തിരയുക

സങ്കീർത്തനചിന്തകൾ - 51 സങ്കീർത്തനചിന്തകൾ - 51 

അനുതപിക്കുന്ന ഹൃദയവും ദൈവത്തിന്റെ കരുണയും

വചനവീഥി: അൻപത്തിയൊന്നാം സങ്കീർത്തനം - ധ്യാനാത്മകമായ ഒരു വായന.
അൻപത്തിയൊന്നാം സങ്കീർത്തനം - ഒരു വിചിന്തനം - ശബ്ദരേഖ

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

ഏഴ് അനുതാപസങ്കീത്തനങ്ങളിലെ (സങ്കീ. 6, 32, 38, 51, 102, 130, 143) പ്രധാന ഗീതമായ അന്പത്തിയൊന്നാം സങ്കീർത്തനം, പാപം മൂലം വ്യക്തിജീവിതത്തിലും സമൂഹജീവിതത്തിലുമുണ്ടാകുന്ന അസ്വസ്ഥതകൾ നീങ്ങുന്നതിനായുള്ള പ്രാർത്ഥനയാണ്. ദാവീദ് ബെത്‌ഷെബായെ പ്രാപിച്ചതിനുശേഷം അവനെ നാഥാൻ പ്രവാചകൻ സന്ദർശിച്ചപ്പോൾ ദാവീദ് ആലപിച്ചത് എന്ന തലക്കെട്ടിൽ ഈ അനുതാപകീർത്തനം രചിക്കപ്പെടാനുള്ള കാരണം വ്യക്തമാകുന്നുണ്ട്. സാമുവലിന്റെ രണ്ടാം പുസ്തകം പതിനൊന്നും പന്ത്രണ്ടും അദ്ധ്യായങ്ങളിൽ, ദാവീദിന്റെ പാപവും, അതിനെത്തുടർന്ന് നാഥാൻ പ്രവാചകൻ ദൈവത്താൽ അയക്കപ്പെട്ട്, ദാവീദിനെ കുറ്റപ്പെടുത്തുന്ന സംഭവവും നാം വായിക്കുന്നുണ്ട്. താൻ കഠിനമായ പാപമാണ് ചെയ്‌തിരിക്കുന്നത്‌ എന്നും, പാപമോചനത്തിന് അർഹതയില്ലാത്ത തനിക്ക്, ദൈവത്തിന്റെ കരുണയ്ക്കായി യാചിക്കാൻ മാത്രമേ സാധിക്കൂ എന്നും ബോധ്യമുണ്ടായ ദാവീദ് അനുതപിച്ച് കർത്താവിന്റെ കരുണയ്ക്കായി അപേക്ഷിക്കുന്നു. തന്റെ ഹൃദയത്തിലെ കറകൾ മായിച്ചുകളഞ്ഞ് വെണ്മയുള്ള ഹൃദയം തിരികെ നൽകണമെന്നും, വീണ്ടും ഉടമ്പടിയുടെ ദൈവമായ കർത്താവുമായുള്ള സ്നേഹബന്ധത്തിലേക്ക് തിരികെ വരാൻ അനുഗ്രഹിക്കണമേയെന്നുമാണ് ദാവീദ് പ്രാർത്ഥിക്കുക. പഴയനിയമത്തിൽ, കരുണയുള്ള ഒരു ദൈവത്തിന്റെ മുഖം ഏറ്റവും മനോഹരമായി വിവരിക്കുന്ന ഭാഗങ്ങളിൽ ഒന്നാണ് അൻപത്തിയൊന്നാം സങ്കീർത്തനം. ഹൃദയം നുറുങ്ങിയ അനുതാപത്തോടെയും, ആത്മാർത്ഥമായ നന്ദിയോടെയുമുള്ള ബലിയർപ്പണങ്ങളാണ് ദൈവത്തിന് സ്വീകാര്യമെന്നും സങ്കീർത്തനം നമ്മെ ഓർമ്മിപ്പിക്കുന്നു.

പാപമോചനത്തിനായുള്ള പ്രാർത്ഥന

സങ്കീർത്തനത്തിന്റെ ഒന്ന് മുതൽ എട്ടുവരെയുള്ള വാക്യങ്ങൾ ഉൾക്കൊള്ളുന്ന ഒന്നാമത്തെ ഭാഗത്ത്, തന്റെ പാപങ്ങളിൽനിന്നുള്ള മോചനത്തിനായി, നിർമ്മലമായ ഒരു ഹൃദയം തിരികെ ലഭിക്കുന്നതിനായി അപേക്ഷിക്കുന്ന ദാവീദിനെയാണ് നാം കാണുക. തന്റെ തെറ്റിന്റെ പൊറുതി അപേക്ഷിക്കുന്ന യാന്ത്രികമായ ഒരു പ്രവൃത്തിയല്ല ഇത്, മറിച്ച് ദൈവത്തിന്റെ വിശ്വസ്‌തതയും കാരുണ്യവും ലോകത്തിന് മുന്നിൽ ഏറ്റുപറഞ്ഞ് സാക്ഷ്യപ്പെടുത്തൽ കൂടിയാണ് ഇവിടെ ദാവീദ് നടത്തുന്നത്. തന്റെ പാപത്തെക്കാൾ വലുതാണ് ദൈവത്തിന്റെ കാരുണ്യമെന്ന് സങ്കീർത്തകൻ ആദ്യവാക്യത്തിൽത്തന്നെ ഏറ്റുപറയുന്നു: "ദൈവമേ, അങ്ങയുടെ കാരുണ്യത്തിനൊത്ത് എന്നോടു ദയ തോന്നണമേ! അങ്ങയുടെ കാരുണ്യാതിരേകത്തിനൊത്ത് എന്റെ അതിക്രമങ്ങൾ മായിച്ചുകളയേണമേ!" (സങ്കീ. 51, 1). പാപക്കറകൾ കഴുകി മനുഷ്യഹൃദയത്തെ വിശുദ്ധിയിലേക്ക് തിരികെ കൊണ്ടുവരുവാൻ കാരുണ്യവാനായ ദൈവത്തിന് മാത്രമേ സാധിക്കൂ. തന്റെ അതിക്രമങ്ങളും പാപവും എപ്പോഴും ദാവീദിന്റെ മനഃസാക്ഷിയുടെ മുന്നിൽ ഒരു മുറിവായി നിൽക്കുന്നുണ്ട് (സങ്കീ. 51, 2).

ഉറിയായുടെ മരണവും ബെത്‌ഷെബായുമൊത്തുള്ള പാപവും സാമൂഹികമായ ഒരു തെറ്റുമാത്രമല്ല, ദൈവമനുഷ്യബന്ധത്തിൽ വലിയ മുറിവുകൂടിയാണ് സൃഷ്ടിക്കുന്നത് എന്ന് ദാവീദ് തിരിച്ചറിയുന്നുണ്ട്. അതുകൊണ്ടുതന്നെയാണ്, "അങ്ങേക്കെതിരായി, അങ്ങേക്ക് മാത്രമെതിരായി, ഞാൻ പാപം ചെയ്തു; അങ്ങയുടെ മുൻപിൽ ഞാൻ തിന്മ പ്രവർത്തിച്ചു; അതുകൊണ്ട് അങ്ങയുടെ വിധിനിർണ്ണയത്തിൽ അങ്ങ് നീതിയുക്തനാണ്; അങ്ങയുടെ വിധിവാചകം കുറ്റമറ്റതാണ്" (സങ്കീ. 51, 4) എന്ന് ദാവീദ് ഏറ്റുപറയുന്നത്. പാപം ഉള്ളിൽ സൃഷ്ടിക്കുന്ന അപകർഷതാബോധവും ഈ സങ്കീർത്തനവാക്യങ്ങളിൽ നമുക്ക് കാണാം. "പാപത്തോടെയാണു ഞാൻ പിറന്നത്; അമ്മയുടെ ഉദരത്തിൽ ഉരുവായപ്പോഴേ ഞാൻ പാപിയാണ്" (സങ്കീ. 51, 5), എന്ന വാക്യം, ഉത്ഭവപാപത്തെക്കുറിച്ചോ, ഒരു വ്യക്തിപരമായ പാപപ്രവൃത്തിയെക്കുറിച്ചോ എന്നതിനേക്കാൾ, പാപം നിറഞ്ഞ ഒരു സാമൂഹികസ്ഥിതിയെക്കുറിച്ചാണ് പ്രതിപാദിക്കുന്നത്. തന്റെ ജീവിതസാഹചര്യങ്ങൾ കൂടിയാണ് തന്നിൽ പാപം വേരുപിടിക്കാൻ കാരണമായതെന്ന് ദൈവത്തിന് മുൻപിൽ ദാവീദ് ഏറ്റുപറയുന്നു. ദൈവം മനുഷ്യരിൽ പ്രതീക്ഷിക്കുന്ന ഹൃദയപരാമർത്ഥത തന്നിൽ ഉണ്ടാകാൻവേണ്ടി, തന്റെ ഉള്ളിൽ ജ്ഞാനം പകരണമേയെന്നും, ഹിസോപ്പുകൊണ്ട് തന്നെ പവിത്രീകരിച്ച് നിർമ്മലനാക്കി, മഞ്ഞിനേക്കാൾ വെണ്മയുള്ളവനാക്കി മാറ്റണമേയെന്നും ദാവീദ് പ്രാർത്ഥിക്കുന്നു. പഴയനിയമത്തിൽ, ആദ്യ പെസഹാ ആഘോഷത്തിന്റെ അവസരത്തിലും (പുറപ്പാട് 12, 22), കുഷ്ഠരോഗിയുടെ ശുദ്ധീകരണ അവസരത്തിലും (ലേവ്യർ 14, 4) ഹിസോപ്പുകമ്പ് രക്തത്തിൽ മുക്കി തളിക്കുന്നതിനെക്കുറിച്ചും, അശുദ്ധിയിൽനിന്ന് മനുഷ്യരെ ശുദ്ധീകരിക്കാനായി ഹിസോപ്പ് ശുദ്ധീകരണജലത്തിൽ മുക്കി തളിക്കുന്നതിനെക്കുറിച്ചും (സംഖ്യ 19, 18) നാം വായിക്കുന്നുണ്ട്.

വിശുദ്ധിയിലൂടെ പുതുജീവിതത്തിലേക്ക്

ഒൻപത് മുതൽ പതിനഞ്ച് വരെയുള്ള വാക്യങ്ങൾ ഉൾക്കൊള്ളുന്ന, സങ്കീർത്തനത്തിന്റെ  രണ്ടാം ഭാഗത്ത്, പാപമോചനത്തിന് വേണ്ടി ദൈവത്തോട് അപേക്ഷിക്കുന്നതിന് പിന്നിലുണ്ടാകേണ്ട യഥാർത്ഥ കാരണം നമുക്ക് കാണാം. ദൈവത്തിന്റെ അനന്തമായ കാരുണ്യവും സ്നേഹവും മനുഷ്യരിൽ ചൊരിയുന്ന പാപമോചനം, മനുഷ്യജീവിതത്തെ മാറ്റങ്ങളിലേക്കും, ദൈവവുമായുള്ള കൂടുതൽ അടുത്ത ബന്ധത്തിലേക്കും നയിക്കണം. അതുകൊണ്ടുതന്നെയാണ് "ദൈവമേ, നിർമ്മലമായ ഹൃദയം എന്നിൽ സൃഷ്ടിക്കണമേ! അചഞ്ചലമായ ഒരു നവചൈതന്യം എന്നിൽ നിക്ഷേപിക്കണമേ" (സങ്കീ. 51, 10) എന്ന് ദാവീദ് അപേക്ഷിക്കുന്നത്. പാപം മനുഷ്യനെ ദൈവസന്നിധിയിൽനിന്നും എന്നന്നേക്കുമായി തള്ളിക്കളഞ്ഞേക്കാമെന്നും, അവനിലെ ആത്മാവിനെ ദൈവം തിരികെയെടുത്തേക്കാമെന്നും സങ്കീർത്തകൻ ഭയക്കുന്നു (സങ്കീ. 51, 11). എന്നാൽ കർത്താവിന്റെ കാരുണ്യമുണ്ടെങ്കിൽ, രക്ഷയുടെ സന്തോഷം തനിക്ക് തിരികെ ലഭിക്കുമെന്നുള്ള പ്രതീക്ഷയും അവനിലുണ്ട് (സങ്കീ. 51, 12).

കർത്താവിന്റെ കാരുണ്യത്തിലൂടെ ഉണ്ടാകുന്ന പുതുജീവിതവും ഹൃദയനൈർമല്യതയും, മറ്റുള്ളവർക്ക് ഇതേ പാതയിലൂടെ തിരികെ ദൈവത്തിലേക്ക് നടന്നടുക്കാനുള്ള ഒരു മാതൃകയായി വയ്ക്കാൻ സങ്കീർത്തകൻ ആഗ്രഹിക്കുന്നുണ്ട്. അതുകൊണ്ടുതന്നെയാണ്, "അപ്പോൾ അതിക്രമികളെ ഞാൻ അങ്ങയുടെ വഴി പഠിപ്പിക്കും; പാപികൾ അങ്ങയിലേക്ക് തിരിച്ചുവരും" (സങ്കീ. 51, 13) എന്ന് ദാവീദ് എഴുതുക. രക്തപാതകത്തിൽനിന്ന് എന്നെ രക്ഷിക്കണമേയെന്ന് തന്റെ രക്ഷയുടെ ദൈവമായ കർത്താവിനോട് അപേക്ഷിക്കുന്ന ദാവീദ്, താൻ അനുഭവിച്ച ദൈവത്തിന്റെ രക്ഷയെ ഉച്ചത്തിൽ പ്രകീർത്തിക്കുമെന്നും ദൈവം തന്റെ അധരങ്ങൾ തുറന്നാൽ തന്റെ നാവ് ദൈവത്തിന്റെ സ്‌തുതികൾ ആലപിക്കുമെന്നും ഉറപ്പുനൽകുന്നു (സങ്കീ. 51, 14-15). ദൈവം നൽകുന്ന കാരുണ്യവും അവന്റെ അനുഗ്രഹങ്ങളും ലോകത്തിന് മുൻപിൽ സാക്ഷ്യമായി മാറേണ്ടതുണ്ട്.

ദൈവത്തിന് സ്വീകാര്യമായ ബലി

ബലിയർപ്പണവുമായി ബന്ധപ്പെട്ട ചിന്തകൾ അടങ്ങിയവയാണ് പതിനാറ് മുതൽ പത്തൊൻപത് വരെയുള്ള വാക്യങ്ങൾ. യാന്ത്രികവും, ആചാരപരവും മാത്രമായ ബലിയർപ്പണം ദൈവത്തിന് സ്വീകാര്യമല്ലെന്നും, ദഹനബലികൾ ദൈവത്തെ സന്തോഷിപ്പിക്കുകയില്ലെന്നുമുള്ള ചിന്തകൾ സങ്കീർത്തനവാക്യങ്ങൾ ഉയർത്തുന്നുണ്ട് (സങ്കീ. 51, 16). എന്നാൽ എപ്രകാരമുള്ള മനോഭാവത്തോടെയും ഹൃദയവിചാരങ്ങളോടെയുമായിരിക്കണം യഥാർത്ഥത്തിൽ ബലിയർപ്പണം നടക്കേണ്ടത് എന്ന ഒരു ചിന്തയിലേക്ക് നയിക്കാനാണ് ദാവീദ് ഇങ്ങനെ എഴുതുക. "ഉരുകിയ മനസ്സാണ് ദൈവത്തിനു സ്വീകാര്യമായ ബലി; ദൈവമേ, നുറുങ്ങിയ ഹൃദയത്തെ അങ്ങ് നിരസിക്കുകയില്ല" (സങ്കീ. 51, 17), എന്ന വാക്യങ്ങൾ ഇതാണ് വ്യക്തമാക്കുന്നത്. തന്റെ തെറ്റുകളെക്കുറിച്ചുള്ള അനുതാപത്തിൽനിന്നുയരുന്ന പ്രാർത്ഥനയുടെയും, താൻ അനുഭവിച്ച ദൈവകാരുണ്യത്തിനുള്ള നന്ദിയുടെയും പ്രതിഫലനമായിരിക്കണം ബലിയർപ്പണം. തകർക്കപ്പെട്ടശേഷം പുനർനിർമ്മിക്കപ്പെട്ട ജെറുസലേം ദേവാലയത്തിലെ ബലിയർപ്പണങ്ങളുടെ പ്രാധാന്യവും, അനുരഞ്ജനത്തിന്റെയും ഐക്യത്തിന്റെയും ഇടമാകുന്നതിൽ ഈ ദേവാലയത്തിനുള്ള പ്രാധാന്യവും എടുത്തുകാട്ടാൻവേണ്ടി പിന്നീട് കൂട്ടിച്ചേർക്കപ്പെട്ടവയായിരിക്കാം   സങ്കീർത്തനത്തിന്റെ അവസാന രണ്ടു വാക്യങ്ങൾ എന്നാണ് പല വിശുദ്ധഗ്രന്ഥ പണ്ഡിതരും കരുതുന്നത്. ബലികൾ അർപ്പിക്കപ്പെടേണ്ടത് ഹൃദയത്തിന്റെ അൾത്താരകളിൽനിന്നുകൂടിയാണ്.

സങ്കീർത്തനം ജീവിതത്തിൽ

അനുതാപചിന്തകൾ ഉള്ളിലുണർത്തുന്ന അൻപത്തിയൊന്നാം സങ്കീർത്തനം, ദൈവത്തോടോത്തുള്ള നിർമ്മലമായ ജീവിതം നൽകുന്ന ആനന്ദത്തിലേക്കും, ഹൃദയത്തിൽ ഉയരേണ്ട ആരാധനയുടെയും സ്‌തുതിയുടെയും ഭാവത്തിലേക്കുമാണ് നമ്മുടെ ശ്രദ്ധ ക്ഷണിക്കുന്നത്. പാപം എത്രമാത്രം നമ്മെ ദൈവത്തിൽനിന്ന് അകറ്റുന്നുവെന്ന ബോധ്യം ഉള്ളിലുണ്ടായെങ്കിലേ, ദൈവത്തോടൊപ്പമുള്ള ജീവിതത്തിന്റെ ആനന്ദത്തിന്റെ ഓർമ്മകൾ വീണ്ടും ഉള്ളിൽ ഉയരുമ്പോഴേ, അനുതാപത്തിലേക്കും, ഒരു വീണ്ടെടുപ്പിന്റെ അനുഭവത്തിലേക്കും നമുക്കെത്താനാകൂ. ഇന്നലെകളെ ദൈവം ഉള്ളിൽ നിറയ്ക്കുന്ന ജ്ഞാനത്തോടെ വിശകലനം ചെയ്‌ത്‌, കുറവുകളും വീഴ്ചകളും തിരിച്ചറിഞ്ഞ്, ഇരുളിന്റെ പാതകൾ കൈവെടിഞ്ഞ്, ദൈവസ്നേഹത്തിലേക്ക് തിരികെവരാൻ ഈ സങ്കീർത്തനവാക്യങ്ങൾ നമ്മെ ക്ഷണിക്കുന്നുണ്ട്. അനുതാപത്തോടെ ദൈവസന്നിധിയിൽ കുറവുകൾ ഏറ്റുപറയാനും, അവന്റെ അതിരുകളില്ലാത്ത സ്നേഹവും കാരുണ്യവും ഹൃദയത്തിൽ സ്വീകരിച്ച്, യഥാർത്ഥ ആനന്ദം അനുഭവിക്കാനും, ദൈവത്തിന് സ്വീകാര്യമായ ബലിയായി ജീവിതമർപ്പിക്കാനും ദാവീദിനെപ്പോലെ നമുക്കും സാധിക്കട്ടെ.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

05 December 2023, 15:04