ഇസ്രായേൽ-പാലസ്തീന യുദ്ധം: പത്തുലക്ഷത്തോളം കുട്ടികൾക്ക് ആവശ്യത്തിന് ജലം ലഭിക്കുന്നില്ലെന്ന് യൂണിസെഫ്
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി
ആയിരക്കണക്കിന് ജീവനുകളെടുത്ത ഇസ്രായേൽ പാലസ്തീന യുദ്ധം ഒരു മാസത്തിലധികമായി അതിരൂക്ഷമായി തുടരുമ്പോൾ, ഗാസ പ്രദേശത്ത് അധിവസിക്കുന്ന പത്തുലക്ഷത്തോളം കുട്ടികൾക്ക് ആവശ്യത്തിന് ജലം ലഭിക്കുന്നില്ലെന്ന് ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി യൂണിസെഫ്. നവംബർ എട്ടിന് യൂണിസെഫ് പുറത്തുവിട്ട പത്രക്കുറിപ്പിലൂടെയാണ്, ഗാസ പ്രദേശത്തെ ദുരിതാവസ്ഥയെക്കുറിച്ച് ഐക്യരാഷ്ട്രസഭാസംഘടന അറിയിച്ചത്.
ഗാസയിൽ യൂണിസെഫിന്റെ സഹായത്തോടെ, ഉപ്പുവെള്ളം ശുദ്ധീകരിക്കുന്ന ഒരു ഫാക്ടറി പ്രവർത്തിക്കുന്നുണ്ടെങ്കിലും അതിന്റെ പ്രവർത്തനശേഷി കുറവാണെന്നും, അതുകൂടാതെ, ഗാസയിൽ നിലവിൽ നിലനിൽക്കുന്ന ഇന്ധനലഭ്യതക്കുറവ് മൂലം പ്രതിസന്ധി നേരിടുകയാണെന്നും യൂണിസെഫ് വിശദീകരിച്ചു. ഇതിന്റെ ശരിയായ പ്രവർത്തനത്തിന് ആവശ്യമുള്ളത്ര ഇന്ധനം ലഭ്യമാക്കണമെന്ന് യൂണിസെഫ് ആവശ്യപ്പെട്ടു.
ഇപ്പോഴത്തെ സാഹചര്യങ്ങൾക്ക് പരിഹാരമുണ്ടാകുവാനായി, അടിയന്തിര വെടിനിറുത്തൽ പ്രഖ്യാപിക്കണമെന്നും, ഗാസായിലേക്ക് മാനവികസഹായങ്ങൾ എത്തിക്കുന്നതിനുള്ള അനിയന്ത്രിത അനുമതി ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട ശിശുക്ഷേമനിധി, തട്ടിക്കൊണ്ടുപോകപ്പെട്ട എല്ലാ കുട്ടികളെയും ഉടൻ സുരക്ഷിതമായി വിട്ടയക്കണമെന്ന് പ്രസ്‌താവനയിലൂടെ അഭ്യർത്ഥിച്ചു.
ഇസ്രായേലിൽ ഹമാസ് പ്രവർത്തകർ അതിക്രമിച്ച് കയറുകയും, മിസൈൽ അടക്കമുള്ള ആയുധങ്ങൾ ഉപയോഗിച്ചുള്ള അക്രമങ്ങൾ അഴിച്ചുവിടുകയും ചെയ്‌തതിനെത്തുടർന്ന് ആരംഭിച്ച ഇസ്രായേൽ-പാലസ്തീൻ യുദ്ധത്തിൽ മരണം പതിനായിരം കടന്നതായാണ് റിപ്പോർട്ടുകൾ.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: