത്തെ തടഞ്ഞുനിറുത്താൻ ശ്രമിച്ച പ്രപഞ്ചശക്തികളോട് സങ്കീർത്തകൻ പരിഹാസച്ചുവയോടെയാണ് അഞ്ചും ആറും വാക്യങ്ങളിൽ സംവദിക്കുന്നത്. "സമുദ്രമേ, ഓടിയകലാൻ നിനക്ക് എന്തുപറ്റി? ജോർദാൻ നീ എന്തിനു പിൻവാങ്ങുന്നു? പർവ്വതങ്ങളെ, നിങ്ങൾ മുട്ടാടുകളെപ്പോലെയും, മലകളേ, നിങ്ങൾ കുഞ്ഞാടുകളെപ്പോലെയും തുള്ളുന്നതെന്തിന്?" പ്രപഞ്ചത്തെ മുഴുവൻ സൃഷ്‌ടിച്ച ദൈവത്തിനു മുന്നിൽ ഭയത്തോടെയും ആദരവോടെയും പിന്മാറുകയാണ് കടലും മലകളും. രക്ഷിക്കാനായി ദൈവം മുന്നോട്ടിറങ്ങിയാൽ, ദൈവത്തെ നാഥനായി സ്വീകരിച്ചാൽ, അവന്റെ കല്പനകളനുസരിച്ച് ജീവിതത്തിന്റെ കടൽ, മരുഭൂമിയാനുഭവങ്ങളിലൂടെ നടക്കാൻ തുടങ്ങിയാൽ, നാമും ദൈവത്തിന്റെ മഹത്വവും, അവനുമുന്നിൽ തോറ്റുപിന്മാറുന്ന തിന്മയുടെ ശക്തികളെയും കാണും. ദൈവത്തിന്റെ കാരുണ്യത്തിന് മുന്നിൽ ഉണങ്ങിവറ്റാത്ത പാപക്കടലോ, അവന്റെ രക്ഷിക്കുന്ന കരങ്ങൾക്കു മുന്നിൽ തകർന്നടിയാത്ത പാപപർവ്വങ്ങളോ ഇല്ല.

അസാധ്യതകളെ സാധ്യമാക്കുന്ന കൂടെയുള്ള ദൈവം

ഏഴാം വാക്യം ഒരു ആഹ്വാനമാണ്. "കർത്താവിന്റെ സന്നിധിയിൽ, യാക്കോബിന്റെ ദൈവത്തിന്റെ സന്നിധിയിൽ ഭൂമി വിറകൊള്ളട്ടെ!" യാക്കോബിന്റെ ദൈവം എന്നാൽ, അത് വെറുമൊരു സാധാരണ ദൈവസങ്കല്പമല്ല, ചരിത്രത്തിലൂടെ അറിയപ്പെട്ട ഒരു ദൈവമാണ് അവനെന്ന് വ്യക്തമാണ്. ഫറവോപോലൊരു ശക്തനായ അധികാരിയിൽനിന്നും, തനിക്കു പ്രിയപ്പെട്ട ജനത്തെ സ്വതന്ത്രമാക്കി, കടലും മലനിരകളും കടത്തി, തേനും പാലുമൊഴുകുന്ന വാഗ്ദത്തനാട്ടിലേക്കെത്തിക്കുന്ന ദൈവമെന്ന കർത്താവിന് മുന്നിൽ എങ്ങനെയാണ് ഭൂമിക്ക് നിസംഗതയോടെയിരിക്കാനാകുക? തന്റെ തന്നെ സൃഷ്ടാവായ ദൈവത്തിനുമുന്നിലാണ് ഭൂമി വിറകൊള്ളുന്നത്.  ഭൂതകാലത്തിന്റെ തിരിച്ചറിവുകളും ശരിയായ മനസ്സിലാക്കലുകളുമാണ് മനസ്സിൽ നല്ല മാറ്റങ്ങളുണ്ടാക്കുക.

"അവിടുന്ന് പാറയെ ജലാശയമാക്കി, തീക്കല്ലിനെ നീരുറവയാക്കി". എന്ന എട്ടാം വാക്യത്തിൽ പുറപ്പാടനുഭവത്തിന്റെ ഭാഗമായ ഒരനുഭവംകൂടി ഓർമ്മിപ്പിച്ച് ഈ ചെറിയ, എന്നാൽ അർത്ഥസമ്പുഷ്ടമായ സങ്കീർത്തനം അവസാനിക്കുകയാണ്. സമ്മിശ്രവികാരങ്ങളുണർത്തുന്ന ഒരു ഓർമ്മയാണിത്. തങ്ങളെ രക്ഷിച്ചു കൊണ്ടുവന്ന ദൈവം, മോശയുടെ പ്രാർത്ഥന ശ്രവിച്ച്, ഹോറെബ് മലയിൽ വച്ച് തങ്ങൾക്കായി പാറയിൽനിന്ന് ജലമൊഴുക്കിത്തന്ന അനുഭവത്തിന്റെ ഓർമ്മയാണത്. എന്നാൽ അതിനൊപ്പം, മരുഭൂമിയുടെ ചൂടിൽ, ദൈവം നൽകിയ സ്വാതന്ത്ര്യത്തെക്കാൾ ഈജിപ്തിലെ അടിമത്തകാലത്തെ വിലമതിച്ച, ദൈവാശ്രയബോധമില്ലായ്‌മയുടെ ഓർമ്മകൂടിയാണത്.

