വഞ്ചകരും നീതിമാന്മാരും ദൈവത്തിന് മുൻപിൽ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി
അക്രമികളും ശക്തരുമായ മനുഷ്യരുടെ അഹങ്കാരത്തിനെതിരെയുള്ള ദാവീദിന്റെ വാക്കുകൾ ഉൾക്കൊള്ളുന്ന ഗീതമാണ് അൻപത്തിരണ്ടാം സങ്കീർത്തനം. ദാവീദ് അഹിമെലെക്കിന്റെ വീട്ടിൽ ചെന്ന വിവരം ഏദോമ്യനായ ദോയഗ് സാവൂളിനോട് പറഞ്ഞപ്പോൾ ചെയ്‌തത് എന്ന വിശദീകരണത്തോടെ, ഗായകസംഘനേതാവിന് ദാവീദ് നൽകുന്ന പ്രബോധനാഗീതമാണ് ഇത്. സാമുവേൽ പ്രവാചകന്റെ പുസ്‌തകം 21, 22 അദ്ധ്യായങ്ങളിൽ ഇതുസംബന്ധിച്ച വിശദീകരണം നമുക്ക് കാണാം. ദാവീദിന് സഹായമേകിയതിന്റെ പേരിൽ സാവൂൾ, പുരോഹിതനായ അഹിമെലെക്കിനെ ഉൾപ്പെടെ എൺപത്തിയഞ്ചുപേരെ വധിച്ച സംഭവമാണ് അവിടെ നാം കാണുന്നത്. അഹങ്കാരികളും അക്രമികളുമായ മനുഷ്യർ ദൈവത്തിന്റെ ശിക്ഷാവിധിയാണ് തങ്ങളുടെമേൽ വരുത്തിവയ്ക്കുന്നത്. എന്നാൽ ദൈവത്തിൽ മാത്രം അഭയവും ആശ്രയവും കണ്ടെത്തുന്ന നീതിമാന്മാർക്ക്, തങ്ങളുടെ ശത്രുക്കളുടെ വീഴ്‌ചയിൽ ആനന്ദിക്കാൻ അവസരം ലഭിക്കുമെന്ന് സങ്കീർത്തനം ഓർമ്മിപ്പിക്കുന്നു. നീതിമാൻ ദൈവത്തിന്റെ ഭവനത്തിൽ തഴച്ചുവളരുമെന്ന്, അവന് അനുഗ്രഹങ്ങൾ ലഭിക്കുമെന്ന് ദാവീദ് സാക്ഷ്യപ്പെടുത്തുന്നു.
ദുഷ്ടരായ മനുഷ്യരുടെ പ്രവൃത്തികൾ
സങ്കീർത്തനത്തിന്റെ ഒന്ന് മുതൽ നാലു വരെയുള്ള വാക്യങ്ങളിൽ തിന്മ പ്രവർത്തിക്കുന്ന ദുഷ്ടരും ശക്തരുമായ മനുഷ്യർക്കെതിരെയുള്ള ദാവീദിന്റെ വാക്കുകളാണ് നാം കാണുക: "ശക്തനായ മനുഷ്യാ, ദൈവഭക്തർക്കെതിരെ ചെയ്ത ദുഷ്ടതയിൽ നീ എന്തിനഹങ്കരിക്കുന്നു? ദിവസം മുഴുവനും നീ വിനാശം നിരൂപിക്കുന്നു; വഞ്ചകാ, നിന്റെ നാവു മൂർച്ചയുള്ള ക്ഷൗരക്കത്തി പോലെയാണ്. നന്മയെക്കാൾ തിന്മയും, സത്യത്തേക്കാൾ വ്യാജവും നീ ഇഷ്ടപ്പെടുന്നു. വഞ്ചന നിറഞ്ഞ നാവേ, വിനാശകരമായ വാക്കുകളാണ് നിനക്ക് ഇഷ്‌ടം" (സങ്കീ. 52, 1-4). ദാവീദ് അഹിമലെക്കിന്റെ അരികിൽ സഹായത്തിനായി അപേക്ഷിച്ച് എത്തുമ്പോൾ സാവൂളിന്റെ ഇടയപ്രമാണിയും ഏദോമ്യനുമായ ദോയെഗ് അവിടെയുണ്ടായിരുന്നു. പിന്നീട് ദാവീദിനെതിരെ സാവൂളിന് വിവരം കൊടുക്കുന്നത് ദോയെഗാണ്. അഹിമലെക്കിനെ ഉൾപ്പെടെയുള്ള എൺപത്തിയഞ്ചു പേരെ സാവൂളിന്റെ ആജ്ഞപ്രകാരം വധിക്കുന്നതും ഇതേ ദോയെഗാണ്. ദോയെഗിന്റെ പ്രവൃത്തി ദൈവഭക്തർക്കെതിരായ ദുഷ്ടതയായിരുന്നുവെന്ന് ദാവീദ് കുറ്റപ്പെടുത്തുന്നു. ഒറ്റിക്കൊടുക്കുക മാത്രമല്ല, അവൻ അതിൽ അഹങ്കരിക്കുകയും ചെയ്‌തുവെന്നാണ് ദാവീദ് പറയുക. യുദ്ധത്തിനായി പരിശീലനം ലഭിച്ചിട്ടില്ലാത്ത പുരോഹിതരെ കൊല്ലുന്ന ദോയെഗിനെ "ശക്തനായ മനുഷ്യാ" എന്ന് ദാവീദ് വിളിക്കുന്നത് പരിഹാസത്തോടെയാണ്. ശക്തനായ ദൈവത്തിന് മുൻപിൽ ദോയെഗിന്റെ കരുത്തിന് നിലനിൽപ്പില്ല. തിന്മ നിറഞ്ഞ ഒരു ഹൃദയത്തിന്റെ ഉടമയായതിനാലാണ് ദൈവഭക്തർക്കെതിരെ അവൻ സാക്ഷ്യം നൽകിയത്. തിന്മയും വ്യാജവും ഇഷ്ടപ്പെടുന്നവനാണ് ദോയെഗെന്ന വാക്കുകളിലൂടെ തന്റെ കുറ്റപ്പെടുത്തലിനെ ദാവീദ് വിശദീകരിക്കുന്നുണ്ട്.
ദുഷ്ടനുള്ള ദൈവശിക്ഷയും നീതിമാന്മാരും
ദൈവം ദുഷ്ടന് നൽകുന്ന ശിക്ഷയെക്കുറിച്ചാണ് സങ്കീർത്തനത്തിന്റെ അഞ്ചാം വാക്യം പറയുന്നത്: "ദൈവം നിന്നെ എന്നേക്കുമായി തകർക്കും. നിന്റെ കൂടാരത്തിൽനിന്ന് അവിടുന്ന് നിന്നെ വലിച്ചെടുത്തു ചീന്തിക്കളയും; ജീവിക്കുന്നവരുടെ നാട്ടിൽനിന്ന് നിന്നെ അവിടുന്ന് വേരോടെ പിഴുതുകളായും" (സങ്കീ. 52, 5). നല്ലവനായ ദൈവത്തിന്റെ അനുഗ്രഹങ്ങൾ എന്നേക്കും നിലനിൽക്കുന്നതുപോലെ, ദുഷ്ടർക്കെതിരെയുള്ള അവിടുത്തെ ശിക്ഷയും എന്നേക്കും നിലനിൽക്കും. തനിക്ക് സഹായമേകിയ പുരോഹിതർ വധിക്കപ്പെടാൻ കാരണക്കാരനായ ദുഷ്ടനായ ദോയെഗിനെതിരെയുള്ള ദാവീദിന്റെ പ്രാർത്ഥനകൂടിയാണ് ഈ വാക്കുകളിൽ നാം കാണുക. തിന്മ ചെയ്യുന്ന മനുഷ്യർ ദൈവാനുഗ്രഹങ്ങളുടെയും ദൈവത്തിന്റെ സംപ്രീതിയുടെയും ഇടത്തുനിന്ന് പുറത്താക്കപ്പെടുമെന്ന് സങ്കീർത്തനം ഓർമ്മിപ്പിക്കുന്നു. തങ്ങളുടെ ദുഷ്പ്രവൃത്തികളാൽ തങ്ങളുടെ തന്നെ വിധിയാണ് അവർ നേടുന്നത്. ഒരു മരം അതിന്റെ വേരോടെ പിഴുതുമാറ്റപ്പെട്ടാൽ, നശിച്ചുപോകുന്നതുപോലെ ദൈവം ദുഷ്ടനെ ജീവിക്കുന്നവരുടെ നാട്ടിൽനിന്ന് പിഴുതുകളയുമെന്ന് സങ്കീർത്തകൻ എഴുതുന്നു.
ദുഷ്ടർക്കെതിരെ കർത്താവ് തന്റെ നീതിയനുസരിച്ച് പ്രവർത്തിക്കുമ്പോൾ, കർത്താവിൽ വിശ്വസിച്ച് അവന്റെ പാതയിൽ ചരിക്കുന്ന നീതിമാന്മാർ എപ്രകാരമായിരിക്കും പ്രതികരിക്കുകയെന്ന് സങ്കീർത്തനത്തിന്റ ആറും ഏഴും വാക്യങ്ങൾ വിശദീകരിക്കുന്നു: "നീതിമാൻമാർ അതുകണ്ടു ഭയപ്പെടും; അവനെ പരിഹസിച്ച് അവർ പറയും; ഇതാ, ദൈവത്തിൽ ശരണം വയ്ക്കാത്ത മനുഷ്യൻ; സ്വന്തം സമ്പത്സമൃദ്ധിയിൽ വിശ്വാസമർപ്പിച്ചവൻ; അക്രമത്തിൽ അഭയം തേടിയവൻ" (സങ്കീ. 52. 6-7). ദുഷ്ടനും ചതിയനുമായ ദോയെഗിനെ ദൈവം ശിക്ഷിക്കുന്നത് ദൈവജനത്തിനും നീതിമാന്മാർക്കും ആശ്വാസമാണുളവാക്കുക. ദുഷ്ടർക്കെതിരെയുള്ള ശിക്ഷ ദൈവഭക്തരും നീതിമാന്മാരുമായ മനുഷ്യർ ഒരു ഉദ്‌ബോധനമായാണ് സ്വീകരിക്കുന്നത്. അവർ ദൈവത്തെയും അവന്റെ ശിക്ഷയെയും ഭയപ്പെടുകയും തങ്ങൾക്ക് അതുപോലെയൊരു ശിക്ഷയ്ക്കുള്ള സാദ്ധ്യതകൾ ഒഴിവാക്കുവാൻ പരിശ്രമിക്കുകയും ചെയ്യുന്നു. ദൈവത്തിൽ ശരണം വയ്ക്കാത്തതിനാലും, സ്വന്തം സമ്പത്സമൃദ്ധിയിൽ വിശ്വാസമർപ്പിച്ച്, അക്രമത്തിന്റെ മാർഗ്ഗം തേടുന്നതിനാലുമാണ് ദോയെഗ് ഉൾപ്പെടെയുള്ള ദുഷ്ടരായ മനുഷ്യർ തിന്മ പ്രവർത്തിക്കുന്നതെന്ന് കൂടി ദാവീദ് വ്യക്തമാക്കുന്നണ്ട്. താൻ നൽകിയ സമ്മാനങ്ങളെക്കുറിച്ച് സാവൂൾ പറയുമ്പോഴാണ് ദോയെഗ് ദാവീദിനും അനുചരന്മാർക്കും സഹായമേകിയ പുരോഹിതരെ ഒറ്റുകൊടുക്കുന്നതെന്നത്, അവന്റെ സാമ്പത്തിനോടുള്ള മനോഭാവം കൂടി വ്യക്തമാക്കുന്നുണ്ട്.
ദൈവാനുഗ്രഹങ്ങളും ദാവീദും
സങ്കീർത്തനത്തിന്റെ എട്ടാം വാക്യത്തിൽ, തന്നെക്കുറിച്ചുതന്നെയുള്ള ദാവീദിന്റെ വിശ്വാസമാണ് നാം കാണുക: "ദൈവത്തിന്റെ ഭവനത്തിൽ തഴച്ചുവളരുന്ന ഒലിവുമരം പോലെയാണ് ഞാൻ; ദൈവത്തിന്റെ കാരുണ്യത്തിൽ ഞാൻ എന്നേക്കും ആശ്രയിക്കുന്നു" (സങ്കീ. 52, 8). ദൈവത്തിന്റെ കരുണയിൽ ആശ്രയിച്ച്, അവന്റെ സാന്നിദ്ധ്യത്തിൽ ജീവിക്കുന്നതാണ് തനിക്ക് അനുഗ്രഹമായി മാറുന്നതെന്ന് ദാവീദ് എഴുതുന്നു. മതിയായ സംരക്ഷണം ലഭിച്ചാൽ ദീർഘകാലം നിലനിൽക്കുകയും ഫലം നൽകുകയും ചെയ്യുന്ന ഒലിവുമരം പോലെയാണ് ദൈവഹിതത്തോട് ചേർന്ന് ജീവിക്കുന്നവർ.
"അങ്ങ് നൽകിയ അനുഗ്രഹങ്ങളെപ്രതി ഞാൻ എന്നേക്കും അവിടുത്തോടു നന്ദി പറയും; അങ്ങയുടെ ഭക്തരുടെ മുൻപിൽ ഞാൻ അങ്ങയുടെ നാമം പ്രകീർത്തിക്കും; എന്തന്നാൽ അത് ശ്രേഷ്ഠമാണ്" (സങ്കീ. 52, 9) എന്ന വാഗ്ദാനത്തോടെയാണ് ദാവീദ് സങ്കീർത്തനം അവസാനിപ്പിക്കുന്നത്. ശത്രുവിന്റെ തിന്മ അവസാനിക്കാത്തപ്പോഴും, ദൈവം തന്റെ ഭക്തർക്ക് നന്മകളും അനുഗ്രഹങ്ങളും വർഷിക്കുമെന്ന ഉറപ്പോടെയാണ് ദാവീദ്, ദൈവനാമം പ്രകീർത്തിക്കുമെന്ന വാഗ്ദാനം നൽകുന്നത്. അനുഗ്രഹങ്ങളെകുന്ന ദൈവത്തിന്റെ തിരുനാമം പ്രകീർത്തിക്കുന്നത് ശ്രേഷ്ഠമായ പ്രവൃത്തിയാണെന്നും സങ്കീർത്തനം ഉദ്ബോധിപ്പിക്കുന്നു.
സങ്കീർത്തനം ജീവിതത്തിൽ
തിന്മയും ദുഷ്ടതയും കർത്താവിന്റെ ശിക്ഷയിലേക്ക് നമ്മെ നയിക്കുമെന്നും, നിഷ്കളങ്കരുടെ ജീവിതത്തെ ഇല്ലാതാക്കുന്ന വിനാശവും വഞ്ചനയും നിറഞ്ഞ വാക്കുകൾ, ജീവന്റെ നാട്ടിൽനിന്ന് ദൈവം നമ്മെ പിഴുതെറിയാൻ കാരണമാകുമെന്നും സങ്കീർത്തനം ഓർമ്മിപ്പിക്കുന്നു. ദൈവത്തിൽ ശരണം വച്ച്, അവനെ യഥാർത്ഥ സമ്പത്തായി തിരിച്ചറിഞ്ഞ്, അവനിൽ അഭയം തേടി ജീവിച്ചാൽ, ശരിയായ സംരക്ഷണം ലഭിച്ച്, തഴച്ചുവളരുന്ന ഒലിവുമരം പോലെ ദീർഘകാലം ദൈവഭവനത്തിൽ വാഴാമെന്നും, നീതിമാനും കാരുണ്യവാനുമായ ദൈവത്തിന്റെ അനുഗ്രഹങ്ങൾ നേടാനാകാനുമെന്നും സങ്കീർത്തനം നമ്മെ ഉദ്ബോധിപ്പിക്കുന്നുണ്ട്. നമ്മുടെ സമൂഹങ്ങളിൽ തിന്മ പ്രവർത്തിക്കുന്നവർ നിലനിൽക്കുമ്പോഴും, അവരുടെ തിന്മയുടെ ഫലങ്ങൾ നാം അനുഭവിക്കേണ്ടിവരുമ്പോഴും, ദൈവം നീതിമാനാണെന്ന ബോധ്യത്തിൽ, അവന്റെ അനുഗ്രഹങ്ങളുടെ പ്രതീക്ഷയിൽ ജീവിക്കാനും, ലോകത്തിന് മുൻപിൽ അവന്റെ തിരുനാമം പ്രകീർത്തിക്കാനും നമുക്ക് സാധിക്കട്ടെ. അവസാനവിജയം എന്നും നന്മയുടേതാണ് എന്ന ബോധ്യം നമ്മിൽ ആഴപ്പെടട്ടെ.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: