പൂരോഗതിയും ആത്മീയ-സാമൂഹ്യ-മാനവമൂല്യങ്ങളും കൈകോർക്കണം-മതനേതാക്കൾ!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
സമാധാനം, സഹകരണം എന്നിവയക്കായുള്ള സംഭാഷണം ശക്തിപ്പെടുത്തുകയും ആത്മീയവും ധാർമ്മികവുമായ മൂല്യങ്ങൾ പരിപോഷിപ്പിക്കുകയും ചെയ്യുന്നതിനുള്ള സംയുക്ത യത്നങ്ങളുടെ സാക്ഷാത്ക്കാരത്തിൽ ലോകമതങ്ങളുടെയും പാരമ്പര്യമതങ്ങളുടെയും നേതാക്കളുടെ സമ്മേളനത്തിന് സുപ്രധാന പങ്കുണ്ടെന്ന് ഈ സമ്മേളനത്തിൻറെ സമാപന പ്രഖ്യാപനം.
കസാഖ്സ്ഥാൻറെ തലസ്ഥാനമായ നൂർ സുൽത്താനിൽ സെപ്റ്റംബർ 14,15 തീയതികളിൽ സമ്മേളിച്ച ഫ്രാൻസീസ് പാപ്പായുൾപ്പടെയുള്ള ഈ മതനേതാക്കളുടെ ഏഴാം ലോകസമ്മേളനം പതിനഞ്ചാം തീയതി വ്യാഴാഴ്‌ച (15/09/22)-യാണ് ഈ പ്രഖ്യാപനം പുറപ്പെടുവിച്ചത്.
ശാസ്ത്ര, സാങ്കേതിക, വൈദ്യ, വ്യവസായ മേഖലകളിലും ഇതര രംഗങ്ങളിലും ആഗോളസമൂഹത്തിനുണ്ടായിട്ടുള്ള പുരോഗതിയെ മതനേതാക്കൾ സ്വാഗതം ചെയ്യുന്നതോടൊപ്പംതന്നെ അവയെ ആദ്ധ്യാത്മികവും സാമൂഹ്യവും മാനവികവുമായ മൂല്യങ്ങളുമായി പൊരുത്തപ്പെടുത്തേണ്ടതിൻറെ ആവശ്യകതയും ഈ പ്രഖ്യാപനത്തിൽ അവർ ചൂണ്ടിക്കാട്ടുന്നു. ആത്മീയ മൂല്യങ്ങളുടെയും ധാർമ്മിക മാർഗ്ഗനിർദ്ദേശങ്ങളുടെയും പ്രാധാന്യത്തെ തള്ളക്കളയുന്ന സമൂഹങ്ങൾക്ക് അവയുടെ മാനവികയും സർഗ്ഗാത്മകതയും എളുപ്പത്തിൽ നഷ്ടപ്പടുന്ന അപകടത്തെക്കുറിച്ചും പ്രഖ്യാപനം സൂചിപ്പിക്കുന്നു.
ലോകമതങ്ങളുടെയും പാരമ്പര്യമതങ്ങളുടെയും നേതാക്കളുടെ ഏഴാം സമ്മേളനത്തിൻറെ സമാപന പ്രഖ്യാപനം ലോകമെമ്പാടുമുള്ള രാഷ്ട്രാധികാരികൾക്കും രാഷ്ട്രീയ നേതാക്കൾക്കും മതപ്രതിനിധികൾക്കും ദേശീയ അന്തർദ്ദേശീയ സംഘടനകൾക്കും പൗരസമൂഹ സംഘടനകൾക്കും മതസംഘടനകൾക്കും വിദഗ്ദ്ധർക്കും അയച്ചുകൊടുക്കും. ഐക്യരാഷ്ട്രസംഘടനയുടെ പൊതുസഭയുടെ എഴുപത്തിയേഴാമത് യോഗത്തിൽ ഒരു ഔദ്യോഗിക രേഖയായുമായിരിക്കും ഈ പ്രഖ്യാപനം. ലോകമതങ്ങളുടെയും പാരമ്പര്യമതങ്ങളുടെയും നേതാക്കളുടെ അടുത്ത സമ്മേളനവും നൂർ സുൽത്താനിൽത്തന്നെ 2025-ൽ നടത്താൻ ഈ സമ്മേളനം തീരുമാനിച്ചിട്ടുണ്ട്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: