ഗാസയിൽ ലോകസമാധാനത്തിനായി പ്രത്യേക പ്രാർത്ഥനകൾ
വത്തിക്കാൻ ന്യൂസ്, ഫാ.ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി
യേശുവിന്റെയും, സഭയുടെയും, പാപ്പായുടെയും സ്നേഹം അനുഭവിക്കുന്നതിനാൽ ഗാസയിലെ തിരുക്കുടുംബ ഇടവദേവാലയത്തിലെ അംഗങ്ങളും, അഭയാർഥികളായി എത്തിയിരിക്കുന്ന എഴുനൂറോളം ആളുകളും പ്രതീക്ഷയോടെയാണ് മുൻപോട്ടു പോകുന്നതെന്ന് ഫാ. റോമാനെല്ലി സാക്ഷ്യപ്പെടുത്തി.
ഗാസയുടെ മുനമ്പിൽ എങ്ങും സുരക്ഷിതമല്ലാത്ത അവസ്ഥയിൽ യേശുവിന്റെ സാന്നിധ്യവും, മുഴുവൻ സഭയുടെയും സാമീപ്യവും ശക്തി പകരുന്നതുകൊണ്ടാണ് ധൈര്യപൂർവം ദേവാലയത്തിൽ അഭയം പ്രാപിക്കുന്നതെന്നുകൂടി ഫാ.ഗബ്രിയേൽ റോമാനെല്ലി കൂട്ടിച്ചേർത്തു.ഈ സുരക്ഷിതത്വം അവർക്കു ലഭിക്കുന്നതുകൊണ്ട് ലോകസമാധാനത്തിനു വേണ്ടി അവർ ഒന്നിച്ചു പ്രാർത്ഥിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഹമാസ് ആക്രമണം നടത്തിയ ദിവസം മുതൽ, യുദ്ധഭീതിയിൽ കഴിയുന്ന ആളുകളുമായി ഫ്രാൻസിസ് പാപ്പാ എല്ലാ ദിവസവും ആശയവിനിമയം നടത്തുന്നു.പാപ്പാ അവർക്ക് ആശീർവാദം നൽകുകയും, സമാധാനത്തിനായി പ്രാർത്ഥിക്കണമെന്ന് ഓർമ്മിപ്പിക്കുകയും ചെയ്യുന്നു. രാവിലെയും, ഉച്ചയ്ക്കും വിശുദ്ധകുർബാനയിൽ പങ്കെടുക്കുകയും, നിരന്തരമായി ജപമാല ചൊല്ലി പ്രാർത്ഥിക്കുകയും ചെയ്യുന്നു.
ഹമാസ് ആക്രമണവും ഇസ്രായേൽ ബോംബാക്രമണവും ആരംഭിച്ച് ഒരു മാസത്തിന് ശേഷം വിശുദ്ധ നാട്ടിൽ ആശങ്കകൾ വർധിക്കുന്നുവെന്ന് ഫാദർ ഇബ്രാഹിം ഫാൽറ്റാസ് പറഞ്ഞു.ഇങ്ങനെ തുടർന്നാൽ വിശുദ്ധനാട്ടിൽ ഒരു ക്രിസ്ത്യാനിയും അവശേഷിക്കില്ല എന്ന മുന്നറിയിപ്പും അദ്ദേഹം നൽകുന്നു.
ക്രിസ്തുമസിന് ഒരു മാസം മുമ്പ്, ബെത്‌ലഹേം തീർഥാടകരാൽ നിറഞ്ഞിരുന്ന അവസ്ഥയിൽ നിന്നും വ്യത്യസ്തമായി ഇത്തവണ ഇവിടെ നിന്ന് ഓടിപ്പോകുന്നതല്ലാതെ മറ്റൊന്നും അവർ ചിന്തിക്കുന്നില്ല എന്നും ഫാ.ഫാൽറ്റാസ് അടിവരയിട്ടു. ദൈവനാമത്തിൽ വെടിനിർത്തലിനുള്ള ആഹ്വാനവും വിശുദ്ധ നാടിന്റെ സംരക്ഷണ ചുമതലയുള്ള ഫാ.ഇബ്രാഹിം ഫാൽറ്റാസ് നടത്തുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: