എല്ലാ ദുരിതങ്ങളിലും തന്റെ ജനത്തിന് ശക്തമായ സംരക്ഷണമേകുന്ന കർത്താവ്
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി
ദൈവമായ കർത്താവിന്റെ സംരക്ഷണം അനുസ്മരിച്ചുകൊണ്ട് ഇസ്രായേൽ ജനം തിരുനാളാവസരങ്ങളിൽ ആലപിച്ചിരുന്ന ഒരു സീയോൻഗീതമായാണ് നാൽപ്പത്തിയാറാം സങ്കീർത്തനം കണക്കാക്കപ്പെടുന്നത്. എന്നാൽ ഇതിൽ പ്രതിപാദിച്ചിരിക്കുന്ന, തിന്മയുടെ ശക്തികളുടെമേൽ വിജയം വരിക്കുന്ന ഒരു ദൈവത്തെക്കുറിച്ചുള്ള സങ്കൽപം ഇസ്രായേൽക്കാരുടെ കാലത്തിനും മുൻപുള്ളതാണെന്നും അതുകൊണ്ടുതന്നെ ഈ സങ്കീർത്തനം വളരെ പഴക്കമുള്ള ഒന്നാണെന്നും കരുതപ്പെടുന്നു. കോറഹിന്റെ പുത്രന്മാർ ഗായകസംഘനേതാവിന് കന്യകമാർ എന്ന രാഗത്തിൽ എഴുതിയ ഒരു ഗാനം എന്ന തലക്കെട്ടോടെയുള്ള ഈ സങ്കീർത്തനം ഇസ്രായേൽ ജനത്തിന്റെ ദൈവവിശ്വാസത്തോട് കൂറുപുലർത്തുന്ന ഒന്നാണ്. സൈന്യങ്ങളുടെ ദൈവമായ കർത്താവ് വസിക്കുന്ന വിശുദ്ധ നഗരത്തെ, സീയോൻമല എന്ന് വിളിക്കപ്പെട്ടിരുന്ന ജെറുസലേമിനെ, ആർക്കും തകർക്കാനാകാത്ത ഉറച്ച ഒരു കോട്ടയായാണ് അവർ കണ്ടിരുന്നത്. യാക്കോബിന്റെ ദൈവം തങ്ങൾക്ക് സംരക്ഷണമേകുമെന്നും എതിർസൈന്യങ്ങളെ തോൽപ്പിക്കുമെന്നും, യുദ്ധങ്ങൾ അവസാനിപ്പിക്കുമെന്നും സമാധാനം കൊണ്ടുവരുമെന്നും ഇസ്രായേൽജനം വിശ്വസിച്ചിരുന്നു. ദൈവസാന്നിദ്ധ്യത്തിൽ മനുഷ്യർ അനുഭവിക്കുന്ന സംരക്ഷണവും, സമാധാനവുമാണ് ഈ സങ്കീർത്തനത്തിലെ പ്രധാന ചിന്തയായി നമുക്ക് കാണാനാകുന്നത്.
അരാജകത്വത്തെ തോൽപ്പിക്കുന്ന ദൈവസാന്നിദ്ധ്യം
ലോകത്തിന്റേതായ ബുദ്ധിമുട്ടുകളിലും പ്രതിസന്ധികളിലും മനുഷ്യന് ആശ്രയിക്കാനാകുന്ന അഭയശിലയും കോട്ടയുമാണ് ദൈവമെന്ന ചിന്തയാണ് സങ്കീർത്തനത്തിന്റെ ആദ്യവാക്യങ്ങൾ നമുക്ക് പകരുന്നത്. പ്രകൃതിയിലെ ശക്തികളെക്കുറിച്ചും മനുഷ്യജീവിതത്തിന് ഭീഷണിയാകുന്ന വിനാശങ്ങളെക്കുറിച്ചുമാണ് സങ്കീർത്തനത്തിന്റെ ഒന്ന് മുതൽ മൂന്ന് വരെയുള്ള വാക്യങ്ങൾ വിവരിക്കുന്നത്: "ദൈവമാണ് നമ്മുടെ അഭയവും ശക്തിയും; കഷ്ടതകളിൽ അവിടുന്ന് സുനിശ്ചിതമായ തുണയാണ്. ഭൂമി ഇളകിയാലും പർവതങ്ങൾ സമുദ്രമധ്യത്തിൽ അടർന്നു പതിച്ചാലും നാം ഭയപ്പെടുകയില്ല. ജലം പതഞ്ഞുയർന്നിരമ്പിയാലും അതിന്റെ പ്രകമ്പനംകൊണ്ടു പർവ്വതങ്ങൾ വിറകൊണ്ടാലും നാം ഭയപ്പെടുകയില്ല" (സങ്കീ. 46, 1-3). ഈജിപ്തിലെ അടിമത്തത്തിൽനിന്ന് തങ്ങളെ മോചിപ്പിച്ച് മോശയുടെ കീഴിൽ വാഗ്ദത്തനാട്ടിലേക്ക് കൊണ്ടുവന്ന ദൈവം തങ്ങൾക്കൊപ്പമുണ്ടെന്ന ചിന്ത ഇസ്രായേൽജനത്തിന് നൽകിയിരുന്ന മനോധൈര്യം കൂടി ഇവിടെ പ്രതിഫലിക്കുന്നുണ്ട്. സ്ഥിരതയുടെ അടയാളമെന്നോണം ഉറച്ചുനിൽക്കുന്ന പർവ്വതങ്ങൾ അടർന്ന് സമുദ്രത്തിൽ പതിച്ചാലും, ഭയപ്പെടേണ്ടാത്തവിധമാണ് ദൈവം അവർക്ക് മുന്നിൽ സംരക്ഷണത്തിന്റെ കോട്ടയായി നിലകൊള്ളുന്നത്. എത്ര ശക്തമായ ഭൂകമ്പമുണ്ടായാലും, ഭൂമിയിൽ എത്രമാത്രം ജലനിരപ്പുയർന്നാലും, പർവ്വതങ്ങൾപോലും വിറയ്ക്കുന്നത്ര ശബ്ദമുയർന്നാലും ദൈവം ഒപ്പമുണ്ടെങ്കിൽ ഭയപ്പെടേണ്ട എന്ന ചിന്ത, മധ്യപൂർവ്വദേശങ്ങളിലെ സാമൂഹിക രാഷ്ട്രീയ പ്രക്ഷോഭങ്ങളുടെയും പ്രതിസന്ധികളുടെയും കൂടി അടിസ്ഥാനത്തിലാണ് ഇസ്രായേൽ ജനം മനസ്സിലാക്കിയിരുന്നത്.
വിശുദ്ധനഗരത്തിന് സംരക്ഷണമേകുന്ന ദൈവം
സങ്കീർത്തനത്തിന്റെ നാല് മുതൽ ഏഴ് വരെയുള്ള വാക്യങ്ങളിൽ സീയോൻ നഗരിക്ക്, ജെറുസലേമിന് ഇസ്രയേലിന്റെ ദൈവമായ കർത്താവ് നൽകുന്ന സംരക്ഷണത്തെക്കുറിച്ചാണ് സങ്കീർത്തനം പ്രതിപാദിക്കുന്നത്: "ദൈവത്തിന്റെ നഗരത്തെ, അത്യുന്നതന്റെ വിശുദ്ധ നിവാസത്തെ, സന്തുഷ്ടമാക്കിക്കൊണ്ട് ഒഴുകുന്ന ഒരു നദിയുണ്ട്. ആ നഗരത്തിൽ ദൈവം വസിക്കുന്നു; അതിന് ഇളക്കം തട്ടുകയില്ല: അതിരാവിലെ ദൈവം അതിനെ സഹായിക്കും. ജനതകൾ ക്രോധാവിഷ്ടരാകുന്നു; രാജ്യങ്ങൾ പ്രകമ്പനം കൊള്ളുന്നു; അവിടുന്ന് ശബ്ദമുയർത്തുമ്പോൾ ഭൂമി ഒരുകിപ്പോകുന്നു. സൈന്യങ്ങളുടെ കർത്താവ് നമ്മോടു കൂടെയുണ്ട്; യാക്കോബിന്റെ ദൈവമാണ് നമ്മുടെ അഭയം" (സങ്കീ. 46, 4-7). പുഴകളൊന്നുമില്ലാത്ത ഒരു മലമുകളിൽ സ്ഥിതിചെയ്യുന്ന ജെറുസലേം നഗരത്തിൽ ആനന്ദം നിറച്ചുകൊണ്ട് ഒഴുകുന്ന നദി, എന്ന പ്രയോഗം, ജീവന്റെ ഉറവയായ ദൈവത്തിന്റെ സാന്നിധ്യത്തെയും അവിടുത്തെ വസതിയെയുമാണ് പ്രതിനിധീകരിക്കുന്നത്. സർവ്വപ്രപഞ്ചത്തിന്റെയും മേൽ അധികാരമുള്ള ദൈവത്തിന്റെ അനുഗ്രഹീത സാന്നിധ്യം സീയോനും അവിടെ അധിവസിക്കുന്ന ഇസ്രായേൽ ജനത്തിനും നൽകുന്ന, ആനന്ദത്തിന്റെയും സുരക്ഷിതത്വത്തിന്റെയും അനുഗ്രഹധാരയെക്കൂടിയാണ് ഈ വാക്യങ്ങൾ പരാമർശിക്കുന്നത്. ഇസ്രയേൽ ജനത്തിന്റെ വിശുദ്ധനഗരത്തിന് ഇളക്കം തട്ടാത്തതും, ശത്രുനിരകൾക്ക് അതിനെ എന്നന്നേക്കുമായി തകർക്കാനാകാത്തതും, തന്റെ ജനത്തിന് സംരക്ഷണമേകുന്ന ശക്തനായ ദൈവത്തിന്റെ സാന്നിദ്ധ്യം അവിടെ ഉള്ളതിനാലാണ്. ഇസ്രയേലിന്റെ നാഥനായ ദൈവം കൂടെയുണ്ടെങ്കിൽ, അവനിൽ അഭയം കണ്ടെത്താൻ സാധിക്കുമെങ്കിൽ, ഈ ലോകത്തിന്റെ പ്രകമ്പനങ്ങളെയും ശത്രുനിരകളെയും ഭയപ്പെടേണ്ട ആവശ്യമില്ലെന്ന് സങ്കീർത്തനവാക്യങ്ങൾ ദൈവജനത്തെ ഓർമ്മിപ്പിക്കുന്നു.
ജനതകൾക്കും ലോകത്തിനും സമാധാനമേകുന്ന ദൈവം
സങ്കീർത്തനത്തിന്റെ എട്ടു മുതലുള്ള വാക്യങ്ങൾ യാക്കോബിന്റെ, ഇസ്രയേലിന്റെ ദൈവം അവർക്കായി തയ്യാറാക്കുന്ന സമാധാനം നിറഞ്ഞ ഒരു ജീവിതാവസ്ഥയെക്കുറിച്ചാണ് പ്രതിപാദിക്കുന്നത്. അത്തരമൊരു അവസ്ഥ എപ്രകാരമാണ് ദൈവം ഒരുക്കുന്നതെന്ന് കാണുവാൻ സങ്കീർത്തനകർത്താവ് ഏവരെയും ക്ഷണിക്കുന്നുണ്ട്: "വരുവിൻ, കർത്താവിന്റെ പ്രവൃത്തികൾ കാണുവിൻ; അവിടുന്ന് ഭൂമിയെ എങ്ങനെ ശൂന്യമാക്കിയിരിക്കുന്നു എന്ന് കാണുവിൻ. അവിടുന്ന് ഭൂമിയുടെ അതിർത്തിയോളം യുദ്ധമില്ലാതാക്കുന്നു; അവിടുന്ന് വില്ലൊടിക്കുകയും കുന്തം തകർക്കുകയും ചെയ്യുന്നു; രഥങ്ങളെ അഗ്നിക്കിരയാക്കുന്നു. ശാന്തമാകുക, ഞാൻ ദൈവമാണെന്നറിയുക; ഞാൻ ജനതകളുടെ ഇടയിൽ ഉന്നതനാണ്; ഞാൻ ഭൂമിയിൽ ഉന്നതനാണ്. സൈന്യങ്ങളുടെ കർത്താവ് നമ്മോടു കൂടെയുണ്ട്; യാക്കോബിന്റെ ദൈവമാണ് നമ്മുടെ അഭയം" (സങ്കീ. 46, 8-11). തിന്മയെ ഇല്ലാതാക്കാനായി ഭൂമിയുടെ അതിർത്തികളോളം ശാന്തത ഉറപ്പാക്കുവാനായി അവിടുന്ന് യുദ്ധങ്ങൾ അവസാനിപ്പിക്കുകയും, യുദ്ധോപകരണങ്ങൾ തകർക്കുകയും ചെയ്യുന്നു. യഥാർത്ഥ രാജ, ദൈവസങ്കൽപ്പങ്ങൾ എങ്ങനെയായിരിക്കണമെന്നുകൂടിയാണ് ഈ സങ്കീർത്തനവാക്യങ്ങൾ വ്യക്തമാക്കുന്നത്. ജനതകൾക്കിടയിൽ മരണവും സംഘർഷങ്ങളുമല്ല, സമാധാനവും ജീവനുമാണ് യഥാർത്ഥ ദൈവസാന്നിധ്യവും ദൈവവിശ്വാസവും വളർത്തേണ്ടത്. പ്രപഞ്ചത്തെ മുഴുവൻ സൃഷ്‌ടിച്ച ദൈവം കൂടെയുണ്ടെന്ന ബോധ്യമുണ്ടെങ്കിൽ "ശാന്തമാകുക, ഞാൻ ദൈവമാണെന്നറിയുക" എന്ന വാക്കുകൾ ഹൃദയത്തിൽ ഉണ്ടാക്കുന്ന സമാശ്വാസം കുറച്ചൊന്നുമാകില്ല.
സങ്കീർത്തനം ജീവിതത്തിൽ
ഇസ്രായേൽ ജനതയെ തിരഞ്ഞെടുത്ത, തങ്ങളുടെ പിതാക്കന്മാരോടൊപ്പം മരുഭൂമിയിലും, ഇരുളിലും പകലിലും കൂടെ സഞ്ചരിച്ച ഇമ്മാനുവേൽ എന്ന "കൂടെയുള്ള ദൈവം" തങ്ങൾക്കൊപ്പമുണ്ടെന്ന ചിന്ത ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട ജനത്തിന്, വിശ്വാസിസമൂഹത്തിന് നൽകുന്ന സമാധാനവും ആശ്വാസവും കുറച്ചൊന്നുമല്ല. നാൽപ്പത്തിയാറാം സങ്കീർത്തനത്തെക്കുറിച്ച് വിചിന്തനം ചെയ്യുന്ന ഓരോ മനുഷ്യരിലും ഈയൊരു സംരക്ഷണചിന്തയും, സമാധാനവും നിറയ്ക്കാൻ സങ്കീർത്തനവരികൾക്കാകുന്നുണ്ട്. മരണവും നാശവുമല്ല, ജീവനും ശാന്തതയും സമാധാനവുമാണ് ദൈവവും ദൈവവിശ്വാസവും കൊണ്ടുവരുന്നതെന്ന്, കൊണ്ടുവരേണ്ടതെന്ന് ഈ പുരാതനഗീതത്തിന്റെ വാക്യങ്ങൾ ഓരോ മനുഷ്യരോടും പ്രഘോഷിക്കുന്നുണ്ട്. ദുഃഖദുരിതങ്ങളിലൂടെയും, ശത്രുതയും വിദ്വേഷവും നിറഞ്ഞ ചിന്തകളിലൂടെയും കടന്നുപോകുന്ന ഓരോ മനസ്സുകൾക്കും ഇസ്രേയലിന്റെ നാഥനായ, പ്രപഞ്ചത്തിന്റെ മുഴുവൻ സൃഷ്ടാവും അധിപനുമായ ദൈവത്തെക്കുറിച്ചുള്ള ഈ ചിന്തകൾ സമാധാനവും ആശ്വാസവും നൽകട്ടെ. യുദ്ധങ്ങൾ അവസാനിക്കട്ടെ. അപരനെ ശത്രുവായി കണക്കാക്കാനും ഇല്ലാതാക്കാനും പഠിപ്പിക്കുന്ന തിന്മയുടെ ചിന്തകളെ ഭൂമിയിൽനിന്നും മനുഷ്യഹൃദയങ്ങളിൽനിന്നും അകറ്റി, സാഹോദര്യത്തിന്റെയും ആനന്ദത്തിന്റെയും ഒരിടമായി ഈ ഭൂമിയെ ദൈവം പരിവർത്തനം ചെയ്യട്ടെ. പിതാക്കന്മാർക്ക് അനുഗ്രഹദാതാവായി കൂടെ വസിച്ച ദൈവം നമുക്കൊപ്പമുണ്ടെന്ന, നമ്മുടെ കരുത്തുറ്റ അഭയമാണെന്ന, ബോധ്യം നമ്മിൽ ആശ്വാസം നിറയ്ക്കട്ടെ.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: