സമാധാനത്തിന്റെ കവിതകൾ രചിച്ചുകൊണ്ട് കുരുന്നുകൾ
ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി
1999 ൽ ഐക്യരാഷ്ട്രസഭയുടെ ഭാഗമായ യുനെസ്കോയുടെ നേതൃത്വത്തിൽ ആരംഭിച്ചതാണ് അന്താരാഷ്ട്ര കവിതാ ദിനം. ഓരോ വർഷവും മാർച്ചുമാസം ഇരുപത്തിയൊന്നാം തീയതി അന്താരാഷ്ട്രകവിതാദിനത്തിൽ കാലികപ്രസക്തമായ കവിതകൾ തെരഞ്ഞെടുക്കപ്പെടുകയും ലോകം മുഴുവൻ അവയുടെ സന്ദേശം എത്തിക്കുകയും ചെയ്യുന്നു. ഇത്തവണ കവിതാദിനം എടുത്തു കാണിക്കുക യുദ്ധത്തിന്റെ വിഷമതകളെയും, അവയിൽ നിന്നും മുക്തമായി സമാധാനം കാംക്ഷിക്കുന്ന കുട്ടികളുടെ ഭാവനാത്മകമായ ചിന്തകളെയുമാണ്.
കുട്ടികൾക്കുവേണ്ടിയുള്ള ഐക്യരാഷ്ട്രസഭയുടെ ഭാഗമായ യൂണിസെഫിന്റെ നേതൃത്വത്തിലാണ് യുദ്ധക്കെടുതിയാൽ ദുരിതമനുഭവിക്കുന്ന കുട്ടികളുടെ കവിതകൾ ശേഖരിക്കപ്പെട്ടത്. കവിതകളിൽ 1700 ൽ അധികം കൃതികൾ ഉക്രൈനിലെ കുട്ടികൾ രചിച്ചവയാണ്. സായുധ സംഘട്ടനത്തിൽ കുട്ടികളെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിക്കാൻ പൊതുജനങ്ങളെ പ്രേരിപ്പിക്കുന്നതിനൊപ്പം, സമാധാന നിർമ്മാണ പ്രക്രിയകളിൽ കുട്ടികളുടെയും യുവാക്കളുടെയും ശബ്ദം പ്രോത്സാഹിപ്പിക്കുക എന്നതാണ് 2020 മുതൽ നടത്തപ്പെടുന്ന ഈ സമാധാനാഹ്വാനത്തിന്റെ കവിതാരചന ലക്ഷ്യമിടുന്നത്.
ഉക്രൈനു പുറമെ അഫ്ഗാനിസ്ഥാൻ, ബുർക്കിന ഫാസോ, എത്യോപ്യ, ഇറാഖ്, മാലി, മ്യാൻമർ, നൈജീരിയ, സിറിയ,സൊമാലിയ, ദക്ഷിണ സുഡാൻ, സുഡാൻ, യെമൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള കുട്ടികളുടെ രചനകളും യൂണിസെഫ് സ്വീകരിച്ചിട്ടുണ്ട്.
സ്വീകരിക്കപ്പെട്ട കവിതകളിൽ ഹൃദയസ്പർശിയായ ഒരു കവിത ഉക്രൈനിലെ ഒഡേസ്സയിൽ നിന്നുള്ള പന്ത്രണ്ടു വയസുകാരിയായ മരിയയുടേതാണ്. കവിതയുടെ വിവർത്തനം ഇപ്രകാരമാണ്:
പ്രിയപ്പെട്ട അച്ഛാ, ഇന്ന് ഏത് ദിവസമാണെന്ന് ഓർമ്മയുണ്ടോ?
ഇന്നെന്റെ ജന്മദിനമാണ്. ഏഴാമത്തേത്!
എന്തുകൊണ്ടാണ് എനിക്ക് ഒരു കത്തുപോലും ലഭിക്കാഞ്ഞത്?
വരൂ, മനോഹരമായി എന്തെങ്കിലും എനിക്കായി എഴുതൂ!
പ്രിയപ്പെട്ട അച്ഛാ, മുത്തശ്ശി അച്ഛനെക്കുറിച്ച് ഇപ്രകാരം പറയുന്നത് കേട്ടു ..
അച്ഛൻ ഇനി ഒരിക്കലും വീട്ടിൽ വരില്ലയെന്ന്, പക്ഷേ അത് സത്യമാണോ?
ഇപ്പോഴും പക്ഷെ അച്ഛന്റെ കത്തുകളൊന്നും വന്നില്ല
കാരണം ദൂരെ വയലിലെവിടെയോ
ഇരുണ്ട പുക നിറയുന്നു ,
അതാ ഒരു പട്ടാളക്കാരൻ മൃതനായി കിടക്കുന്നു...
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: