ദുരിതമനുഭവിക്കുവർക്കുവേണ്ടി സഹായം അഭ്യർത്ഥിച്ച് ജെറുസലേം പാത്രിയാർകീസ്
ഫാ.ജിനു ജേക്കബ്,വത്തിക്കാൻ സിറ്റി
ഇസ്രായേൽ -പാലസ്തീൻ സംഘർഷത്തെ തുടർന്നു വിശുദ്ധ നാട്ടിലും, ഗാസയിലും ഉടലെടുത്തിരിക്കുന്ന മാനുഷികപ്രതിസന്ധികളും, സാമ്പത്തിക ക്ലേശങ്ങളും എടുത്തുകാട്ടി ജറുസലേമിലെ ലത്തീൻ പാത്രിയാർകീസ് കർദിനാൾ പിയേർബതീസ്ത പിറ്റ്സബാല്ല എല്ലാവരോടും സഹായം അഭ്യർത്ഥിച്ചു. നവംബർ രണ്ടാം തീയതിയാണ് കർദിനാൾ ഈ കുറിപ്പ് എഴുതുന്നത്.
യുദ്ധത്തിന് മുൻപും ഉടലെടുത്ത പ്രതിസന്ധിഘട്ടങ്ങളിൽ പ്രത്യേകിച്ചും, കോവിഡ് മഹാമാരി,ബെയ്‌റൂട്ട് തുറമുഖസ്‌ഫോടനം,സിറിയയിലെ ഭൂകമ്പം തുടങ്ങിയ അവസരങ്ങളിലെല്ലാം പാവപ്പെട്ടവരുടെ നിലവിളികൾ കേട്ട്, സഹായം നൽകിയ എല്ലാവർക്കും നന്ദിയർപ്പിച്ചുകൊണ്ടാണ് കർദിനാൾ തന്റെ കുറിപ്പ് ആരംഭിക്കുന്നത്.
മരണങ്ങൾ, നാശനഷ്ടങ്ങൾ,പട്ടിണി എന്നിവയ്ക്കുപുറമെ ഗാസയിൽ ഉടലെടുത്ത തൊഴിലില്ലായ്മ, സാമൂഹിക അരക്ഷിതാവസ്ഥ, പ്രാദേശിക സംഘർഷങ്ങൾ എന്നിവ സൃഷ്ടിക്കുന്ന ദുരിതവും കർദിനാൾ എടുത്തു പറഞ്ഞു.
സ്‌കൂളുകൾ, ആശുപത്രികൾ, ഇടവകകൾ എന്നിവയുൾപ്പെടെ എല്ലാ സ്ഥാപനങ്ങളിലും അഭയാർഥികളായി എത്തുന്നവരെ പാർപ്പിച്ചിരിക്കുന്നതിനാൽ ഭൗതീകവിഭവങ്ങൾ ഏറെ ആവശ്യമാണ്. തുടക്കത്തിൽ പ്രാദേശികമായി ഏറെ ആളുകൾ സഹായിച്ചിരുന്നതിനാൽ ഏകോപനത്തിലൂടെ എല്ലാം ഭംഗിയായി പോകുമായിരുന്നു, എന്നാൽ ഇന്ന് ഈ സ്ഥിതി എല്ലാവരെയും ഞെരുക്കത്തിൽ ആഴ്ത്തിയിരിക്കുകയാണ്, കർദിനാൾ കൂട്ടിച്ചേർത്തു.
ലോകത്തിൽ നിരവധിപേർ തങ്ങൾക്കു നൽകുന്ന പിന്തുണയ്ക്കും, സഹായത്തിനും, പ്രാർത്ഥനയ്ക്കും കർദിനാൾ നന്ദിയറിയിച്ചു. ഇനിയും ഏറെ ആളുകൾ ഈ പ്രതിസന്ധിഘട്ടത്തിൽ തങ്ങൾക്കൊപ്പം നിൽക്കുമെന്ന ശുഭപ്രതീക്ഷയും അദ്ദേഹം തന്റെ കുറിപ്പിൽ എടുത്തു പറയുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: