അനീതിയും അക്രമവും യുദ്ധവും വിശുദ്ധ നാടിനെ ഉലയ്ക്കുന്ന പ്രലോഭനങ്ങൾ, വൈദികൻ പാറ്റൺ.
ജോയി കരിവേലി
വിശുദ്ധ നാടിനെ അലട്ടുന്ന അനീതിയും അക്രമവും യുദ്ധവും അവസാനിക്കുന്നതിനായി പ്രാർത്ഥിക്കണമെന്ന് വിശുദ്ധനാടിൻറെ സംരക്ഷണച്ചുമതലയുള്ള ഫ്രാൻസീസ്ക്കൻ വൈദികൻ ഫ്രാൻചെസ്കൊ പാറ്റൺ.
യേശുവിൻറെ ജ്ഞാനസ്നാനത്തിരുന്നാൾ ദിനമായിരുന്ന ഞായറാഴ്ച, ജോർദ്ദാൻറെ കിഴക്കെ തീരപ്രദേശമായ അൽ മഗ്ത്താസിൽ അർപ്പിച്ച ദിവ്യബലി മദ്ധ്യേയാണ് അദ്ദേഹം ഈ അഭ്യർത്ഥന നടത്തിയത്.
യേശുവിൻറെ മാമ്മോദീസാ നടന്ന സ്ഥലത്തു നിന്നു ഏതാനും വാര അകലെയും യേശു പ്രലോഭിപ്പിക്കപ്പെട്ട സ്ഥലത്തിനടുത്തും ആണ് ഈ ദിവ്യബലി അർപ്പിക്കപ്പെടുന്നതെന്ന് അനുസ്മരിച്ചുകൊണ്ട് ഫാദർ പാറ്റൺ വിശ്വാസത്തിൽ സ്ഥിരീകരിക്കപ്പെടുന്നതിനും പ്രലോഭനങ്ങളിൽ നിന്ന് സംരക്ഷിക്കപ്പെടുന്നതിനും വേണ്ടി പ്രാർത്ഥിക്കേണ്ടതിൻറെ ആവശ്യകത ചൂണ്ടിക്കാട്ടി.
അനീതിയും അക്രമവും യുദ്ധവും ഇന്ന് വിശുദ്ധ നാടിനെ അലട്ടുന്ന പ്രലോഭനങ്ങളാണെന്ന് അദ്ദേഹം എടുത്തു പറഞ്ഞു. ഗാസയിൽ നടക്കുന്ന യുദ്ധം മൂലം സഞ്ചാരസ്വാതന്ത്ര്യം പരിമിതപ്പെടുത്തപ്പെട്ടിരിക്കയാണെങ്കിലും നൂറുകണക്കിനാളുകൾ വിശുദ്ധകുർബ്ബാനയിൽ പങ്കുകൊണ്ടു. ഈ ദിവ്യബലിയുടെ അവസാനം ഫാദർ പാറ്റൺ ജറുസലേമിലെ ഒരു കുടുംബത്തിലെ ഒരു കുട്ടിയായ നിക്കൊളാസ് ജോണിനെ സ്നാനപ്പെടുത്തുകയും ചെയ്തു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: