ലക്ഷക്കണക്കിനാളുകൾ എലിസബത്ത് രാജ്ഞിക്ക് ആദരാഞ്ജലികൾ അർപ്പിച്ചു
സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്
ഇന്ന് നടന്ന എലിസബത്ത് രാജ്ഞിയുടെ ശവസംസ്‌കാരത്തിൽ 500-ലധികം ലോക നേതാക്കളും വിദേശ രാജ്യങ്ങളിൽ നിന്നുള്ള വിശിഷ്ടാതിഥികളും പങ്കെടുക്കാൻ ബ്രിട്ടന്റെ തലസ്ഥാന നഗരിയിൽ എത്തിയിരുന്നു.
സിംഹാസനസ്ഥയായതിന് ശേഷം 70 വർഷം ഭരണം നടത്തി സെപ്റ്റംബർ എട്ടിന് അന്തരിച്ച എലിസബത്ത് രാജ്ഞിക്ക് ആദരാഞ്ജലികൾ അർപ്പിക്കാൻ ലക്ഷക്കണക്കിനാളുകൾ എത്തിയിരുന്നു. കഴിഞ്ഞ നാല് ദിവസമായി ലണ്ടനിലെ വെസ്റ്റ്മിൻസ്റ്റർ ഹാളിലേക്ക് ജനങ്ങൾ ഒഴുകുകയായിരുന്നു.
രാജ്ഞിയുടെ ശരീരം അടക്കം ചെയ്ത മഞ്ചം കാണാനുള്ള ജനങ്ങളുടെ നിര എട്ട് കിലോമീറ്ററിലധികം നീണ്ടു. ഒരു ഘട്ടത്തിൽ ഏകദേശം 24 മണിക്കൂർ വരെയായിരുന്നു ജനങ്ങൾക്ക് കാത്തിരിക്കേണ്ടി വന്ന സമയം.
വിലാപക്കാരുടെ നിര നിശബ്ദമായി കടന്നു പോകവെ ശനിയാഴ്ച വൈകുന്നേരം എലിസബത്ത് രാജ്ഞിയുടെ എട്ട് കൊച്ചുമക്കളും മൃതശരീരത്തിന് 15 മിനിറ്റോളം ജാഗരണമനുഷ്ടിച്ചു. വെള്ളിയാഴ്ച രാജ്ഞിയുടെ നാല് മക്കളായ ചാൾസ് രാജാവ്, ആനി, ആൻഡ്രൂ, എഡ്വേർഡ് എന്നിവർ മൃതദേഹത്തിനരികെ നിന്നിരുന്നു. അതേ സമയം തിങ്കളാഴ്ച വെസ്റ്റ്മിൻസ്റ്റർ ആബിയിൽ നടന്ന സംസ്‌കാര ചടങ്ങിൽ പങ്കെടുക്കാൻ 500 ഓളം ലോകനേതാക്കളും വിദേശങ്ങളിൽ നിന്നുള്ള പ്രമുഖരും ലണ്ടനിൽ എത്തി.ഫ്രാൻസ്, ഇറ്റലി, അമേരിക്കൻ ഐക്യനാടുകൾ ജപ്പാൻ എന്നിവിടങ്ങളിൽ നിന്നുള്ള രാഷ്ട്രത്തലവൻമാരും നിരവധി യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ള രാജകുടുംബത്തിലെ അംഗങ്ങളും അവരിൽ ഉൾപ്പെടുന്നു.
രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ ഫ്രാൻസിസ് പാപ്പയെ പ്രതിനിധീകരിച്ച് വിദേശ രാജ്യങ്ങളുമായുള്ള ബന്ധത്തിന്റെ സെക്രട്ടറി ആർച്ച് ബിഷപ്പ് പോൾ ഗാല്ലഗെർ പങ്കെടുത്തു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: