കർദിനാൾ പിയെത്രോ പരോളിൻ കർദിനാൾ പിയെത്രോ പരോളിൻ   (ANSA)

കാലാവസ്ഥാ വ്യതിയാനത്തിനെതിരെ അടിയന്തര നടപടി വേണമെന്ന് വിവിധ മതനേ

COP28 ഉച്ചകോടിക്ക് മുന്നോടിയായി അബുദാബിയിൽ വച്ച് നടന്ന വിവിധ മതനേതാക്കളുടെ യോഗം കാലാവസ്ഥാ വ്യതിയാനത്തിനെതിരെ അടിയന്തര നടപടി വേണമെന്ന ആവശ്യം മുൻനിർത്തിയുള്ള അഭ്യർത്ഥനയിൽ ഒപ്പുവച്ചു

ഫാ.ജിനു ജേക്കബ്,വത്തിക്കാൻ സിറ്റി, ക്രിസ്റ്റഫർ വെൽസ് - അബുദാബി

ദുബായിൽ വച്ചു നടക്കാനിരിക്കുന്ന COP28 ഉച്ചകോടിക്ക് മുന്നോടിയായി അബുദാബിയിൽ വച്ച് നടന്ന വിവിധ മതനേതാക്കളുടെ യോഗം കാലാവസ്ഥാ വ്യതിയാനത്തിനെതിരെ അടിയന്തര നടപടി വേണമെന്ന ആവശ്യം മുൻനിർത്തിയുള്ള അഭ്യർത്ഥനയിൽ ഒപ്പുവച്ചു.അൽ-അസ്ഹറിലെ ഗ്രാൻഡ് ഇമാമിന്റെ പ്രതിനിധി പ്രൊഫസർ മുഹമ്മദ് അൽ-ദുവൈനിയും, വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയെത്രോ പരോളിനും ചേർന്നാണ് മുപ്പതോളം വരുന്ന  മതനേതാക്കളുടെ പ്രതിനിധി സംഘത്തെ നയിച്ചത്.

ഊർജ സംക്രമണം ത്വരിതപ്പെടുത്താനും, ഭൂമിയെ സംരക്ഷിക്കാനും, പ്രകൃതിയുമായി ഇണങ്ങി പുനചംക്രമണജീവിത മാതൃകകളിലേക്ക് നീങ്ങാനും അഭ്യർത്ഥനയിൽ  ആഹ്വാനം ചെയ്യുന്നു.ജൂത, ബുദ്ധ, സിഖ്, ഹിന്ദു നേതാക്കളും മറ്റ് പ്രധാന മതങ്ങളുടെ നേതാക്കളും സംഗമത്തിൽ പങ്കുചേർന്നു. രേഖയിൽ ഒപ്പുവയ്ക്കുന്നതിനു മുൻപ് നേതാക്കളെല്ലാവരും ചേർന്ന് യുണൈറ്റഡ് അറബ് എമിറേറ്റ്‌സിന്റെ ദേശീയ വൃക്ഷമായ   ഗാഫ് വൃക്ഷം നട്ടുപിടിപ്പിച്ചതും മാതൃകയായി.തുടർന്ന് രേഖ COP28 ന്റെ നിയുക്ത പ്രസിഡന്റ് സുൽത്താൻ അൽ ജാബറിന് നേതാക്കൾ കൈമാറി. മതാന്തര സംഗമം COP28 ഉച്ചകോടിക്ക് ഏറെ പ്രാധാന്യം നൽകുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ദൈവത്തിന്റെ സൃഷ്ടിയെ പരിപാലിക്കാനുള്ള ധാർമ്മിക കടമ, കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതിന് ഒരുമിച്ച് പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകത, കാലാവസ്ഥാ വ്യതിയാന പ്രതിസന്ധിയുടെ അടിയന്തിരത, കാലാവസ്ഥാ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് നിർണ്ണായക നടപടി സ്വീകരിക്കേണ്ടതിന്റെ ആവശ്യകത എന്നിവ ഉൾപ്പെടെ പൊതുവായ വിഷയങ്ങൾ സംഗമത്തിൽ ചർച്ച ചെയ്യപ്പെട്ടു.ജീവിതശൈലിയിൽ വരുത്തുന്ന മാറ്റങ്ങളിലൂടെ കാലാവസ്ഥാപ്രതിസന്ധിക്ക് പരിഹാരം കാണുവാൻ സാധിക്കുമെന്ന് കർദിനാൾ പിയെത്രോ പരോളിൻ പറഞ്ഞു.

പാരിസ്ഥിതിക പ്രതിസന്ധിയുടെ മൂലകാരണങ്ങളായി അത്യാഗ്രഹവും സ്വാർത്ഥതയുമാണ് നേതാക്കൾ എല്ലാവരും ചൂണ്ടിക്കാണിച്ചത്. - പ്രത്യേകിച്ച് കാലാവസ്ഥാ വ്യതിയാനത്തിന്റെ വലിയ ഉത്തരവാദിത്തം വഹിക്കുന്ന സമ്പന്ന രാജ്യങ്ങളോട് - പ്രതിസന്ധിയിൽ നിന്ന് ആനുപാതികമായി ബാധിക്കുന്ന ദരിദ്ര രാജ്യങ്ങളെ സഹായിക്കാൻ പ്രതിജ്ഞാബദ്ധരാകുവാനും പ്രതിനിധിയോഗം  ആഹ്വാനം ചെയ്തു.

ലോകജനസംഖ്യയുടെ 80%-ലധികവും ചില മതവിശ്വാസികൾ ആയതുകൊണ്ട്  തങ്ങളുടെ സമൂഹങ്ങളിൽ കാലാവസ്ഥാ പ്രശ്‌നങ്ങളെക്കുറിച്ച് അവബോധം വളർത്താൻ മതനേതാക്കൾക്കുള്ള സുപ്രധാന ഉത്തരവാദിത്വവും യോഗം എടുത്തുപറഞ്ഞു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

08 November 2023, 19:26