നമുക്കും ദൈവത്തിന്റെ മന്ദിരങ്ങളാകാം

ഇസ്രയേലിന്റെ ചരിത്രബോധമുണർത്തുന്ന ഈ ചെറുസങ്കീർത്തനം പരോക്ഷമായി നമ്മോടുകൂടിയാണ് സംസാരിക്കുന്നത്. നിങ്ങളും ഞാനുമൊക്കെ ദൈവം സ്വതന്ത്രരാക്കിയവരാണ്, സ്വന്തമാക്കിയവരാണ്. വേദനകളുടെ കണ്ണീർക്കടലിൽ മുങ്ങിത്താഴുന്നുവെന്ന തോന്നലുള്ളപ്പോഴും, നിരാശയുടെയും ഒറ്റപ്പെടലിന്റെയും മരുഭൂമിയനുഭവങ്ങളിൽ ചുട്ടുപൊള്ളുമ്പോഴും, ആശ്വാസമില്ലാതെ അലയുമ്പോഴും, നമ്മുടെ വേദനകളെക്കാളും, ഒറ്റപ്പെടലുകളെക്കാളും വലിയ ആഴങ്ങളെ കണ്ട ദൈവത്തിന് നമ്മെ രക്ഷിക്കാൻ സാധ്യമാണെന്ന ബോധ്യം നമ്മിൽ വളരട്ടെ. അവന്റെ രക്ഷയുടെ സ്വാതന്ത്ര്യം തിരഞ്ഞെടുത്ത്, നമുക്കും ദൈവം രാജാവായുള്ള ജനമായി മാറാം. നമ്മുടെ മുന്നിലെ ദുരിതക്കടലുകൾ ഇല്ലാതാകട്ടെ, ദൈവത്തിൽനിന്ന് നമ്മെയകറ്റുന്ന വന്മലകൾ നീങ്ങിപ്പോകട്ടെ. നന്ദി നിറഞ്ഞ ഹൃദയത്തോടെ ദൈവത്തിന് മുന്നിൽ നമുക്കും ആനന്ദകീർത്തനമാലപിക്കാം. ഇസ്രയേലിന്റെ ദൈവം നമ്മെയും അനുഗ്രഹിക്കട്ടെ.

വത്തിക്കാൻ മലയാളം വാർത്താവിഭാഗത്തിന്റെ വചനവീഥി എന്ന ബൈബിൾ പരമ്പരയിൽ നൂറ്റിപ്പതിനാലാം സങ്കീർത്തനത്തെക്കുറിച്ചുള്ള ചിന്തകളാണ് നാം ഇതുവരെ ശ്രവിച്ചത്. തയ്യാറാക്കി അവതരിപ്പിച്ചത് മോൺസിഞ്ഞോർ ജോജി വടകര.

ഇസ്രായേലിനെ അടിമത്തത്തിന്റെ ചങ്ങലകളിൽനിന്ന് വിടുവിച്ച്, ദൈവജനമെന്ന സ്വാതന്ത്ര്യത്തിലേക്ക് നയിച്ച ദൈവമാണ് നമുക്ക് നാഥനായുള്ളത്. അവൻ നമ്മുടെ ഉള്ളവും നമ്മുടെ വേദനകളും കാണുകയും, നമ്മെക്കാൾ നമ്മെ അറിയുകയും ചെയ്യുന്നു. ഏതൊരാവസ്ഥയിലും നിന്ന് നമ്മെ രക്ഷിക്കാൻ കഴിവുള്ള ദൈവത്തിന്റെ കരുണയും സ്നേഹവും നമ്മെ ഓർമ്മിപ്പിക്കുന്ന ഒരു ഗാനമാണ് അടുത്തത്. കുറച്ചു നാളുകൾക്ക് മുൻപ് നമ്മെ വേർപിരിഞ്ഞ, വിൻസെൻഷ്യൻ വൈദികനായിരുന്ന ആന്റോ കണ്ണമ്പുഴയച്ചൻ എഴുതിയ ഈ മനോഹര ഗാനത്തിന്റെ വരികൾക്ക് സംഗീതം നൽകിയത് ജേക്കബ് കൊരട്ടിയാണ്. ആലാപനം കെസ്റ്റർ.

എല്ലാം കാണുന്ന കണ്ണുകൾ...

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

14 December 2021, 15:22