തിരയുക

ശൂന്യമായ കല്ലറ. ശൂന്യമായ കല്ലറ.  (© Simon Lehmann - PhotoGranary)

പുതുഞായറിന്റെ ചൈതന്യം ആത്മീയനവീകരണം

സീറോ മലബാർ സഭ ആരാധനാക്രമം ഉയിർപ്പുകാലം രണ്ടാം ഞായറാഴ്ചയിലെ വായനകളെ ആധാരമാക്കിയ വചനവിചിന്തനം. (യോഹ 20,19-29)

ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി

കൊറോണ മഹാമാരിയുടെ ദുരിതവും, യുദ്ധഭീതിയുടെ ഇരുണ്ടമേഘങ്ങളും മൂടിയിരുന്ന ലോകത്തിൽ വീണ്ടും ക്രിസ്തുവിന്റെ ഉയിർപ്പുതിരുനാൾ നാം ഭക്ത്യാദരപൂർവ്വം ആഘോഷിച്ചു. മരണത്തിന്റെ നിഴൽവീണ താഴ്‌വരകൾക്കുമപ്പുറം ജീവന്റെ പറുദീസ മനുഷ്യർക്ക് വാഗ്ദാനം ചെയ്യുന്നതാണല്ലോ ഉയിർപ്പുതിരുനാൾ. ഈശോയുടെ ഉയിർപ്പിന്റെ ചൈതന്യം അതിന്റെ പൂർണ്ണതയിൽ തുടർന്നുള്ള ഏഴുദിവങ്ങളിലും നാം അനുസ്മരിക്കുകയുണ്ടായി. ഈ ആഘോഷങ്ങളുടെ എട്ടാം ദിനം അതായത് ഉയിർപ്പു കഴിഞ്ഞുവരുന്ന ഞായറാഴ്ചയെ പാരമ്പര്യമായി നാം പുതുഞായർ എന്നാണ് വിളിക്കുക. ചരിത്രത്തിന്റെ കേന്ദ്രമായിത്തീർന്നുകൊണ്ട്, ഉത്ഥാനത്തിലൂടെ മനുഷ്യവംശത്തെ നവീകരിച്ചുകൊണ്ട്, മനുഷ്യരാശിയോടൊത്തു എന്നും വസിച്ചുകൊണ്ട് ഇന്നും ക്രിസ്തു ജീവിക്കുന്നു എന്നാണ് ഈ പുതുഞായറാഴ്ച്ച നാം പ്രഘോഷിക്കുന്നത്.

വിശുദ്ധ പൗലോസ് ശ്ലീഹ പറയുന്നതുപോലെ നമ്മുടെ വിശ്വാസത്തിന്റെ അടിസ്ഥാനമായി നിലകൊള്ളുന്നത് ക്രിസ്തുവിന്റെ ഉത്ഥാനമാണ്. ക്രിസ്തു മരിച്ചവരിൽ നിന്നും ഉത്ഥാനം ചെയ്തിട്ടില്ലെങ്കിൽ നമ്മുടെ പ്രസംഗവും,വിശ്വാസവും വ്യർത്ഥമാണെന്ന അദ്ദേഹത്തിന്റെ വാക്കുകളിൽ പ്രതിധ്വനിക്കുന്നത് ക്രിസ്ത്യാനികളെന്ന നാമധേയത്തിന് അർഥം നൽകുന്ന ഘടകം തന്നെ ക്രിസ്തുവിന്റെ ഉത്ഥാനമെന്നതാണ്.ഈ തിരുനാളിന്റെ ആഴവും വ്യാപ്തിയും വെളിവാക്കുന്നതാണ്, ഏഴുദിവസം നീണ്ടുനിൽക്കുന്ന ഈസ്റ്റർ അനുസ്മരണം. പാശ്ചാത്യസഭകൾ ഇവയെ എട്ടു ദിവസങ്ങളുടെ ആഘോഷം എന്നാണ് വിളിക്കുന്നതെങ്കിൽ പൗരസ്ത്യപരമ്പര്യ സഭകളിൽ ഈ ആഴ്ച്ചയെ  പ്രകാശത്തിന്റെ വാരം എന്നാണ് വിളിക്കുന്നത്.തുടർന്ന് വരുന്ന ഞായറാഴ്‌ചയ്‌ക്കും ഈ രണ്ടുസഭകളിലും വളരെയധികം പ്രാധാന്യം ഉണ്ട്. ലത്തീൻ സഭ ഈ ഞായറാഴ്ച്ചയെ ദൈവ കരുണയുടെ ഞായർ എന്ന് സംബോധന ചെയ്യുമ്പോൾ , പൗരസ്ത്യ പാരമ്പര്യത്തിൽ ഈ ഞായർ പുതുഞായർ എന്നും, നവീകരണ ഞായർ എന്നും തോമസ് ഞായർ എന്നുമൊക്കെ അറിയപ്പെടുന്നു.

