ലോക യുവജന ദിനം: ആയിരത്തോളം ഭാരതീയ യുവത ലിസ്ബണിലേക്ക്!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
കത്തോലിക്കാ സഭാതലത്തിൽ ആചരിക്കപ്പെടുന്ന മുപ്പത്തിയേഴാം ലോകയുവജന സംഗമത്തിൽ ഇന്ത്യയിൽ നിന്ന് ആയിരത്തിലേറെ കത്തോലിക്ക യുവതീയുവാക്കൾ പങ്കെടുക്കും.
ഇവരിൽ 900-ത്തോളം യുവതീയുവാക്കളും ബാക്കിയുള്ളവർ അവരെ നയിക്കുന്ന മെത്രാന്മാരും വൈദികരും അല്മായരുമായിരിക്കും. ഇവർക്കു പുറമെ ജീസസ് യൂത്തിൻറെയും സന്ന്യാസിനി സമൂഹങ്ങളുടെയും പ്രതിനിധികളും ഈ യുവജനസംഗമത്തിൽ പങ്കുചേരും. മണിപ്പൂരിലെ തങ്ങളുടെ സമപ്രായക്കാരുടെ ആശങ്കളുടെയും വേദനകളുടെയും സംവാഹകർ എന്ന നിലയിലുമാണ് ഈ യുവതീയുവാക്കൾ ഈ യുവജനദിനാചരണത്തിൽ പങ്കുചേരുക.
മിഷനറി വാർത്താ ഏജൻസിയായ ഫീദെസ് ആണ് ഈ വിവരം നല്കിയത്.
പോർച്ചുഗലിൻറെ തലസ്ഥാനമായ ലിസ്ബൺ ആണ് ആഗസ്റ്റ് 1-6 വരെ സാർവ്വത്രികസഭാതലത്തിൽ സംഘടിപ്പിക്കപ്പെടുന്ന ഈ യുവജനസംഗമത്തിൻറെ വേദി. ഈ ദിനാചരണത്തോടനുബന്ധിച്ച് ഫ്രാൻസീസ് പാപ്പാ ആഗസ്റ്റ് 2-ന് ലിസ്ബണിൽ എത്തും. ആറാം തീയതിയായിരിക്കും പാപ്പാ വത്തിക്കാനിലേക്കു മടങ്ങുക.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: