ഉക്രൈയിനിൽ വിശ്വാസ നാളങ്ങൾ കൂടുതൽ തെളിയുന്നു ഉക്രൈയിനിൽ വിശ്വാസ നാളങ്ങൾ കൂടുതൽ തെളിയുന്നു 

ഉക്രൈയിനിൽ യുദ്ധം പ്രത്യാശയുടെ തിരിനാളം അണച്ചിട്ടില്ലെന്ന് ഫ്രാൻസിസ്ക്കൻ വൈദികൻ!

ഉക്രൈയിനിലെ ഫ്രാൻസിസ്ക്കൻ പ്രൊവിൻഷ്യാൾ ബെനെഡിക്ട് സ്വിദേർസ്കി വത്തിക്കാൻ വാർത്താവിഭാഗത്തോട് സംസാരിക്കുന്നു.

 ഫെദെറീക്കൊ പ്യാന - ജോയി കരിവേലി, വത്തിക്കാൻ സിറ്റി

യുദ്ധം പിച്ചിച്ചീന്തിയിരിക്കുന്ന ഉക്രൈയിനിൽ തിരുപ്പിറിവിയിലേക്കുള്ള പ്രയാണം പ്രത്യാശയോടെ മുന്നേറുന്നുവെന്ന് അന്നാട്ടിലെ ഫ്രാൻസിസ്ക്കൻ പ്രൊവിൻഷ്യാൾ ബെനെഡിക്ട് സ്വിദേർസ്കി.

മുൻവർഷങ്ങളെ അപേക്ഷിച്ച് ചെലവ് ചുരുക്കിയാണെങ്കിലും ക്രിസ്തുമസ്സ് ദീപാലങ്കാരങ്ങളും മറ്റും ഉണ്ടാകുമെന്ന് ഫാദർ സ്വിദേർസ്കി പറഞ്ഞു.  യുദ്ധക്കെടുതികൾ തിരുപ്പിറവി അതിൻറെ യഥാർത്ഥ ചൈതന്യത്തോടെ ആചരിക്കാൻ തങ്ങളെ പ്രാപ്തരാക്കുന്നുവെന്നും ഒരു പാർപ്പിടമില്ലാതെ ഒരു കാലിത്തൊഴുത്തിൽ പിറന്നുവീണ ക്രിസ്തു അനുഭവിച്ച ആ ദാരിദ്ര്യം ഇപ്പോൾ ഉപരിമെച്ചപ്പെട്ട രീതിയിൽ തങ്ങൾക്കു മനസ്സിലാക്കാൻ കഴിയുന്നുവെന്നും  വത്തിക്കാൻ വാർത്താവിഭാഗത്തോട് സംസാരിക്കവെ അദ്ദേഹം കൂട്ടിച്ചേർത്തു.

ഈ തിരുപ്പിറവിയാഘോഷത്തിലേക്കുള്ള പ്രയാണം കൂടുതൽ വേദനാപൂരിതമാണെന്നിരിക്കിലും വിശ്വാസികളുടെ അനുദിന ജീവിതത്തിൽ പ്രാർത്ഥന പ്രാഥമ്യം നേടുന്നുണ്ടെന്നും അവരുടെ പ്രാർത്ഥനാ ജീവിതനിലവാരം ഉയർന്നുവെന്നും ഫാദർ സ്വിദേർസ്കി പറഞ്ഞു. 

ജൂലിയൻ പഞ്ചാംഗം പിൻചെന്നുകൊണ്ട് ജനുവരി 7-ന് തിരുപ്പിറവിത്തിരുന്നാൾ ആചരിച്ചുപോരുന്ന ഉക്രൈയിനിലെ ഓർത്തൊഡോക്സ് സഭയും ഗ്രീക്ക് കത്തോലിക്കാസഭയും  ഇക്കൊല്ലം ലത്തീൻ സഭയോടു ചേർന്ന് ഡിസമ്പർ 25-ന് ഈ തിരുന്നൾ ആചരിക്കാൻ തീരുമാനിച്ചിരിക്കയാണ്. ഈ തീരുമാനം ഐക്യത്തിൻറെയും പ്രായോഗിക ക്രൈസ്തവ അനുരഞ്ജനത്തിൻറെയും അടയാളമാണെന്ന് ഫാദർ സ്വിദേർസ്ക്കി സന്തുഷ്ടി പ്രകടിപ്പിച്ചു.      


 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

12 December 2023, 16:50