ദൈവത്തിന് മനുഷ്യമക്കളോട് തോന്നിയ കരുണയുടെ ആഴമാണ് പെസഹാരഹസ്യങ്ങളുടെ അന്തഃസത്ത. ഈശോയുടെ മനുഷ്യജന്മത്തിന് പരിശുദ്ധ കന്യകാമറിയാതെ തിരഞ്ഞെടുക്കുന്നതും, ബെത്ലെഹെമിലെ കാലിത്തൊഴുത്തിൽ അവനായി തൊട്ടിലൊരുക്കുന്നതും, പരസ്യജീവിതകാലത്ത് അനേകർക്ക് സാമീപ്യമേകിയതും, നമ്മുടെ പാപങ്ങൾക്ക് പരിഹാരമായി സ്വയം  കുരിശു വഹിച്ചതും, മൂന്നാണികളിൽ മരണം വരിച്ചതും അവസാനം നിത്യജീവന്റെ സ്രോതസ്സായി ഉയിർത്തെഴുന്നേറ്റതും ഈ ദൈവീക  കരുണയുടെ മൂർത്തീമത്ഭാവമാണ്. കർത്താവേ നിന്നിൽ ഞാൻ ശരണപ്പെടുന്നുവെന്ന് ഹൃദയം തുറന്ന് പറയുവാൻ ഉത്ഥിതൻ നമ്മെ ക്ഷണിക്കുന്ന ഞായർ കൂടിയാണിത്.ഈ ആശ്രയബോധവും, സ്നേഹവും, ശരണവുമാണ് ഒരു ക്രിസ്ത്യാനിയെ യഥാർത്ഥത്തിൽ ഒരു പുതിയ മനുഷ്യനാക്കി മാറ്റുന്നത്. നമ്മിലുള്ള പാപമനുഷ്യനെ ഉരിഞ്ഞുമാറ്റിക്കൊണ്ട് പുതിയ മനുഷ്യനായി ക്രിസ്തുവിൽ ജീവിക്കാനുള്ള വിളിയാണ് പൗരസ്ത്യ പാരമ്പര്യത്തിൽ നവീകരണ ഞായർ. ഇതിന് പാരമ്പര്യം നമുക്ക് നൽകുന്ന മാതൃക നമ്മുടെ ഭാരതത്തിലെ വിശ്വാസത്തിന്റെ പിതാവായ തോമാശ്ലീഹായാണ്.

സിറോമലബാർ സഭയിൽ ഏറെ ആഘോഷപൂർവമാണ് ഈ തിരുനാൾ ആഘോഷിക്കുന്നത്.എന്റെ കർത്താവേ എന്റെ ദൈവമേ എന്ന് പറഞ്ഞുകൊണ്ട് ക്രിസ്തുവിലുള്ള തന്റെ വിശ്വാസവും സ്നേഹവും അതിന്റെ പൂർണ്ണതയിൽ പ്രകടമാക്കിയ വിശുദ്ധ തോമാശ്ലീഹായുടെ മക്കൾ എന്ന നിലയിൽ, തങ്ങളുടെ പിതാവിന്റെ വിശ്വാസ പ്രഖ്യാപന ദിനമായിട്ടുകൂടിയാണ് ഈ പുതുഞായർ ആഘോഷിക്കുന്നത്. ജീവിതത്തിന്റെ എല്ലാ സാഹചര്യങ്ങളിലും ദൈവീക കരുണയെ തിരിച്ചറിയുകയും, അവന്റെ കരുണാർദ്രമായ സ്നേഹത്തിനു തങ്ങളെ തന്നെ വിട്ടുകൊടുക്കുന്നവരുടെ ഹൃദയത്തിൽ നിന്നും ഉരുത്തിരിയുന്ന വചനങ്ങളാണ് എന്റെ കർത്താവേ എന്റെ ദൈവമേ എന്ന ഹ്രസ്വമായ പ്രാർത്ഥന. ഈ പ്രാർത്ഥനയിലേക്ക് നമ്മെ ക്ഷണിക്കുന്നതാണ് ഇന്ന് നമ്മൾ വായിച്ചു കേട്ട വചന ഭാഗങ്ങൾ.

പഴയനിയമവും, പുതിയനിയമവും ഒരുപോലെ കൂട്ടായ്മയിൽ നമ്മെ ഒന്നിപ്പിക്കുവാൻ ആഗ്രഹിക്കുന്ന ദൈവത്തിന്റെ അഭിലാഷം വെളിപ്പെടുത്തുന്നു. ഈ ദൈവീക അഭിലാഷത്തിനു ജനം നൽകുന്ന മറുപടിയും, ജീവിതചര്യകളും വെളിവാക്കുന്നതോടൊപ്പം ഇനിയുള്ള കാലത്തിലും മനുഷ്യർ എപ്രകാരമാണ് ദൈവത്തോട് ചേർന്നുനിന്നു ജീവിക്കേണ്ടതെന്നു പഠിപ്പിക്കുകയും ചെയ്യുന്നു. പഴയനിയമത്തിൽ നിന്നുള്ള ആദ്യവായനയിൽ ഏശയ്യാപ്രവാചകൻ ഇസ്രായേൽ ജനതയെ ഓർമ്മിപ്പിക്കുന്നത് ജീവന്റെ ഉറവയിൽ നിന്നും  ദാഹജലം ഉൾക്കൊള്ളുവാൻ നമ്മെ തന്നെ വിട്ടുകൊടുക്കണമെന്നതാണ്. എന്നാൽ ഈ ദാഹജലം ഉൾക്കൊള്ളുവാൻ അധർമ്മവും,ദുഷ്ടചിന്താഗതികളും ഉപേക്ഷിക്കണമെന്നും പ്രവാചകൻ ജനതയെ ഉദ്ബോധിപ്പിക്കുന്നു. നമ്മുടെ പാപങ്ങളും, മാനുഷികമായ കുറവുകളും  കണക്കിലെടുക്കാതെ  ക്ഷമിക്കുന്ന കാരുണ്യവാനായ ദൈവത്തെയാണ് ജീവന്റെ ഉറവയെന്ന് പ്രവാചകൻ വിളിക്കുന്നത്. ഇത് തന്നെയാണ് കർത്താവിന്റെ ഉത്ഥാനത്തിന്റെ ചൈതന്യവും.മരണത്തെ ജയിച്ചവൻ എന്നന്നേക്കുമായി നിത്യജീവന്റെ ഉറവ നമുക്ക് പകർന്നു നൽകുന്നതിനെ പറ്റിയുള്ള പ്രവചനമാണ് ഏശയ്യാപ്രവാചകന്റെ ഈ വചനങ്ങളിൽ വെളിവാകുന്നത്.

ഈ നിത്യജീവന്റെ ദാഹജലം ഉൾക്കൊള്ളുവാൻ ദൈവത്താൽ തിരഞ്ഞെടുക്കപ്പെട്ട ഇസ്രായേൽ ജനതയുടെ പിന്തുടർച്ചക്കാരെയാണ് രണ്ടാമത്തെ വായനയിലൂടെ പരിചയപ്പെടുത്തുന്നത്. ദൈവത്തിങ്കലേക്കുള്ള ബന്ധം ദൃഢമാകുന്നത് കൂട്ടായ്‌മയുടെ അനുഭവത്തിൽനിന്നുമാണെന്ന് അപ്പസ്തോലപ്രവർത്തനങ്ങൾ നമ്മെ പഠിപ്പിക്കുന്നു. കാരണം 'കാണപ്പെടുന്ന സഹോദരനെ സ്നേഹിക്കാത്തവൻ കാണപ്പെടാത്ത ദൈവത്തെ സ്നേഹിക്കുകയില്ലല്ലോ.'(1 യോഹ 4 .20). ഈശോയുടെ ഉത്ഥാനത്തിന്റെ മഹനീയമായ അനുഭവത്തിലേക്ക് പ്രവേശിക്കണമെങ്കിൽ തീർച്ചയായും നമ്മുടെ സഹോദരങ്ങളോട് ചേർന്നുള്ള ഒരു ജീവിതം നയിച്ചേ  തീരൂ.ഈ കൂട്ടായ്‍മയുടെ സാക്ഷ്യമാണ് പങ്കുവയ്ക്കുന്ന ജീവിത ശൈലി. തന്റെ ശരീരവും രക്തവും നമുക്കായി പങ്കുവച്ചവന്റെ മക്കളായ നമുക്ക് കൂട്ടായ്മയിലുള്ള പങ്കുവയ്ക്കലിലൂടെ മാത്രമേ ഉത്ഥിതനിൽ നവീകരിക്കപ്പെട്ട ഒരു ജീവിതം സാധ്യമാവുകയുള്ളൂ.നാം വായിച്ചു കേട്ട വചനത്തിന്റെ ആദ്യഭാഗം നമ്മുടെ ഹൃദയങ്ങളെ ആഴത്തിൽ സ്പർശിക്കുന്നവയാണ്: "വിശ്വാസികളുടെ സമൂഹം ഒരു ഹൃദയവും, ഒരാത്മാവും ആയിരുന്നു.ആരും തങ്ങളുടെ വസ്തുക്കൾ സ്വന്തമെന്ന് അവകാശപ്പെട്ടില്ല. എല്ലാം പൊതുസ്വത്തായിരുന്നു." (അപ്പ.പ്ര 4,32) തുടർന്ന് ഈ കൂട്ടായ്മയുടെ രഹസ്യവും വെളിപ്പെടുത്തുന്നുണ്ട്; അപ്പസ്തോലന്മാർ കർത്താവായ യേശുവിന്റെ പുനരുത്ഥാനത്തിനു വലിയ ശക്തിയോടെ സാക്ഷ്യം നൽകി. അവരെല്ലാവരുടെയും മേൽ കൃപാവരം സമൃദ്ധമായി ഉണ്ടായിരുന്നു.(അപ്പ.പ്ര 4,33) ഇന്നും ഈശോയുടെ ഉത്ഥാനത്തിനു നാം സാക്ഷ്യം വഹിക്കുന്നുണ്ടെങ്കിൽ തീർച്ചയായും അവന്റെ കൃപാവരത്തിൽ കൂട്ടായ്മയുടെ അനുഭവം നാം ആയിരിക്കുന്ന  ചെറുതും വലുതുമായ സമൂഹങ്ങളിൽ പകർന്നു കൊടുക്കുവാൻ നമുക്ക് സാധിക്കും.

അതിനാൽ ക്രിസ്തു കേന്ദ്രീകൃതമായ ജീവിതം നയിക്കണമെന്നും, അവന്റെ ഉത്ഥാനത്തിന്റെ ഫലങ്ങളായ രക്ഷയും, പാപമോചനവും നമ്മുടെ ജീവിതത്തിൽ സ്വീകരിച്ചുകൊണ്ട് മറ്റുള്ളവർക്ക് മാതൃകകൾ ആകണമെന്നും രണ്ടുവായനകളുടെയും തുടർച്ചയായി പൗലോസ് അപ്പസ്തോലനും നമ്മെ ഓർമ്മിപ്പിക്കുന്നു. സഭയിലുള്ള നമ്മുടെ കൂട്ടായ്മയെ എടുത്തു പറയുന്ന പൗലോസ് ശ്ലീഹ സഭയുടെ ശിരസ്സായ ക്രിസ്തുവിൽ നാം നേടുന്ന അനുരഞ്ജനവും അടിവരയിട്ടു പറയുന്നു. ഇന്നത്തെ തിരുനാളായ പുതുഞായറിന്റെ മഹത്വവും ഇതുതന്നെയാണ്. പന്ത്രണ്ടു പേരിൽ ഒരുവനായ തോമസിന്റെ സംശയം മനസിലാക്കിയ ഈശോ അവനെ ക്ഷണിക്കുന്നത് കുരിശിൽ താനേറ്റെടുത്ത വിലാവിന്റെ അനുരഞ്ജനം അനുഭവിക്കുവാൻ വേണ്ടിയാണ്. ഇവിടെയാണ് സംശയം സ്നേഹത്തിലൂടെ വളർന്നു വിശ്വാസപ്രഘോഷണമായി രൂപാന്തരപ്പെടുന്നത്. വിശുദ്ധ തോമാശ്ലീഹായുടെ ശക്തമായ ക്രിസ്തു സാക്ഷ്യമാണ്  ഇന്നത്തെ സുവിശേഷത്തിന്റെ പ്രതിപാദ്യവിഷയം.

