ഇസ്രായേൽ-ഹമാസ് പോരാട്ടം അവസാനിപ്പിക്കുക, അന്താരാഷ്ട്ര കാരിത്താസ് സംഘടന !
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
വെടി നിർത്താനും അന്താരാഷ്ട്ര നിയമം പാലിച്ചുകൊണ്ട് ജനത്തിന് സംരക്ഷണവും മാനവിക സഹായവും ഉറപ്പുനല്കാനും ബന്ദികളെ വിട്ടയയ്ക്കാനും കത്തോലിക്കാ ഉപവിപ്രവർത്തനങ്ങൾ അന്താരാഷ്ട്രതലത്തിൽ എകോപിപ്പിക്കുന്ന സംഘടനയായ “കാരിത്താസ് ഇന്തെർനാസിയൊണാലിസ്” (Caritas Internationalis) ഇസ്രായേലിനോടും പലസ്തീനിലെ രാഷ്ട്രീയ-അർദ്ധസൈനിക-ഇസ്ലാം തീവ്രവാദ സംഘടനയായ ഹമാസിനോടും അഭ്യർത്ഥിക്കുന്നു.
ഇക്കഴിഞ്ഞ ഒക്ടോബർ 7-ന് ആരംഭിച്ച സായുധ പോരാട്ടം ആയിരങ്ങളുടെ ജീവനപഹരിക്കുകയും വൻ നാശനഷ്ടങ്ങൾ വിതയ്ക്കുകയും ചെയ്തുകൊണ്ട് തുടരുന്ന പശ്ചാത്തലത്തിലാണ് കാരിത്താസ് സംഘടനയുടെ ഈ അഭ്യർത്ഥന.
എല്ലാ മനുഷ്യജീവനും പവിത്രമാണെന്നും ഒരു ജീവനെയും തള്ളിക്കളയാനാകില്ലെന്നും “കാരിത്താസ് ഇന്തെർനാസിയൊണാലിസിൻറെ” പൊതുകാര്യദർശി അലിസ്റ്റർ ഡട്ടൺ (Alistair Dutton) പറഞ്ഞു. ഒരു മാസത്തോളമായി ഉപരോധത്തിലായിരിക്കുകയും വെള്ളവും ഭക്ഷണവും മരുന്നും ഇന്ധനവും ലഭിക്കാതെ വലയുകയും ചെയ്യുന്ന ഗാസയിലെ 23 ലക്ഷം ജനങ്ങൾക്ക് മാനവികസഹായം നിർവിഘ്നം എത്തുമെന്ന് ഉറപ്പുവരുത്താനുള്ള ആഹ്വാനം “കാരിത്താസ് ഇന്തെർനാസിയൊണാലിസ്” ആവർത്തിക്കുകയും മാനവികസഹായം എത്തിക്കുന്നതിന് ഗാസയിലേക്കുള്ള എല്ലാ വഴികളും വീണ്ടും തുറക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നു.
വിശുദ്ധനാട്ടിലെ എല്ലാ ജനങ്ങൾക്കും മാനവികസഹായം ലഭിക്കാനുള്ള അവകാശമുണ്ടെന്നും ഇത് ഉറപ്പുവരുത്തുകയെന്ന തങ്ങളുടെ കടമ സംഘർഷത്തിലേർപ്പെട്ടിരിക്കുന്ന കക്ഷികൾ നിറവേറ്റണമെന്ന് ഈ സംഘടന ഓർമ്മപ്പെടുത്തുകയും ചെയ്യുന്നു. സമാധാനം സംസ്ഥാപിക്കപ്പെടേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് പറയുന്ന “കാരിത്താസ് ഇന്തെർനാസിയൊണാലിസ്”, വിശുദ്ധനാട്ടിലും മദ്ധ്യപൂർവ്വദേശത്താകമാനവും ശാന്തി, പരസ്പധാരണ, അനുരഞ്ജനം, സുസ്ഥിരഭാവി എന്നിവയുണ്ടാകുന്നതിനായി പ്രാർത്ഥിക്കുന്ന എല്ലാ മതവിഭാഗങ്ങളോടും ഒന്നുചേരുന്നുവെന്ന് വെളിപ്പെടുത്തുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: