ഇസ്രായേൽ-പാലസ്തീന സംഘർഷത്തിൽ കൊല്ലപ്പെട്ടത് ആയിരക്കണക്കിന് കുട്ടികൾ: യൂണിസെഫ്
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി
ഇസ്രായേൽ-പാലസ്തീന സംഘർഷവുമായി ബന്ധപ്പെട്ട് ഗാസയിൽ മൂവായിരത്തിനാനൂറ്റിയൻപത്തിലധികം കുട്ടികൾ കൊല്ലപ്പെട്ടുവെന്ന് ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി യൂണിസെഫ് വക്താവ് ജെയിംസ് എൽഡർ. കഴിഞ്ഞദിവസം ജനീവയിൽ വച്ചുനടത്തിയ പ്രസ് കോൺഫറൻസിൽ സംസാരിക്കവെയാണ് ഗാസയിലെ സ്ഥിതിവിശേഷങ്ങളെക്കുറിച്ച് അദ്ദേഹം വ്യക്തമാക്കിയത്. പത്ത് ലക്ഷത്തോളം കുട്ടികളാണ് ജലപ്രതിസന്ധിമൂലം ബുദ്ധിമുട്ടുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.
സംഘർഷങ്ങൾ ആരംഭിച്ച ഉടൻതന്നെ, തട്ടിക്കൊണ്ടുപോകപ്പെട്ട കുട്ടികളെ സ്വാതന്ത്രരാക്കുന്നതിനുവേണ്ടി, ഗാസാ മുനമ്പിൽ വെടിനിറുത്തൽ ആവശ്യമാണെന്ന കാര്യത്തെക്കുറിച്ച് യൂണിസെഫ് വ്യക്തമാക്കിയിരുന്നുവെന്നും, കുട്ടികളെ കൊല്ലരുതെന്ന് തങ്ങൾ മറ്റ് പ്രസ്ഥാനങ്ങൾക്കൊപ്പം ആവശ്യപ്പെട്ടിരുന്നുവെന്നും യൂണിസെഫ് വക്താവ് പറഞ്ഞു.
സംഘർഷങ്ങൾ ആരംഭിച്ച് രണ്ടാഴ്ചകൾ കഴിഞ്ഞപ്പോൾത്തന്നെ, കൊല്ലപ്പെട്ട കുട്ടികളുടെ എണ്ണം നൂറുകണക്കിന് കഴിഞ്ഞുവെന്നും, നിലവിൽ മൂവായിരത്തിനാനൂറ്റിയൻപതിലധികം കുട്ടികൾ കൊല്ലപ്പെട്ടതായാണ് കണക്കാക്കുന്നതെന്നും ജെയിംസ് എൽഡർ.തന്റെ പ്രസ്‌താവനയിൽ വ്യക്തമാക്കി. ഈ സംഖ്യ ഭീതികരമായ രീതിയിൽ വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് പറഞ്ഞ അദ്ദേഹം ഗാസ കുട്ടികളുടെ ഒരു ശവപ്പറമ്പായി മാറിയെന്നും, മറ്റുള്ളവർക്ക് അതൊരു നരകമായിത്തീർന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗാസയിൽ ജലലഭ്യത ക്രമാതീതമായി കുറഞ്ഞെന്നും സാധാരണ പ്രതിദിന ഉൽപാദനത്തിന്റെ അഞ്ചു ശതമാനം മാത്രമാണ് ഇപ്പോൾ നടക്കുന്നതെന്നും, ജലനിർജ്ജലീകരണം മൂലം കുട്ടികൾ, പ്രത്യേകിച്ച് ഒരു വയസ്സിന് താഴെയുള്ള കുട്ടികൾ മരണഭീഷണി നേരിടുന്നുണ്ടെന്നും യൂണിസെഫ് വക്താവ് പറഞ്ഞു.
ഗാസാ മുനമ്പിലെ കുട്ടികൾ മാനസികമായ കടുത്ത സംഘർഷങ്ങൾ നേരിടുന്നുണ്ടെന്ന് ഓർമിപ്പിച്ച എൽഡർ, നിലവിലെ ഇസ്രായേൽ-പാലസ്തീൻ സംഘർഷങ്ങൾക്ക് മുൻപുതന്നെ എട്ടു ലക്ഷത്തോളം കുട്ടികൾക്ക് മാനസിക-സാമൂഹ്യസഹായം ആവശ്യമായിരുന്നുവെന്ന് കൂട്ടിച്ചേർത്തു. ഗാസയിൽ ഏതാണ്ട് പതിനൊന്ന് ലക്ഷത്തോളം കുട്ടികളാണ് ജീവിക്കുന്നത്. ഗാസയിലെ കുട്ടികളുടെ പേരിലെങ്കിലും അടിയന്തിര വെടിനിറുത്തൽ പ്രഖ്യാപിക്കണമെന്ന് യൂണിസെഫ് വക്താവ് ആവശ്യപ്പെട്ടു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: