തിരയുക

കുടിയേറ്റക്കാർ ജീവിത തീരം തേടി. കുടിയേറ്റക്കാർ ജീവിത തീരം തേടി. 

യുണിസെഫ് : മധ്യ മെഡിറ്ററേനിയൻ കുടിയേറ്റ പാതയിൽ ആഴ്ചയിൽ പതിനൊന്നു കുട്ടികൾ വീതം മരിക്കുന്നു

ഈ വർഷം കുറഞ്ഞത് 289 കുട്ടികളെങ്കിലും വടക്കേ ആഫ്രിക്കയിൽ നിന്ന് യൂറോപ്പിലേക്കുള്ള അപകടകരമായ മധ്യ മെഡിറ്ററേനിയൻ കുടിയേറ്റ പാത മുറിച്ചുകടക്കാനുള്ള ശ്രമത്തിനിടയിൽ മരിക്കുകയോ കാണാതാവുകയോ ചെയ്തിട്ടുണ്ടെന്ന് യുണിസെഫ് വ്യക്തമാക്കി.

സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്

സുരക്ഷയും സമാധാനവും മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങളും തേടിയുള്ള യാത്രയിൽ ഓരോ ആഴ്ചയും ഏകദേശം 11കുട്ടികൾ മരിക്കുകയോ കാണാതാവുകയോ ചെയ്യുന്നതായി യുണിസെഫ് വെളിപ്പെടുത്തി.

2018 മുതൽ, മധ്യ മെഡിറ്ററേനിയൻ കുടിയേറ്റ പാത കടക്കാൻ ശ്രമിക്കുന്നതിനിടെ ഏകദേശം 1,500 കുട്ടികൾ മരിക്കുകയോ കാണാതാവുകയോ ചെയ്തിട്ടുണ്ടെന്ന് യുണിസെഫ് കണക്കാക്കുന്നു. കുടിയേറ്റക്കാർക്കായുള്ള അന്തർദേശിയ സംഘടനയുടെ  കാണാതായ കുടിയേറ്റക്കാർ എന്ന പ്രോജക്‌റ്റിൽ നിന്നുള്ള  കണക്കനുസരിച്ച്, ഈ പാതയിൽ കൊല്ലപ്പെടുകയോ കാണാതാവുകയോ ചെയ്തവർ 8,274 പേരാണ്. കഴിഞ്ഞ മാസങ്ങളിൽ  മെഡിറ്ററേനിയൻ, പശ്ചിമാഫ്രിക്കയിൽ നിന്നുള്ള അറ്റ്ലാന്റിക് റൂട്ടുകൾ, ഗ്രീസിന്റെ തീരം, സ്പാനിഷ് കാനറി ദ്വീപുകൾ എന്നിവിടങ്ങളിലുണ്ടായ ദുരന്തങ്ങൾ ഉൾപ്പെടെ മധ്യ മെഡിറ്ററേനിയൻ കടക്കുന്നതിനിടയിലെ പല കപ്പൽ തകർച്ചകളുമുണ്ടായിട്ടുണ്ട്. ഈ  പാതയിൽ ജീവൻ നഷ്ടപ്പെട്ടവരിൽ കുട്ടികളും ഉൾപ്പെടുന്നു.

സുരക്ഷ കണ്ടെത്തുന്നതിനും കുടുംബവുമായി ഒത്തുചേരുന്നതിനും കൂടുതൽ പ്രതീക്ഷയുള്ള ഭാവി തേടുന്നതിനുമുള്ള ശ്രമത്തിൽ, നിരവധി കുട്ടികൾ മെഡിറ്ററേനിയൻ തീരങ്ങളിൽ ഇറങ്ങുകയും ഒടുവിൽ ജീവൻ നഷ്ടപ്പെടുകയോ വഴിയിൽ കാണാതാവുകയോ ചെയ്യുന്നു. കുട്ടികൾക്ക് അഭയം പ്രാപിക്കാൻ സുരക്ഷിതവും നിയമപരവുമായ വഴികൾ സൃഷ്ടിക്കുന്നതിന് കൂടുതൽ കാര്യങ്ങൾ ചെയ്യേണ്ടതുണ്ടെന്നതിന്റെ വ്യക്തമായ സൂചനയാണിത്. ആത്യന്തികമായി, കുട്ടികളെ ആദ്യം അവരുടെ ജീവൻ അപകടത്തിലാക്കുന്ന മൂലകാരണങ്ങൾ പരിഹരിക്കാൻ ഇനിയും വളരെയധികം കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്, യുണിസെഫ് എക്സിക്യൂട്ടീവ് ഡയറക്ടർ കാതറിൻ റസ്സൽ പറഞ്ഞു.

കൂടാതെ ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന പെൺകുട്ടികൾ അവരുടെ യാത്രയ്ക്ക് മുമ്പും, യാത്രയിലും, അതിന് ശേഷവും അതിക്രമത്തിന് വിധേയരാകുന്നുവെന്നും യൂണിസെഫ് വ്യക്തമാക്കുന്നു. 2023-ന്റെ ആദ്യ മൂന്ന് മാസങ്ങളിൽ, 3,300 കുട്ടികൾ യൂറോപ്പിൽ എത്തി. അവരിൽ 71% അവരുടെ മാതാപിതാക്കളിൽ നിന്നോ നിയമപരമായ രക്ഷിതാക്കളിൽ നിന്നോ വേർപിരിഞ്ഞവരായാണ്  രേഖപ്പെടുത്തിയിരിക്കുന്നത്. ഇത് അവരെ അക്രമം, ചൂഷണം, ദുരുപയോഗം തുടങ്ങിയ വലിയ അപകടസാധ്യതകളിലേക്ക്  വഴിയൊരുക്കുകയാണ്.

കുട്ടികൾ കടന്നുപോകുന്ന ഏറ്റവും അപകടകരമായ പാതകളിലൊന്നായി മധ്യ മെഡിറ്ററേനിയൻ മാറി. എന്നിരുന്നാലും, ഈ കുട്ടികൾ നേരിടുന്ന അനേകം ദുരന്തങ്ങളിൽ ഒന്ന് മാത്രമാണ് കടലിലെ മരണം. ഭീഷണികൾ, അക്രമാനുഭവങ്ങൾ, വിദ്യാഭ്യാസവും ഉറപ്പുള്ള ഭാവിയും  ഇല്ലാത്തവസ്ഥ, കുടിയേറ്റം, കുടുംബങ്ങളിൽ നിന്നുള്ള വേർപിരിയൽ, തടങ്കലുകൾ എന്നിവ കുട്ടികളുടെ ജീവിതത്തെ കൂടുതൽ സങ്കീർണ്ണമാക്കുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

14 July 2023, 14:51