ഒന്നാമതായി, ആഴ്ചയുടെ ആദ്യദിവസം ഈശോ ശിഷ്യർക്ക് പ്രത്യക്ഷപ്പെട്ടുകൊണ്ട്  അവർക്ക് പലവിധമായ ദൗത്യങ്ങൾ  നൽകുന്നതാണ് സുവിശേഷത്തിന്റെ ആദ്യഭാഗം. തോമാശ്ലീഹാ സന്നിഹിതനല്ലാതിരുന്ന ആ വേദിയിൽ  ദൗത്യം നൽകുക മാത്രമല്ല, ആ ദൗത്യം പൂർത്തീകരിക്കുവാനായി പരിശുദ്ധാത്മാവിനെ കൊടുക്കുന്നു. പാപങ്ങൾ ക്ഷമിക്കുവാനും, ബന്ധിതരെ മോചിപ്പിക്കുവാനും അനുഗ്രഹം നൽകുന്നു. ചുരുക്കിപ്പറഞ്ഞാൽ, പിന്നീട് സംഭവിക്കേണ്ട എല്ലാ കാര്യങ്ങളും ആദ്യദിനം തന്നെ, ആദ്യ പ്രത്യക്ഷീകരണത്തിൽ തന്നെ നൽകുകയാണ്. ഉത്ഥാനം ചെയ്ത കർത്താവിനെ നേരിട്ട് കണ്ടതിന്റെ സന്തോഷ മൂർദ്ധന്യതയിൽ ഇരിക്കുമ്പോഴാണ് തോമസ് കടന്നുവരുന്നത്. പൊടുന്നനെ തങ്ങളുടെ ക്രിസ്തു ദർശനം വെളിപ്പെടുത്തുന്ന ശിഷ്യന്മാരുടെ മുൻപിൽ ഞാനിതു വിശ്വസിക്കുകയില്ല എന്ന് പറഞ്ഞ തോമസിനെ നമുക്ക് അവിശ്വാസത്തിന്റെ വഞ്ചന നിറഞ്ഞ കണ്ണുകളോടെ കാണുവാൻ സാധിക്കുകയില്ല. കാരണം കതകടച്ചതും, ഭീതിയാൽ കരഞ്ഞതും, പഴയ ജീവിതങ്ങളിലേക്ക് തിരികെ പോകുവാനുള്ള വെമ്പലുകളുമൊക്കെ മറ്റുള്ളവരിൽ കണ്ടപ്പോൾ സ്വാഭാവികമായും തോമസും വിചാരിച്ചുകാണും, സർവശക്തനായ ഈശോ പ്രത്യക്ഷപ്പെട്ടു എന്ന് പറയുന്നത് വാസ്തവമല്ലായെന്ന്. ക്രിസ്തു ഉത്ഥിതനായി എന്ന്, സന്തോഷമായ, പ്രത്യാശ നിറഞ്ഞ, ധൈര്യം പകരുന്ന വാർത്തയ്ക്കു മുൻപിൽ അപ്പസ്തോലന്മാരുടെ ധൈര്യക്കുറവാകാം തോമസിനെ സംശയാലുവാക്കിയത്

പിന്നീട് എട്ടു ദിവസങ്ങൾക്കു ശേഷം വീണ്ടും ഈശോ പ്രത്യക്ഷപ്പെടുമ്പോൾ അവൻ ആദ്യം വിളിക്കുന്നത് തോമസിനെയാണ്. കണ്ടമാത്രയിൽ അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകിയിട്ടുണ്ടാവണം.  ഈശോയുടെ അടുത്തേക്ക് പോകാതെ അവിടെ മുട്ടുകുത്തി ആകാശം കേൾക്കുമാറുച്ചത്തിൽ, ഈ സൃഷ്ടപ്രപഞ്ചം കുലുങ്ങുമാറുച്ചത്തിൽ തന്റെ സർവ ശക്തിയുമെടുത്തു അദ്ദേഹം ഉറക്കെ വിളിച്ചു പറഞ്ഞു: “എന്റെ കർത്താവേ, എന്റെ ദൈവമേ…!” ആ വിശ്വാസ പ്രഖ്യാപനത്തിൽ സ്വർഗം സന്തോഷിച്ചിട്ടുണ്ടാകണം! ഭൂമി കോരിത്തരിച്ചിട്ടുണ്ടാകണം! അന്നുവരെ കേൾക്കാൻ കഴിയാതിരുന്ന ഒരു വിശ്വാസ പ്രഘോഷണം കേട്ട് സൂര്യചന്ദ്രനക്ഷത്രാദികൾ നിശ്ചലമായി നിന്നിട്ടുണ്ടാകണം!  ആ മുറിവുകൾ പരിശോധിക്കാൻ അദ്ദേഹം പോയില്ല…അവിടുത്തെ പാർശ്വത്തിൽ സ്പർശിക്കാനും പോയില്ല. കാരണം, അവനോടുകൂടെ നമുക്കും പോയി മരിക്കാം എന്നുപറഞ്ഞവന് അറിയാമായിരുന്നു ക്രിസ്തു ഉത്ഥിതനായി എന്ന്. അവനോടുകൂടെ മൂന്നുവർഷം നടന്ന തോമസിന് അറിയാമായിരുന്നു, മാനവകുലത്തിന്റെ വഴിയായ ക്രിസ്തു, ജീവനായ ക്രിസ്തു, സത്യമായ ക്രിസ്തു ഉത്ഥിതനായി എന്ന്, ഇന്നും ജീവിക്കുന്ന ദൈവമാണ് എന്ന്. പകരം വയ്ക്കാനാകാത്ത ക്രിസ്തു സാക്ഷ്യത്തിന്റെ ആൾരൂപമാണ്‌  വിശുദ്ധ തോമാശ്ലീഹാ!

പ്രിയമുള്ളവരേ, ഈ പുതുഞായർ ദിവസം, ഇപ്രകാരം തോമാശ്ലീഹായെ പോലെ എതിർസാക്ഷ്യങ്ങളെ വകവയ്ക്കാതെ ക്രിസ്തുവിന്റെ ഉത്ഥാന അനുഭവം വ്യക്തിപരമായി രുചിച്ചറിയുവാൻ നമുക്ക് സാധിക്കണം. “എന്റെ കർത്താവേ എന്റെ ദൈവമേ”യെന്നുള്ള നമ്മുടെ വിശ്വാസപ്രഘോഷണത്തിലാണ് നമ്മുടെ ക്രൈസ്തവജീവിതങ്ങൾ ഫലം ചൂടുന്നത്. ദുഃഖം നിറഞ്ഞ, നിരാശ മാത്രം അവശേഷിച്ച, രോഗം മാത്രം കൂട്ടിനുണ്ടായിരുന്ന ഭൂതകാലത്തിൽ ഉത്ഥിതനായ ക്രിസ്തുവിനെ കാണാൻ, “എന്റെ കർത്താവേ എന്റെ ദൈവമേ”യെന്നു ഏറ്റുപറയുവാൻ നമുക്ക് സാധിച്ചിട്ടില്ലെങ്കിൽ ഇന്നുമുതൽ നമുക്ക് ആരംഭിക്കാം.  സ്നേഹമുള്ളവരേ, നമ്മുടെ ജീവിതസാഹചര്യങ്ങളിൽ ക്രിസ്തുവിന് സാക്ഷ്യം നൽകാനും, ക്രിസ്തുവിനുവേണ്ടി സ്വയം മുറിക്കപ്പെടാനും, രക്തം ചിന്താനും പുതിയൊരു ക്രൈസ്തവ ജീവിതത്തിനായി നമുക്ക് പ്രതിജ്ഞയെടുക്കാം. ആമേൻ!

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

15 April 2023, 09:14